
ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല ഉഭയകക്ഷി വ്യാപാര കരാര്‍ ഉടന്‍ സാധ്യമായേക്കില്ലെന്ന് റിപ്പോര്‍ട്ട്. കാര്‍ഷിക, പാലുല്പന്നങ്ങളുടെ താരിഫ് സംബന്ധിച്ച തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്. ട്രംപ് പ്രഖ്യാപിച്ച താരിഫ് സമയപരിധിയായ ഓഗസ്റ്റ് ഒന്നിന് മുമ്പ് ഇടക്കാല വ്യാപാര കരാര്‍ സാധ്യമാകില്ലെന്നാണ് സൂചന.ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 26% തീരുവ ചുമത്തുമെന്ന് മൂന്ന് മാസം മുമ്പ് ട്രംപ് ഭീഷണിപ്പെടുത്തിയെങ്കിലും ചര്‍ച്ചകള്‍ക്കായി താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിവച്ചു. ഇന്ത്യക്ക് ഇതുവരെ ഔദ്യോഗിക തീരുവ കത്ത് അയച്ചില്ലെങ്കിലും സമയപരിധി അടുത്തമാസം ആദ്യം അവസാനിക്കും. വെര്‍ച്വല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ ഒരാള്‍ പറഞ്ഞു.
അടുത്തഘട്ട ചർച്ചകൾക്കായി യുഎസ് സംഘം ഓഗസ്റ്റ് രണ്ടാം പകുതിയിലായിരിക്കും ഇന്ത്യ സന്ദർശിക്കുക. കാര്‍ഷിക, ക്ഷീര മേഖലകളില്‍ അമേരിക്കന്‍ വിപണി തുറന്നിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് ചര്‍ച്ച വഴിമുട്ടിയത്. എന്നാല്‍ ഉരുക്ക്, അലുമിനിയം, ഓട്ടോമൊബൈല്‍ എന്നിവയുടെ ഉയര്‍ന്ന തീരുവയില്‍ ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ യുഎസ് എതിര്‍ക്കുന്നു. ഇടക്കാല കരാര്‍ ഒപ്പിട്ട ശേഷം ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമോ എന്ന് പരിശോധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
26% തീരുവ ഏര്‍പ്പെടുത്തിയാല്‍ രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നീ മേഖലകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വ്യാപാര കരാറില്‍ ഒപ്പിട്ടാല്‍ ഇത് മാറിയേക്കുമെന്നും പറഞ്ഞു. വ്യാപാര കരാറിന്റെ ഗുണനിലവാരത്തിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ചര്‍ച്ചകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് സമയപരിധി നീട്ടുന്ന കാര്യം പ്രസിഡന്റാണ് തീരുമാനിക്കുന്നതെന്നും പറഞ്ഞു. സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബറോടെ കരാര്‍ ഒപ്പിടാനാകുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ച വാഷിങ്ടണില്‍ നടന്ന അഞ്ചാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം വലിയ പുരോഗതിയൊന്നും കാണാതെ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.