1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന മലയാള ചിത്രത്തിന്റ തിരക്കഥയിലൂടെ അരങ്ങേറ്റം കുറിച്ച സിദ്ധിഖിനെ പിന്നീട് സിനിമാ പ്രേമികള്‍ കണ്ടത് ഒരു കൂട്ടുകാരനൊപ്പമാണ്. ലാല്‍. ഇരുവരുമൊന്നിച്ചപ്പോള്‍ പിന്നീടങ്ങളോട് ചിരിയുടെ മാലപ്പടക്കത്തിന് തീകൊളുത്തിയ അനുഭവമായിരുന്നു മലയാളി സിനിമാ പ്രേക്ഷകന്.
കൊച്ചിൻ കലാഭവനിൽ നിന്നും സിദ്ധിഖിനെയും ലാലിനെയും കഴിവുകൾ തിരിച്ചറിഞ്ഞു ഈ മേഖലയിലേക്ക് കൊണ്ടുവന്ന സംവിധായകൻ ഫാസിലിന് എക്കാലവും അഭിമാനിക്കാന്‍ തക്കവണ്ണമുള്ള വളര്‍ച്ചയായിരുന്നു പിന്നീടങ്ങോട്ട് ഇരുവരുടേതും. അത്രയ്ക്കും കലാമൂല്യമുള്ള സിനിമകളാണ് ഇരുവരുമൊത്തുചേര്‍ന്ന് മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയത്.
1989ൽ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് സിദ്ധിഖ്- ലാൽ സംവിധായകരായത്. മലയാളി പ്രേക്ഷകർ അതുവരെ കണ്ടിട്ടുള്ളതിൽനിന്നും വ്യത്യസ്തമായരീതിയിൽ കഥ പറയുന്ന ശൈലി റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയെ വേറിട്ടതാക്കി. റാംജിറാവു സ്പീക്കിംഗിന് പിന്നാലെ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളിലൂടെയെല്ലാം ഇവർ തങ്ങളുടെ കയ്യൊപ്പ് ചാർത്തുകയായിരുന്നു. 1991ൽ പുറത്തിറങ്ങിയ ഗോഡ്ഫാദറാണ് ഇനിക്കാളൊക്കെ വൻ വിജയം കൊയ്ത സിനിമ. കാബൂളിവാലയ്ക്കുശേഷം സംവിധാനത്തിലുള്ള ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും പിന്നീടു പലപ്പോഴും ഇൻഡസ്ട്രിയിൽ ഇവർ ഒത്തുചേർന്നിട്ടുണ്ട്. ലാലിന്റെ നിർമാണ പങ്കാളിത്തത്തോടെ സിദ്ധിഖ് ആദ്യമായി തനിയെ ഒരുക്കിയ ഹിറ്റ്ലർ വൻ വിജയമായി.
ഓരോ കാലത്തിലും ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിരുചികൾ കണ്ടറിഞ്ഞ് സിനിമയൊരുക്കാനാണ് സിദ്ധിഖ് ശ്രമിച്ചിട്ടുള്ളത്. പ്രായോഗികമായി സിനിമയെ സമീപിച്ചിരുന്നതിനാൽ വിജയം എന്നും ഒപ്പം നിന്നു. കോമഡി കൈകാര്യം ചെയ്യുന്നതിൽ മലയാളം എക്കാലവും മറ്റു ഭാഷാ ചിത്രങ്ങളേക്കാൾ എന്നും മുന്നിലായിരുന്നു. സിദ്ധിഖ്- ലാലിന്റെ കഥയ്ക്ക് ചലച്ചിത്ര രൂപം നൽകിയ സത്യൻ അന്തിക്കാടു ചിത്രം നാടോടിക്കാറ്റ് മുതലിങ്ങോട്ടാണ് നായക കഥാപാത്രങ്ങൾ തന്നെ ഹാസ്യവും അവതരിപ്പിക്കുന്ന രീതി മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടത്.
മുൻകാലങ്ങളിലൊക്കെ തമാശ അവതരിപ്പിക്കാനായി പ്രത്യേകമായി ഹാസ്യനടന്മാരെ അവതരിപ്പിക്കാറായിരുന്നു പതിവെങ്കിലും ഇവരുടെ പുതിയ രീതിക്ക് മികച്ച ജന സ്വീകാര്യതയാണു ലഭിച്ചത്. ഹിന്ദി ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിൽപോലും പിൽക്കാലത്ത് നിലവിൽവന്ന ഈ രീതിക്ക് മലയാളമാണ് വഴികാട്ടിയതെന്ന് പറയാം.
സിദ്ധിഖിന്റെ തമാശകൾ എക്കാലവും മലയാളത്തിൽ ട്രെൻഡ് സെറ്ററുകളായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ നമ്പറുകൾക്കു മൂല്യം കുറഞ്ഞിട്ടില്ല. തന്റെ ഒപ്പം നിന്ന കൂട്ടുകാരന്‍ വഴിതിരിഞ്ഞ് അഭിനയത്തിലേക്ക് തെല്ല് ചുവടുമാറിയപ്പോഴും പിന്നണയിലെ അതിശക്തനായ ചലച്ചിത്രകാരനായി തുടരാന്‍ സിദ്ധിക്കിനെ കാലം അനുവദിച്ചു. പില്‍ക്കാലത്ത് സിനിമാ സംവിധാനം കുറഞ്ഞുവെങ്കിലും തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചും പുതുതലമുറയിലെ കലാകാരന്മാര്‍ക്ക് വഴികാട്ടിയായും സിനിമയിലും ടെിവിഷനിലുമെല്ലാം അദ്ദേഹം സജീവമായുണ്ടായിരുന്നു.
അവതാരകനായ എം ജി ശ്രീകുമാർ ഇരുവരെയും പറ്റിയുള്ള വാർത്തകളെക്കുറിച്ച് ചോദിക്കുകയുണ്ടായി. ഇതിന് സിദ്ദിഖ് നൽകിയ ഉത്തരം ഇതായിരുന്നു. “ഒരുപാട് നാൾ സിദ്ദിഖ്-ലാൽ എന്ന് കേട്ട് പരിചിതമായതിന് ശേഷം ഇരുവരും പിരിഞ്ഞപ്പോൾ എല്ലാവരും കരുതിയത് ഇവർ പിണങ്ങിപ്പിരിഞ്ഞു എന്നാണ്. ‘എന്നാൽ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്. അങ്ങനെ വേർപിരിഞ്ഞതിനുശേഷം എന്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്ലർ. ചിത്രത്തിൽ പക്ഷേ ലാൽ ഒപ്പമുണ്ടായിരുന്നു. സംവിധാനമല്ല, നിർമ്മാതാവായാണ് ലാൽ സിനിമയിൽ അന്ന് പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ല”- സിദ്ദിഖ് പറയുന്നു.
“ഞങ്ങൾ സ്വതന്ത്രമായി ചിത്രങ്ങൾ ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയത്. പിന്നീട് ഏറെ നാളുകൾക്കുശേഷം ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ചെത്തുകയും ചെയ്തു. അതിന്റെ പിന്നണി പ്രവർത്തകർ പോലും വിചാരിച്ചിരുന്നത് ഞങ്ങൾ പിണങ്ങി എന്നായിരുന്നു’. അതുകൊണ്ടുതന്നെ, പരസ്യത്തിൽ ലാൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നുപോലും അവർ ചോദിച്ചു. പിന്നീട്, ഞാൻ തന്നെ ലാലിനോട് പരസ്യത്തിൽ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നു”. — സിദ്ദിഖ് അന്ന് പറഞ്ഞു.
പുല്ലേപ്പടിയിൽ യൗവന കാലത്തു ഒരുമിച്ചു നടന്ന സിദ്ധിഖും ലാലും ഉയരങ്ങളിൽ എത്തിയപ്പോഴും വന്ന വഴി മറന്നില്ല. മിമിക്രിയുടെ ലോകത്തുനിന്ന് വന്നവർക്ക് അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം, വീണുപോയ മിമിക്രിക്കാർക്ക് സഹായങ്ങൾ എത്തിക്കാൻ ഒപ്പം നിന്നു. മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് ഇനി പ്രീയപ്പെട്ട സിനിമാ പ്രേക്ഷകരുടെ മനസില്‍ തന്റെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ യശശ്ശരീരനായി നിലകൊള്ളും…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.