
സ്വര്‍ണപ്പാളി കാണാതായതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചുമതലപ്പെടുത്തിയ അമിക്കസ്‌ക്യൂറി റിട്ട. ജസ്റ്റിസ് കെ ടി ശങ്കരന്‍ ശബരിമലയിലെ സ്വര്‍ണങ്ങളുടെ വിവര ശേഖരണം നടത്തി. ആദ്യഘട്ടമെന്ന നിലയിൽ ദേവസ്വം രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കുന്ന നടപടികളാണ് നടന്നത്. കണക്കുകളില്‍ വൈരുധ്യമുള്ളതായി കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സന്നിധാനത്തെ സ്ട്രോങ് റൂമിലെ രജിസ്റ്ററും മഹസറും പരിശോധിച്ച് വഴിപാട് സാധനങ്ങളുടെ എണ്ണവും ആധികാരികതയും തിട്ടപ്പെടുത്തുന്ന നടപടികളാണ് പൂര്‍ത്തിയായത്. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിയോട് സന്നിധാനത്ത് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയില്ല. ഹൈക്കോടതി നിർദേശമുള്ളതിനാൽ മാധ്യമങ്ങളെ സന്നിധാനത്തേക്ക് കടത്തി വിട്ടില്ല. ശബരിമല സ്പെഷ്യൽ കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അമിക്കസ് ക്യൂറി പരിശോധനകൾ നടത്തിയത്. ഇന്ന് പ്രധാന സ്ട്രോങ് റൂമായ ആറന്മുളയില്‍ പരിശോധന നടത്തും. അതിനിടെ ശബരിമലയില്‍ സത്യസന്ധമായും സുതാര്യവുമായാണ് കാര്യങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 2024ല്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും എടുത്തിട്ടുള്ളത് ബോര്‍ഡാണ്. അതിന്റെ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണ്. ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തേണ്ടതില്ല. 1998 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. ദ്വാരപാലക ശില്പങ്ങളിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കവര്‍ന്ന കേസുകളില്‍ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പാളികളിലെ സ്വര്‍ണം നീക്കിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇന്നലെ എസ്ഐടി പരിശോധന നടത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, 2019ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയ വിഷയത്തില്‍ ദേവസ്വം ബോർഡ് തീരുമാനം സെക്രട്ടറി തിരുത്തിയതിന് തെളിവ് പുറത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്ന് സെക്രട്ടറി എഴുതിച്ചേര്‍ക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂർണ ചെലവിലും ഉത്തരവാദിത്തത്തിലും നവീകരണം നടത്തണമെന്നും ദേവസ്വം കമ്മിഷണറുടെ മേല്‍നോട്ടം വേണമെന്നുമാണ് ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ പറയുന്നത്. എന്നാല്‍ സെക്രട്ടറി ജയശ്രീ ഇറക്കിയ ഉത്തരവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളി കൈമാറണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.