3 March 2025, Monday
KSFE Galaxy Chits Banner 2

സാമ്പത്തിക സർവേ എന്ന അസംബന്ധ നാടകം

Janayugom Webdesk
February 1, 2025 5:00 am

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്തുവച്ച 2024–25 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് രാജ്യം നേരിടുന്ന സാമ്പത്തിക സംക്ഷേപം അടുത്ത സാമ്പത്തിക വർഷത്തിലും തുടരുമെന്ന സൂചനയാണ് നൽകുന്നത്. മൊത്ത ദേശീയ വരുമാനത്തിൽ (ജിഡിപി) മാന്ദ്യവും തൽഫലമായി സമ്പദ്ഘടനയിൽ നിരവധി വെല്ലുവിളികളും ഉയർന്നേക്കാമെന്ന ആശങ്കയും ശക്തമാണ്. വരുംകൊല്ലത്തെ ജിഡിപി വളർച്ചാനിരക്ക് 6.3 — 6.8ൽ പരിമിതപ്പെട്ടേക്കുമെന്നാണ് സർവേ കണക്കാക്കുന്നത്. 2023–24ൽ ജിഡിപി വളർച്ച 8.2 ആയിരുന്നത് നടപ്പ് വർഷത്തിൽ 6.4 ആയി ചുരുങ്ങിയിരുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ ആ പ്രവണത അടുത്തവർഷവും തുടരുമെന്ന സൂചനയാണ് സർവേ നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരനും സംഘവുമാണ് സർവേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 2024 ജനുവരിയിൽ നാഗേശ്വരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘ഇന്ത്യൻ സമ്പദ്ഘടന: ഒരു അവലോകന’ത്തിൽ ഇക്കൊല്ലം ഏഴ് ശതമാനമോ അതിലധികമോ വളർച്ച കൈവരിക്കുമെന്ന് പ്രവചിച്ചിരുന്നു. 2025 സാമ്പത്തിക വർഷം യഥാർത്ഥ വളർച്ച അതിലും മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സർവേ അതിൽ നിന്നും വ്യത്യസ്തമായ ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളിലെ ഏറ്റവും താണ വളർച്ചാനിരക്കാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലം തുറന്നുകാട്ടുന്നത് രാജ്യത്തിന്റെ ക്ലേശകരമായ സാമ്പത്തിക യാഥാർത്ഥ്യത്തെയാണ്. വസ്തുത അതായിരിക്കെ, സാമ്പത്തികമാന്ദ്യത്തിന്റെ നടുവിലും ജിഡിപി വളർച്ചാനിരക്ക് 6.3 — 6.8 ശതമാനം തോതിൽ പിടിച്ചുനിൽക്കുമെന്ന പ്രതീക്ഷ വച്ചുപുലർത്താനുള്ള ശ്രമമാണ് സർവേ നൽകുന്നത്.

ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് 48 മണിക്കൂർ മുമ്പ്, മോഡി സർക്കാരിന്റെ പ്രഥമ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി 2014 മുതൽ 18 വരെ പ്രവർത്തിച്ചിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ സമകാലിക ഇന്ത്യൻ സമ്പദ്ഘടനയെപ്പറ്റി നടത്തിയ നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. ഇപ്പോൾ വാഷിങ്ടൺ ഡിസിയിലെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്സിൽ സീനിയർ ഫെലോയായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം ‘ഇന്ത്യൻ സമ്പദ്ഘടന ഇപ്പോൾ ഒരു രംഗത്തും മെച്ചപ്പെട്ട അവസ്ഥയിലല്ല’ എന്ന അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്. സമ്പദ്ഘടനയിൽ ഇപ്പോൾ പ്രകടമായ മാന്ദ്യം താല്‍‌ക്കാലികമോ ഹ്രസ്വകാല പ്രതിഭാസമോ അല്ലെന്നും, അത് ഘടനാപരമായ ഒന്നാണെന്നും നിരീക്ഷിക്കുന്നു. മോഡി സർക്കാർ സമ്പദ്ഘടനയെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പ്രശ്നത്തിന്റെ കാതൽ. പ്രശ്നങ്ങളെ നേരിടുന്ന സർക്കാരിന്റെ രീതിയിൽ മൗലികമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ സാമ്പത്തികനയങ്ങളിൽ ആഴത്തിലുള്ള പുനഃപരിശോധനയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ആവശ്യപ്പെടുന്നത്. സർക്കാർ ഇപ്പോൾ സാമ്പത്തിക രംഗത്ത് നടപ്പാക്കുന്നതൊന്നും പ്രവർത്തനക്ഷമമോ ഫലപ്രദമോ അല്ല. സാമ്പത്തിക രംഗത്തെ കൈകാര്യം ചെയ്യുന്നരീതി മാതൃകയോ സൃഷ്ടിപരമോ അല്ലെന്ന് സുബ്രഹ്മണ്യൻ വിലയിരുത്തുന്നു. ജിഡിപി വളർച്ചയെപ്പറ്റിയുള്ള എല്ലാ അവകാശവാദങ്ങൾക്കും അപ്പുറം ജനങ്ങളുടെ ഉപഭോഗശേഷി ദീർഘകാലമായി നാമമാത്രമായ മൂന്ന് ശതമാനത്തിൽ അധികരിക്കുന്നില്ല. അത് സൂചിപ്പിക്കുന്നത് ജനങ്ങളുടെ വരുമാനത്തിലും വളർച്ചയിലും നിലനിൽക്കുന്ന മാന്ദ്യത്തെയാണ്. രാജ്യത്ത് സ്വകാര്യ നിക്ഷേപം ദുർബലമാണ്. പ്രത്യക്ഷ വിദേശ നിക്ഷേപം തുടർച്ചയായി ഇടിയുന്നു. തൽഫലമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. വസ്തുത ഇതായിരിക്കെ ജിഡിപി വളർച്ച മാത്രം ഉയർന്നുനിൽ‌ക്കുന്നു എന്നുള്ള അവകാശവാദം അവിശ്വസനീയവും അടിസ്ഥാനരഹിതവുമാണ്. സുബ്രഹ്മണ്യൻ ഉന്നയിക്കുന്ന ഈ ചോദ്യങ്ങളും നിരത്തുന്ന വസ്തുതകളുമാണ് മോഡി സർക്കാരിന്റെ സാമ്പത്തിക സർവേയുടെ കാറ്റഴിച്ചുവിടുന്നത്.

സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ മോഡി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് നാഗേശ്വരൻ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിൽ യാതൊരു പുതുമയും ഇല്ല. ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’ എന്നതിനപ്പുറം അതിൽ സാമ്പത്തിക മാന്ദ്യത്തെയും വളർച്ചാമുരടിപ്പിനെയും മറികടക്കാൻ ഉതകുന്ന യാതൊന്നും ഇല്ല. അഭൂതപൂർവമായ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുകൾ നൽകുകവഴി ബിസിനസ് ചെലവുകൾ ഗണ്യമായി കുറയ്ക്കാമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താമെന്നും തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കാമെന്നും സർവേ നിർദേശിക്കുന്നു. ഇവിടെ മോഡി സർക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്. തങ്ങളുടെ ചങ്ങാതിക്കൂട്ടങ്ങൾക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയെയും വിപുലമായ തൊഴിൽശക്തിയെയും യഥേഷ്ടം ചൂഷണം ചെയ്യാനുള്ള അവസരം ഒരുക്കിനൽകുകയാണ് ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ വഴി മോഡി ഭരണകൂടം ചെയ്യുന്നത്. മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികൾ, കർഷകർ, തൊഴിൽരഹിതർ എന്നിവരുടെ ചെലവിൽ അതിസമ്പന്ന കോർപറേറ്റുകൾക്കും വരേണ്യ മധ്യവർഗത്തിനും നികുതി ഇളവുകളും നിയന്ത്രണങ്ങൾ ഏതുമില്ലാത്ത തൊഴിൽചൂഷണത്തിനും രാഷ്ട്രസമ്പത്ത് കൊള്ളയടിക്കാനുമുള്ള അവസരവും സൃഷ്ടിക്കുന്ന ഒരു ബജറ്റിന് വഴിയൊരുക്കുകയാണ് സാമ്പത്തിക സർവേ എന്ന അസംബന്ധ നാടകം.

TOP NEWS

March 3, 2025
March 3, 2025
March 3, 2025
March 3, 2025
March 3, 2025
March 3, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.