29 December 2025, Monday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

ഭാഷാപ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം

Janayugom Webdesk
March 5, 2025 5:00 am

സംസ്ഥാനങ്ങളുടെ അവകാശത്തിൽ കടന്നുകയറാനും ജനാധിപത്യ ധ്വംസനത്തിനുമുള്ള ശ്രമങ്ങൾ ബിജെപി അധികാരത്തിലെത്തിയത് മുതൽ ശക്തമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം അവർ അതിനുപയോഗിക്കുന്നു, പ്രത്യേകിച്ച് തങ്ങൾക്ക് രാഷ്ട്രീയമായി വേരോട്ടമുണ്ടാക്കുവാൻ സാധിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ. കേരളത്തോട് കാട്ടുന്ന വിവേചനം നമ്മുടെ നേരനുഭവങ്ങളാണ്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ചില്ലിക്കാശ് പോലും സഹായിക്കാൻ മടിക്കുന്നതും സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുന്നതും അത് സംസ്ഥാന സമ്പദ്ഘടനയ്ക്കുണ്ടാക്കിയ ആഘാതവുമെല്ലാം അനുഭവിക്കുന്നവരുമാണ് നമ്മൾ. ഇതേ സമീപനങ്ങൾ തന്നെയാണ് ബിജെപിയോട് എതിർത്തു നിൽക്കുന്ന ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യഭരണം നിലവിലുള്ള തമിഴ്‌നാടിനോടും കേന്ദ്രം അനുവർത്തിക്കുന്നത്. കേരളത്തോടെന്നതുപോലെ കേന്ദ്രത്തിന്റെ രാഷ്ട്രീയ, ഭരണനയങ്ങൾ നടപ്പിലാക്കുന്നതിന് വിധേയത്വം കാട്ടുന്ന ഗവർണറെ തന്നെയാണ് അവിടെയും പ്രതിഷ്ഠിച്ചത്. കേരളത്തിലെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ തമിഴ്‌നാട് ഗവർണർ ആർ എന്‍ രവിയും അനാവശ്യമായി സർക്കാരിനോട് ഏറ്റുമുട്ടുകയും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് വിനോദമാക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിന്റെ തുടര്‍ച്ചയായാണ് ത്രിഭാഷാ പഠനം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം ശക്തമാക്കിയിരിക്കുന്നത്. അതിനെതിരെയുള്ള തമിഴ്‌നാടിന്റെ ചെറുത്തുനില്പും വാർത്തകളിൽ നിറയുകയാണ്. 

രാജ്യത്ത് ത്രിഭാഷാ സംവിധാനമാണ് നിലവിലുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയ്ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് പഠിപ്പിച്ചുവരുന്നത്. അതോടൊപ്പം പ്രത്യേക ഭാഷയിൽ താല്പര്യമുള്ളവർക്ക് അത് പഠിക്കുന്നതിനുള്ള അവസരങ്ങളും ലഭ്യമായിരുന്നു. അതേസമയം തമിഴ്‌നാട് ഹിന്ദി പഠിപ്പിക്കേണ്ടതില്ലെന്ന പരമ്പരാഗത നിലപാടിൽ ഉറ‍ച്ചുനിൽക്കുകയും ചെയ്തു. ഭരണഘടനയനുസരിച്ച് ഹിന്ദി ഔദ്യോഗിക ഭാഷയായി തീരുമാനിച്ചിരുന്നുവെങ്കിലും ഇംഗ്ലീഷ് ഔദ്യോഗിക ഉപയോഗ ഭാഷയായും നിശ്ചയിച്ചിരുന്നു. ഇംഗ്ലീഷിൽ നിന്നുള്ള പരിവർത്തനത്തിന് 15 വർഷ കാലാവധിയും വച്ചു. അതനുസരിച്ച് 1965ൽ ഹിന്ദി ഔദ്യോഗിക ഭാഷ കൂടി ആകേണ്ടതാണെങ്കിലും തമിഴ്‌നാട് അതിനെതിരെ രംഗത്തുവന്നു. ശക്തമായ ഹിന്ദി വിരുദ്ധ പ്രസ്ഥാനം തന്നെ അതിന്റെ പേരിൽ ആ സംസ്ഥാനത്തുണ്ടായി. അത് കലാപത്തിന്റെ രൂപത്തിലേക്ക് മാറുന്ന സ്ഥിതിയുമുണ്ടായി. പൊലീസ് വെടിവയ്പിലും സ്വയം തീകൊളുത്തിയും 70 പേർ മരിച്ചു. പാർലമെന്റ് ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഹിന്ദി പഠിപ്പിക്കണമെന്ന് നിർബന്ധമാക്കി 1967ലെ ഔദ്യോഗിക ഭാഷാ (ഭേദഗതി) നിയമവും 1968ലെ ഔദ്യോഗിക ഭാഷാ പ്രമേയവും അംഗീകരിച്ചപ്പോഴും പ്രക്ഷോഭമുണ്ടായി. ഇതേതുടർന്ന് 1968ൽ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സർക്കാർ ത്രിഭാഷാ ഫോർമുല നിർത്തലാക്കാനും തമിഴ്‌നാട് സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ നിന്ന് ഹിന്ദി ഒഴിവാക്കാനും ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കി. അതിനുശേഷം, സ്കൂളുകളിൽ തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ നയം സംസ്ഥാനം സ്ഥിരമായി പിന്തുടർന്നു. ഭരണകക്ഷിയായ ഡിഎംകെയും മുഖ്യ പ്രതിപക്ഷമായ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ഉൾപ്പെടെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഈ നയം മാറ്റാനുള്ള ഏതൊരു നീക്കത്തെയും എതിർത്തുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഹിന്ദിയും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കാവൂ എന്ന് വ്യവസ്ഥയുണ്ടായിരുന്ന നവോദയ വിദ്യാലയങ്ങൾ വേണ്ടെന്നുവച്ച പാരമ്പര്യവും ആ സംസ്ഥാനത്തിനുണ്ടായിരുന്നു. 

ഈ പശ്ചാത്തലത്തിൽ വേണം ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ച് സംസ്ഥാനത്തെ പ്രകോപിപ്പിക്കാനും അതിന്റെ പേരിൽ കേന്ദ്ര ധനസഹായം തടയുന്നതിനുമുള്ള ശ്രമത്തെ സമീപിക്കുവാൻ. അത്തരം ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നുവെങ്കിലും പ്രൈം മിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പിഎംഎസ്എച്ച്ആർഐ) പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം നൽകേണ്ട 2,152 കോടി രൂപയുടെ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. പദ്ധതിയിൽ ചേരുന്നതിന് സംസ്ഥാനത്തിന് വിസമ്മതമില്ലെങ്കിലും 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദി ഭാഷ പഠിപ്പിച്ചിരിക്കണമെന്ന ഉപാധിയാണ് വിഘാതമായത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനുള്ള പുതിയ നീക്കത്തോട് കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള എതിർപ്പാണ് കഴിഞ്ഞ ദിവസം ചേർന്ന സർവ കക്ഷിയോഗത്തിലുണ്ടായിരിക്കുന്നത്. ബിജെപി സഖ്യകക്ഷികൾ പോലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണ് യോഗത്തിൽ നിലപാടെടുത്തത്. ഈ സാഹചര്യത്തില്‍ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയമാണ് വിദ്യാഭ്യാസമെന്നതിനാൽ കേന്ദ്രവും സംസ്ഥാനവും ക്രിയാത്മകമായ ചർച്ചകളിലൂടെ പ്രായോഗികമായ ഒരു ഒത്തുതീർപ്പിലെത്തുകയാണ് വേണ്ടത്. ദീർഘകാലമായി ദ്വിഭാഷാ പഠനമാണ് നടപ്പിലുള്ളതെങ്കിലും മൊത്ത പ്രവേശന അനുപാതം, കൊഴിഞ്ഞുപോക്ക് നിരക്ക് കുറയ്ക്കൽ തുടങ്ങിയ പ്രധാന അളവുകോലുകളിൽ തമിഴ്‌നാട് ഇതര സംസ്ഥാനങ്ങളെക്കാൾ മികച്ചുനിൽക്കുന്നുവെന്ന വസ്തുതകൂടി പരിഗണിച്ചുള്ള തീരുമാനമാണ് കേന്ദ്രത്തിൽ നിന്നുണ്ടാകേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.