11 December 2025, Thursday

Related news

July 11, 2025
April 20, 2025
March 11, 2025
February 13, 2025
January 31, 2025
November 29, 2024
November 26, 2024
November 22, 2024
October 23, 2024
October 5, 2024

സംസ്ഥാനത്ത് 200 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ കൂടി സംരക്ഷിത വനമാക്കുന്നു

പി ആര്‍ റിസിയ
തൃശൂര്‍
April 20, 2025 8:47 pm

കണ്ടൽ നശീകരണം തടയാനും കാടുകളുടെ സംരക്ഷണത്തിനുമായി സംസ്ഥാനത്ത് 200 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ കൂടി സംരക്ഷിത വനമാക്കുന്നു. എറണാകുളം പുതുവൈപ്പ്, തൃശൂരിലെ വെൺമനാട്, കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ, കടലുണ്ടി, വള്ളിക്കുന്ന്, ഇരിങ്ങൽ, കണ്ണൂരിലെ എരിഞ്ഞോളി എന്നിവിടങ്ങളിലെ കണ്ടൽക്കാടുകൾ കൂടി സംരക്ഷിത വനങ്ങളുടെ പട്ടികയിലുള്‍പ്പെട്ടു. സംരക്ഷിതവനമായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയായി ഇവയെ നിർദ്ദിഷ്ട റിസർവാക്കി വിജ്ഞാപനമിറങ്ങി. കണ്ടല്‍ വനങ്ങള്‍ ഏറ്റവുമധികമുള്ള കണ്ണൂരിലാണ് സംരക്ഷിത കണ്ടൽക്കാടും കൂടുതല്‍. 226 ഹെക്ടർ ആണ് ഇവിടെ സംരക്ഷിത കണ്ടല്‍ക്കാട്. 3.3853 ഹെക്ടര്‍ ഉള്ള തൃശൂര്‍ ഒരുമനയൂരിലാണ് ഏറ്റവും ചെറിയ സംരക്ഷിത കണ്ടല്‍വനം. ഇത് കൂടാതെ കാസർകോട് 54.695 ഹെക്ടർ സംരക്ഷിത കണ്ടല്‍വനവുമുണ്ട്. പുതിയ വിജ്ഞാപന പട്ടിക പ്രകാരം പുതുവൈപ്പില്‍ 65.83 ഹെക്ടറും വെൺമനാട് 94.77, കോഴിക്കോട് 36.437, എരിഞ്ഞോളി 2.0630 ഹെക്ടര്‍ കണ്ടല്‍ക്കാടും സംരക്ഷിത വനമാകും. 1961ലെ കേരള വനനിയമ പ്രകാരമാണ് പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള കണ്ടൽക്കാടുകളും പുറമ്പോക്കുകളും റിസർവ് വനമായി പ്രഖ്യാപിക്കുന്നത്.

നഗരവത്കരണവും കൈയേറ്റവും മുതൽ കാലാവസ്ഥാ വ്യതിയാനം വരെ നാശത്തിന് കാരമായതോടെ കണ്ടൽക്കാടുകളുടെ വ്യാപ്തി കേരളത്തിൽ 60 ശതമാനം കുറഞ്ഞു. സംസ്ഥാനത്ത് ആകെ കണ്ടൽകാടുകളുടെ ഭൂരിഭാഗവും നിലവിൽ സ്വകാര്യമേഖലയിലാണെന്നാണ് കണക്ക്. കേരളത്തിൽ കണ്ടുവരുന്ന 38 ഇനം കണ്ടലുകളില്‍ ഉപ്പട്ടി, പ്രാന്തൻ കണ്ടൽ, കണ്ണാമ്പൊട്ടി, നക്ഷത്രക്കണ്ടൽ, പൂക്കണ്ടൽ, ചക്കരക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറു ഉപ്പട്ടി, ചെറു കണ്ടൽ, വള്ളിക്കണ്ടൽ, മരക്കണ്ടൽ, ചുള്ളിക്കണ്ടൽ തുടങ്ങിയവയാണ് കൂടുതല്‍.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി മുമ്പ് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്താകെ 1000 സ്‌ക്വയർ മീറ്റന് മുകളിൽ വിസ്തൃതിയുള്ള കണ്ടൽകാടുകൾ 1798.5 ഹെക്ടർ ആണ്. ഇതില്‍ 810.75 ഹെക്ടറും കണ്ണൂര്‍ ജില്ലയിലാണ്. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളത് 792.28 ഹെക്ടർ ആണ്. സർക്കാരിന്റ കൈവശം 550.84 ഹെക്ടർ ആണുള്ളത്. സർക്കാരിന്റെയും സ്വകാര്യവ്യക്തിയുടെയും സംയുക്തമായി കൈവശമുള്ളത് 180.14 ഹെക്ടർ കണ്ടൽവനമാണ്. ഏത് പരിധിയിൽപ്പെടുമെന്ന് തീരുമാനമാകാത്ത 274.99 ഹെക്ടർ കണ്ടൽവനങ്ങളും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് രണ്ടാമതായി കണ്ടൽ കാടുകൾ കൂടുതലുള്ള എറണാകുളം ജില്ലയിലാണ്. 500 ഹെക്ടർ വിസ്തൃതിയുള്ള കണ്ടൽകാടുകളാണ് ഇവിടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.