2002ല്‍ ബിജെപി കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചുവെന്നാണ് കഴിഞ്ഞദിവസം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ രണ്ടാം കമാന്‍ഡന്റുമായ അമിത് ഷാ പറഞ്ഞത്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ള ഏറ്റവും രക്തരൂക്ഷിതമായ കലാപത്തെ ഇത്ര നാണം കെട്ട രീതിയില്‍ ബിജെപിയും അമിത് ഷായും ന്യായീകരിക്കുന്നത് ഇത് ആദ്യമായല്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് സഹായം ലഭിച്ചിരുന്നുവെന്നും എന്നാല്‍ 2002ല്‍ ബിജെപി സര്‍ക്കാര്‍ അവരെ ഒരു പാഠം പഠിപ്പിച്ചുവെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഗാന്ധിയുടെ ജന്മനാടാണെങ്കിലും ഗുജറാത്ത് എന്നും വര്‍ഗീയതയ്ക്ക് വളക്കൂറുള്ള മണ്ണായിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനം. ഇന്ത്യാവിഭജനത്തിന് ശേഷം രാജ്യത്തെ വലിയ ഹിന്ദു-മുസ്‍ലിം കലാപം നടന്നത് ഗുജറാത്തിലാണ്. 1969 സെപ്തംബര്‍-ഒക്ടോബര്‍ കാലഘട്ടത്തില്‍ ആരംഭിച്ച കലാപങ്ങളുടെ പരമ്പര 1989ലെ ഭഗല്‍പുര്‍ കലാപത്തോടെയാണ് അവസാനിച്ചത്. ഇതില്‍ ആദ്യത്തെ കലാപത്തില്‍ മാത്രം 430 മുസ്‍ലിങ്ങളും 24 ഹിന്ദുക്കളും തിരിച്ചറിയാത്ത 58 പേരും കൊല്ലപ്പെട്ടു. അക്കാലത്ത് കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിച്ചതെന്നത് സത്യമാണ്. എന്നാല്‍ 1995ല്‍ ബിജെപി അധികാരത്തിലേറിയ ശേഷമുണ്ടായ 2002ലെ കലാപം രാജ്യത്തെ തന്നെ ഏറ്റവും വലിയ വര്‍ഗീയ കലാപത്തിന്റെ ഗണത്തിലാണ് ഉള്ളത്. 2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്നും അഹമ്മദാബാദിലേക്ക് വരികയായിരുന്ന സബര്‍മതി എക്സ്പ്രസ് ഗോധ്ര റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് നീചമായ ഈ കൂട്ടക്കുരുതിക്കുള്ള കളമൊരുങ്ങിയത്. കച്ചവടക്കാര്‍ക്ക് പണം നല്‍കാൻ ട്രെയിനിലുണ്ടായിരുന്ന ഹിന്ദു സന്യാസിമാര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ ആരോ ട്രെയിനിന് തീയിടുകയായിരുന്നു. നാല് കോച്ചുകള്‍ അഗ്നിക്കിരയായതോടെ കര്‍സേവകര്‍ ഉള്‍പ്പെടെ 58 പേര്‍ കൊല്ലപ്പെട്ടു. ഗോധ്ര കൂട്ടക്കൊല സംസ്ഥാനത്തെയാകമാനം ചുട്ടെരിക്കാനുള്ള നീക്കത്തിന്റെ തുടക്കം മാത്രമായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
തീവ്ര ഹിന്ദു സ്വഭാവമുള്ള ആര്‍എസ്എസ് ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഗുജറാത്തിലെമ്പാടും മുസ്‍ലിങ്ങള്‍ ആക്രമിക്കപ്പെട്ടു. കൊച്ചു കുഞ്ഞുങ്ങളും ഗര്‍ഭിണികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ ഭൂരിഭാഗവും ക്രൂരമായ കൂട്ട ബലാ ത്സംഗങ്ങള്‍ക്കൊടുവിലാണ് കൊല്ലപ്പെട്ടത്. മുസ്‍ലിം ആയി ജനിച്ച് പോയതിന്റെ പേരില്‍ മാത്രം ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ ഭിത്തിയിലടിച്ചും നിലത്തെറിഞ്ഞുമെല്ലാം കൊലചെയ്യപ്പെട്ടു. രണ്ടായിരത്തിലേറെ പേരാണ് ആകെ കൊല്ലപ്പെട്ടതെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഹിന്ദുക്കളും മുസ്‍ലിങ്ങളും തമ്മിലുള്ള കലാപമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നതെങ്കിലും ഭരണകൂടത്തിന്റെ അനുമതി ഇതിനുണ്ടായിരുന്നുവെന്ന് തെളിഞ്ഞതാണ്. അമിത് ഷാ ഇപ്പോള്‍ പറഞ്ഞത് മുഖവിലയ്ക്കെടുക്കാമെങ്കില്‍ സാമൂഹ്യവിരുദ്ധരെയും അക്രമികളെയും അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്കുള്ള കളമൊരുക്കിയത്.
മുസ്‍ലിം സമുദായത്തിലുള്ളവരാണ് അന്ന് ഏറ്റവുമധികം കൊല്ലപ്പെട്ടത്. ആ കൂട്ടക്കുരുതിയെയാണ് അമിത് ഷാ ന്യായീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായല്ല, അമിത് ഷാ ഗുജറാത്ത് കലാപത്തിന്റെ പേര് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. നവംബര്‍ 22ന് ബനസ്കന്തയില്‍ നടന്ന റാലിക്കിടയിലും വെള്ളിയാഴ്ച ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടന്ന പൊതുയോഗങ്ങളില്‍ ഷാ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ചിരുന്നു. നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയും ഇപ്പോള്‍ ജയില്‍ മോചിതനാകുകയും ചെയ്ത മനോജ് കുക്രാനിയുടെ മകള്‍ പായല്‍ കുക്രാനിക്ക് വേണ്ടി നരോദയില്‍ പ്രചരണം നടത്തിയപ്പോഴും വര്‍ഗീയ കലാപങ്ങളിലൂടെ ഗുജറാത്ത് നശിപ്പിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ആണെന്നാണ് അമിത് ഷാ പറയുന്നത്. ചരിത്രത്തെ വളച്ചൊടിക്കല്‍ ബിജെപി ഏറെ നാളായി ചെയ്യുന്നതാണ്. എന്നാല്‍ തങ്ങളുടെ മേല്‍ എക്കാലവും തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാളായ ഗുജറാത്ത് കലാപത്തെയും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. എന്ന് മാത്രമല്ല, കലാപത്തെ തങ്ങള്‍ക്കനുകൂലമാക്കി വോട്ട് തേടുന്നതിലൂടെ അന്ന് കൊല്ലപ്പെട്ടവരുടെ മാംസത്തില്‍ വീണ്ടും മുറിവേല്‍പിക്കുകയാണ് 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ബിജെപി ചെയ്യുന്നത്. അമിത്ഷാ കുറ്റസമ്മതം നടത്തുകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.