5 November 2024, Tuesday
KSFE Galaxy Chits Banner 2

മൗനത്തിന്റെ മഹാധ്യാനങ്ങൾ

ജയൻ മഠത്തിൽ
July 9, 2023 10:11 am

ഒരു തുഴവിട്ട്, കുപ്പായത്തിന് താഴെ തോലും സൂക്ഷിച്ച ഭാഗം തൊട്ടുകൊണ്ട് അവൻ ഉറപ്പിച്ചു:
“ഇക്കുറി വരും വരാതിരിക്കില്ല.”
“നാമെല്ലാം കാത്തിരിക്കുകയാണ്, ബുദ്ദു. ഓരോ വർഷവും ഈ നഗരവും കാത്തിരിക്കുന്നു. അതിനിടയിലേക്ക് ദിവസങ്ങൾ പോകുന്നു. ചുക്കാൻ വീഴുമ്പോൾ തെറിക്കുന്ന നീർപ്പോളകൾ. കാത്തിരിക്കാൻ നിനക്കൊരു ഗോരാ സാഹിബിന്റെ ഛായയുണ്ട്. നീല ഞരമ്പുകൾ തുടിക്കുന്ന ഒരു മുഖമായിരിക്കും മറ്റൊരാൾക്ക്.
കമ്പിക്കാലുകളിൽ ചായം പൂശി നടപ്പാതകളിൽ വെള്ളയും കരിമ്പടവും വിരിച്ച നഗരം കാത്തിരിക്കുന്നത് ആർക്കുവേണ്ടിയാണ് ബുദ്ദു?
നീ പ്രാർത്ഥിക്കാറുണ്ടോ, കുട്ടീ? ഈശ്വരനിൽ വിശ്വസിക്കുന്നുണ്ടോ? താഴ് വരയിൽ തനിയേ ഇരുന്നു തപസുചെയ്യുന്ന നൈനീദേവിയുടെ കൂറ്റൻ കുടമണികൾ കേട്ടു കുനിഞ്ഞ ശിരസുകളുടെ മുകളിലൂടെ നോക്കുന്നത് ആരെയാണ്?”
എം ടി യുടെ ‘മഞ്ഞി‘ലെ വിമലയുടെ ഈ വാക്കുകൾ മൗനസംഗീതം പോലെയാണ് ഞാൻ ആസ്വദിച്ചത്. സ്കൂൾ ക്ലാസിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു മഞ്ഞ് ആദ്യമായി വായിച്ചത്. പിന്നീട് എത്ര തവണ വായിച്ചുവെന്ന് ഓർമ്മയില്ല. ഒറ്റപ്പെട്ടുപോകുന്ന സന്ദർഭങ്ങളിലൊക്കെ മഞ്ഞിലേക്ക് ഞാനെന്റെ മുഖം പൂഴ്ത്തി. നൈനിറ്റാളിന്റെ തണുപ്പ് ഞാൻ അറിഞ്ഞതേയില്ല. അകംപുറം അതെന്നെ പൊള്ളിച്ചുകൊണ്ടേയിരുന്നു. ഏകാന്തതയുട നിശബ്ദ സംഗീതമാണ് എംടിയുടെ മഞ്ഞ്. കവിതപോല സുന്ദരം. ഒരു തൂവാനം പോലെ അത് നമ്മെ നനയ്ക്കും. മീന മാസത്തിലെ വെയിൽ പോലെ പൊള്ളിക്കും. നൈനിറ്റാളിന്റെ നിശബ്ദ താഴ് വാരത്തിൽ നിന്ന് കവിതയായ് അത് അരിച്ചരിച്ച് എന്നിലേക്ക് വീഴുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യരൂപം കവിതയാണെന്ന് എംടി പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ. വാനപ്രസ്ഥവും വാരണാസിയും രണ്ടാമൂഴവും ഞാൻ ആവർത്തിച്ചു വായിക്കുന്നു. കഥയിലേക്ക്, ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രികത എംടിയുടെ കൃതികളിലുണ്ട്. ഓരോ വായനയിലും പുതിയ പുതിയ ദൃശ്യങ്ങൾ വായനക്കാരനിലേക്ക് കുടഞ്ഞിടുന്ന മഹാമാന്ത്രികനായി ഒരു നറുചിരി പോലുമില്ലാതെ, വളരെ ഗൗരവക്കാരനായി എംടി മാറി നിൽക്കുന്നു. 

ദാരിദ്ര്യവും ഒറപ്പെടലിന്റെ വേദനയും അനുഭവിച്ച നാളുകളിൽ നിന്നാണ് എംടി എന്ന എഴുത്തുകാരന്റെ പിറവി. പഞ്ഞക്കർക്കിടകത്തിൽ പിറന്ന് വലിയ തറവാട്ടിൽ അനേകം അംഗങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും കുട്ടികൾ ഏകാകികളാണെന്ന തിരിച്ചറിവ്. ആ വലിയ തിരിച്ചറിവിൽ നിന്നാണ് എംടിയുടെ മിക്ക കലാസൃഷ്ടികളും പിറന്നത്. തന്റെ ഒരു യാത്രാ വിവരണത്തിന് എടി നൽകിയ പേര് ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്നാണ്. എല്ലാവരും ഉള്ളപ്പോഴും ആരുമില്ലാത്ത അവസ്ഥ. കാല്പനികതയുടെ തത്ത്വചിന്തകൻ റൂസോ വിളിച്ചു പറയുന്നുണ്ട്; ഞാൻ ഏകനാണ്. എനിക്ക് സുഹൃത്തുക്കളില്ല, സഹോദരങ്ങളില്ല, അയൽക്കാരില്ല എന്നൊക്കെ. ഒറ്റപ്പെട്ടു പോയവന്റെ നിലയ്ക്കാത്ത നിലവിളിയായിരുന്നു അത്. ആൾക്കൂട്ടത്തിൽ ഒറ്റയായി പോകുന്നവരുടെ ഏകാന്ത ഗീതമാണ് എംടിയുടെ സർഗപ്രപഞ്ചം. മഞ്ഞിലെ വിമല മാത്രമല്ല, കാലത്തിലെ സേതുവും രണ്ടാമൂഴത്തിലെ ഭീമനും നാലുകെട്ടിലെ അപ്പുണ്ണിയും അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും വാനപ്രസ്ഥത്തിലെ മാഷും വാരണാസിയിലെ കെ ജി സുധാകരനുമൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒറപ്പെടലിന്റെ വേദന മനസിൽ പേറുന്നവരാണ്. ഏകാന്ത തടവ് മരണ ശിക്ഷയേക്കാൾ കഠിനമാണ്. ഷെനെ എന്ന എഴുത്തുകാരനെ ഏകാന്ത തടവിൽ പാർപ്പിച്ചപ്പോൾ തന്റെ സാന്നിധ്യം അടുത്ത സെല്ലിലെ തടവുകാരനെ അറിയിക്കാൻ ഭിത്തിയിൽ നഖമുരച്ച് ശബ്ദവുണ്ടാക്കിയത് ഓർമ്മ വരുന്നു. മതിലുകളിലെ ബഷീറിനേയും നാരായണിയേയും ഓർമ്മ വരുന്നു. ഇതൊക്കെ ഏകാകികളുടെ നിശബ്ദ സംഗീതമായിരുന്നു. ഏകാകികളും നിഷ്കാസിതരുമായ പ്രധാന കഥാപാത്രങ്ങളെ മാത്രമല്ല ഉപകകഥാപാത്രങ്ങളെയും എംടി കൃതികളുടെ വളവിലും തിരിവിലും നമുക്ക് കണ്ടുമുട്ടാൻ കഴിയും. തന്റെ ജീവിത യാത്രയിൽ കണ്ടും അനുഭവിച്ചും പരിചയിച്ച വ്യക്തികളും സംഭവങ്ങളുമാണ് എംടി രചനയ്ക്ക് വിഷയമാക്കിയത്. ‘കഥകളേക്കാൾ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകൾ’ എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എം ടിയുടെ കഥകൾ നമ്മൾ വായിക്കുകയല്ല, അനുഭവിക്കുകയാണ് എന്ന് പറയുന്നത്. ‘ഒരു കഥ പറയുകയല്ല അനുഭവിപ്പിക്കുകയാണ്’ തന്റെ ഉദ്ദേശമെന്ന് ‘കാഥികന്റെ പണിപ്പുര’യിൽ എംടി എഴുതുന്നുണ്ട്. ഓരോ എഴുത്തുകാരനും അവനവന്റെ കൃതികളിൽ അന്വേഷിക്കുന്നത് സ്വന്തം സ്വത്വത്തെയാണ്. ആ അർത്ഥത്തിൽ തന്നിലേക്കുള്ള ഒരു തിരിഞ്ഞു നടത്തമാണ് എംടി യുടെ ഓരോ കൃതിയും. 

മലയാളിയുടെ ഭാവുകത്വപരിണാമത്തിന്റെ പതാകവാഹകനായിരുന്നു എംടി. മലയാള ചെറുകഥയും നോവലും കാല്പനികതയിൽ നിന്ന് ആധുനികതയിലേക്ക് കടക്കുന്നത് എംടിയുടെ ചിറകിലേറിയാണ്. അതുകൊണ്ടാണ് ചില നിരൂപകർ എംടിയെ ‘അവസ്ഥാന്തര ഘട്ടത്തിലെ എഴുത്തുകാരൻ’ എന്ന് വിശേഷിപ്പിച്ചത്. പുതിയ സെൻസിബിലിറ്റിയെ തിരിച്ചറിയാനുള്ള കഴിവ് എംടിയിലുണ്ടായിരുന്നു. അതിന് അദ്ദേഹത്തെ സഹായിച്ചത് വായനയുടെ വലിയ ലോകമായിരുന്നു. മാറുന്ന മനുഷ്യ ബന്ധങ്ങളെയും മാറുന്ന ലോകത്തെയും എംടി തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പത്രാധിപരുടെ മേശപ്പുറത്തേക്കു വന്നിരുന്ന പുതിയ കാലത്തിന്റെ രചനകൾ കാണാനും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വലിയ പ്രാധാന്യത്തോടെ അതൊക്കെ പ്രസിദ്ധീകരിക്കാനും എംടിക്ക് കഴിഞ്ഞത്. ഇതൊരു ചെറിയ കാര്യമായിരുന്നില്ല. നാലുകെട്ടിൽ എംടി ഇങ്ങനെ എഴുതുന്നു:
“ഈ നാലുകെട്ട് പൊളിക്കാൻ ഏർപ്പാട് ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടു മതി.”
അപ്പുണ്ണിയുടെ വാക്കുകൾ ഒരു സൂചകമാണ്. ഇത് സാഹിത്യ സൗന്ദര്യശാസ്ത്രത്തിനും ബാധകമാണ്. നിലവിലുള്ള സൗന്ദര്യബോധത്തെ തകർക്കുകയും പുതിയ ഒന്നിനെ സൃഷ്ടിക്കുകയും ചെയ്യുക എന്നത് വലിയ ജീനിയസുകൾക്കു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്. തന്റെ പത്രാധിപകസേരയിൽ ഇരുന്ന് എംടി മലയാളിയുടെ ഭാവുകത്വത്തെ പുതുക്കിപ്പണിയുകയായിരുന്നു. രാത്രിക്ക് നിശബ്ദതയും സംഗീതവുമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടതകളുടേയും വേദനാജനകമായ അവസ്ഥയിൽ, അത്താഴപ്പട്ടിണിയുടെ തീവ്രത കുട്ടിക്കാലത്ത് അറിഞ്ഞിരുന്ന എംടി നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങൾ അസാധാരണമായി കഥകളിൽ ആവിഷ്കരിച്ചാണ് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായത്. അതിൽ ജീവിതത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. ജീവിതത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തിയവരുടെ സംഘർഷഭരിതമായ യാത്രകൾ അദ്ദേഹം തന്റെ സർഗാത്മകരചനകൾക്ക് വിഷയമാക്കി. രണ്ടാമൂഴക്കാരനാവുന്നവനെ ഒന്നാമൂഴക്കാരനാക്കുന്ന മന്ത്രിക തൂലികയായിരുന്നു എംടിയുടേത്. ഭീമൻ മാത്രമല്ല, ഭ്രാന്തൻ വേലായുധനും വടക്കൻ വീരഗാഥയിലെ ചന്തുവും പഴശ്ശിരാജയിലെ കുറിച്യരും അങ്ങനെ മലയാളിയുടെ മനസിലേക്കിടം പിടിച്ചവരാണ്. മനുഷ്യാവസ്ഥയോടുള്ള മഹാധ്യാനങ്ങളായിരുന്നു എംടിയുടെ കൃതികൾ.
‘അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് താൻ എഴുതുന്നതെന്നും ആ സ്വാതന്ത്ര്യമാണ് തന്റെ അസ്തിത്വമെന്നും എംടി ‘കാഥികന്റെ പണിപ്പുര’യിൽ പറയുന്നുണ്ട്. ജീവിതത്തിന്റെയും മരണത്തിന്റെയും ദിവ്യരഹസ്യം തേടിയുള്ള യാത്രകൂടിയാണ് എംടിക്ക് എഴുത്ത്. ഏത് ശൂന്യതയ്ക്കിടയിലും പ്രതീക്ഷയുടെ ഒരു തിരിവെട്ടം ഈ എഴുത്തുകാരൻ സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ‘വെറുതെ പ്രതീക്ഷയെ തിരുപ്പിടിപ്പിച്ചു കൊണ്ടിരിക്കുക’ എന്ന് മഞ്ഞിൽ ഒരു കഥാപാത്രത്തെക്കൊണ്ട് കഥാകൃത്ത് പറയിച്ചത്. ജീവിക്കുക എന്നതിന് കാത്തിരിക്കുക എന്നൊരു നിർവചനം കൂടി എംടി നമുക്ക് തന്നു. വർത്തമാന കാലമാണ് സത്യം. മറ്റൊക്കെ അയഥാർത്ഥ്യമാണ്. 

“മരിച്ചുപോയ ഇന്നലയെച്ചൊല്ലി ജന്മമെടുക്കാത്ത നാളയെച്ചൊല്ലി എന്തിന് വിലപിക്കുന്നു? ഇന്നിന്റെ മാധുര്യം നമുക്കവശേഷിക്കുന്നു. നിറഞ്ഞ പാനപാത്രം നിന്നെ കാത്തിരിക്കുന്നു” എന്ന് ഒരു കഥാപാത്രത്തെ കൊണ്ട് (അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ ) എംടി പറയിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഈ നിമിഷത്തിൽ ജീവിക്കുക എന്ന സെൻ ദർശനത്തിന്റെ വെട്ടിത്തിളങ്ങുന്ന പ്രകാശം എംടി കൃതികളിൽ നമുക്ക് ഗ്രഹിക്കാനാവും. കാലവും മരണവും എംടിയെ അലട്ടിയ പ്രധാന വിഷയങ്ങളായിരുന്നു. മരണത്തെ രംഗബോധമില്ലാത്ത കോമാളിയായി വിശേഷിപ്പിച്ച എംടി മരണം ഒരു അസംബന്ധമാണെന്ന് പറഞ്ഞുവച്ചു. മരണവും കാലവും ആധുനിക എഴുത്തുകാരുടെ പ്രധാനപ്പെട്ട വിഷയങ്ങളായിരുന്നു. മഞ്ഞിൽ ത്രികാലങ്ങൾ മാറിമറിയുന്നത് എങ്ങനെയെന്ന് ഏറ്റവും മനോഹരമായ ഭാഷയിൽ കെ പി അപ്പൻ അവതരിപ്പിക്കുന്നുണ്ട്. കാലം പ്രധാന ഘടകമായി തീർന്നതു കൊണ്ടാണ് മഞ്ഞിന് ഇത്രമേൽ സംഗീത സൗന്ദര്യമുണ്ടായതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
മലയാള നോവൽ ശാഖയുടെ കാല്പനികതയിൽ നിന്ന് ആധുനികതയിലേക്കുള്ള ചുവടു മാറ്റം എംടി യിൽ നിന്നാണ് ആരംഭിക്കുന്നത്. എംടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹ പത്രാധിപസ്ഥാനത്തേക്കും തുടർന്ന് പത്രാധിപ സ്ഥാനത്തേക്കും വരുന്നത് നമ്മുടെ ഭാവുകത്വ പരിണാമത്തിലെ ഒരു നിർണായകഘട്ടത്തിലാണ്. ആധുനിക സാഹിത്യത്തിന്റെ വരവ് അറിയിച്ച ഒരു കാലമായിരുന്നു അത്. പത്രാധിപക്കസേരയിലിരുന്ന് എംടി അത് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ഇടപെടൽ ചരിത്രമാണ്. മാതൃഭൂമിയുടെ യാഥാസ്ഥിതിക ശീലങ്ങളെ എംടി മാറ്റിമറിച്ചു. ‘കുരുത്തംകെട്ട’ കലാസൃഷ്ടിയായ എം പി നാരായണപിള്ളയുടെ ‘ജോർജ് ആറാമന്റെ കോടതി’ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഒ വി വിജയൻ, കാക്കനാടൻ, മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു, പട്ടത്തുവിള കരുണാകരൻ, വികെഎൻ എന്നിവരുടെ കൃതികൾ പ്രസിദ്ധീകരിച്ചു. സക്കറിയയ്ക്കും വി പി ശിവകുമാറിനും കോവിലനും കെ പി അപ്പനും വി രാജകൃഷ്ണനും ആർ നരേന്ദ്രപ്രസാദിനും സാറാ ജോസഫിനും ഇടം നൽകി മലയാളിയുടെ ഭാവുകത്വ പരിസരത്തെ നവീകരിച്ചു. എം വി ദേവനും നമ്പൂതിരിയും എ എസും ആഴ്ചപ്പതിപ്പിന്റെ താളുകളിൽ വരകൾ കൊണ്ട് പുതിയ വിസ്മയം തീർത്തു. ഇതൊക്കെ പത്രാധിപക്കസേരയിലിരുന്ന് എംടി നടത്തിയ നിശബ്ദവിപ്ലവമാണ്. പുതിയ എഴുത്തുകാരെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും എംടി കാട്ടിയ തന്റേടമാണ് മലയാള സാഹിത്യത്തിലെ ഭാവുകത്വ പരിണാമത്തിന് ഗതിവേഗം കൂട്ടിയ കാരണങ്ങളിൽ ഒന്ന്. തന്റെ മുന്നിലെത്തുന്ന കലാസൃഷ്ടികൾ അതേപടി കൊടുക്കുന്ന പത്രാധിപരായിരുന്നില്ല എംടി. മൂർച്ചയേറിയ തന്റെ പേനകൊണ്ട് വേണ്ട വെട്ടിത്തിരുത്തലുകൾ നടത്തിയാണ് അദ്ദേഹം അവ പ്രസിദ്ധീകരിച്ചത്. ഫിക്ഷൻ എഡിറ്റിങ്ങിന്റെ സാധ്യതകൾ താൻ മനസിലാക്കിയത് തന്റെ ആദ്യകാല കഥകളിൽ എംടി നടത്തിയ തൂലികാ സ്പർശത്തിലൂടെയാണെന്ന് എം മുകുന്ദൻ ഓർക്കുന്നുണ്ട്. 

മലയാളിയുടെ പുണ്യമാണ് എം ടി എന്ന രണ്ടക്ഷരം. പുസ്തകങ്ങൾ വായിക്കുമ്പോൾ അവയിലെ വാക്കുകൾ മാത്രമല്ല, അവയ്ക്കിടയിലെ വെളുത്ത വിടവുകൾ പോലും നമ്മോട് സംസാരിക്കും എന്ന് എംടി പറഞ്ഞത് ഓർക്കുന്നു. എംടി തന്റെ സർഗ പ്രപഞ്ചത്തിൽ കൊത്തിവച്ച ഓരോ അക്ഷരങ്ങളും നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം അവയൊക്കെ രൂപപ്പെട്ടത് മനുഷ്യ ജീവിതത്തിന്റെ സ്ഥായീഭാവങ്ങളിൽ നിന്നാണ്. അത്തരം ചിന്തകളും വികാരങ്ങളും കാലാതിവർത്തിയാണ്. ഞാൻ വീണ്ടും മഞ്ഞിലേക്കും രണ്ടാമൂഴത്തിലേക്കും വാരണാസിയിലേക്കും പോകുകയാണ്, ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആ കൃതികളിൽ മറഞ്ഞു കിടപ്പുണ്ട്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.