ഓസ്ട്രേലിയയോടുള്ള കണക്ക് വീട്ടി ആധികാരികമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 98 പന്തില്‍ 84 റണ്‍സ് നേടിയ വിരാട് കോലിയാണ് ടോപ് സ്കോറര്‍.
മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും സ്കോര്‍ 30ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മികച്ച രീതിയില്‍ മുന്നേറിത്തുടങ്ങിയ രോഹിത് ശര്‍മ്മയും അധികം വൈകാതെ മടങ്ങി. 29 പന്തില്‍ 28 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വിരാട് കോലി സ്കോര്‍ 100 കടത്തി. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 62 പന്തില്‍ 45 റണ്‍സെടുത്ത ശ്രേയസിനെ ആദം സാമ്പ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ അക്സര്‍ പട്ടേല്‍ 30 പന്തില്‍ 27 റണ്‍സ് നേടി. സ്കോര്‍ 225ല്‍ നില്‍ക്കെ കോലി പുറത്തായത് ഓസീസിന് ആശ്വാസമായെങ്കിലും കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടുകൊണ്ടു പോകുകയായിരുന്നു. എന്നാല്‍ തകര്‍ത്തടിച്ച ഹാര്‍ദിക് വിജയിക്കാന്‍ ആറ് റണ്‍സുള്ളപ്പോള്‍ പുറത്തായി. 24 പന്തില്‍ 28 റണ്‍സാണ് ഹാര്‍ദിക് നേടിയത്. എന്നാല്‍ 34 പന്തില്‍ 42 റണ്‍സ് നേടിയ രാഹുല്‍ സിക്സര്‍ പറത്തിക്കൊണ്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
അർധ സെഞ്ചുറി നേടി തിളങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്സ് ക്യാരിയുമാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 96 പന്തിൽ 73 റൺസെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട അലക്സ് ക്യാരി 60 റൺസെടുത്തും പുറത്തായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് സ്ഥിരം തലവേദനയാകാറുള്ള ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്.
പിന്നീട് ഭാഗ്യത്തിന്റെ പിന്തുണയോടെ ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ 100 കടത്തി. മൂന്ന് തവണയാണ് സ്മിത്തിനെ ഭാഗ്യം തുണച്ചത്. 14-ാം ഓവറിലെ അഞ്ചാം പന്തില്‍ റണ്‍ ഔട്ടില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സ്മിത്ത്, അക്സര്‍ പട്ടേലിന്റെ തൊട്ടടുത്ത പന്ത് ബാറ്റില്‍ തട്ടി ഉരുണ്ട് വന്ന് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്ൽസ് വീഴാത്തതിനാല്‍ രക്ഷപ്പെട്ടു. മൂന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയ സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് 20-ാം ഓവറില്‍ ഓസീസിനെ 100 കടത്തി. ഇരുവരും ചേര്‍ന്ന് 56 റണ്‍സ് ചേര്‍ത്തു. രവീന്ദ്ര ജഡേജയുടെ പന്തിൽ മാർനസ് ലബുഷെയ്ൻ എൽബിഡബ്ല്യു ആയി. 11 റൺസെടുത്ത ജോഷ് ഇംഗ്ലിസിനെ ജഡേജ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. സ്കോർ 198ൽ നിൽക്കെ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മുഹമ്മദ് ഷമിയുടെ പന്തിൽ ബൗൾഡായി. പിന്നാലെയെത്തിയ ഗ്ലെൻ മാക്സ്‍വെൽ സിക്സടിച്ച് ടീം സ്കോർ 200 കടത്തി. എന്നാൽ തൊട്ടുപിന്നാലെ അക്സര്‍ പട്ടേൽ മാക്സ്‍വെല്ലിനെ ബൗൾഡാക്കി. പിന്നീട് ക്രീസിലെത്തിയ ബെന്‍ ഡ്വാര്‍ഷ്യൂസിനെ കൂട്ടുപിടിച്ച് കാരി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 46-ാം ഓവറില്‍ ഡ്വാര്‍ഷ്യൂസിനെ (29 പന്തില്‍ 19) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ 48-ാം ഓവറില്‍ കാരി റണ്ണൗട്ടായി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.