18 October 2024, Friday
KSFE Galaxy Chits Banner 2

ഫ്രാൻസിലെ വിധിയെഴുത്ത് നൽകുന്ന സൂചന

Janayugom Webdesk
July 10, 2024 5:00 am

ഫ്രാൻസിന്റെ ദേശീയ അസംബ്ലിയിലേക്ക് നടന്ന അവസാനവട്ട തെരഞ്ഞെടുപ്പിന്റെ ഫലം പൂർണമായി പുറത്തുവരുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ഇതേ കോളത്തിൽ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും പരിസ്ഥിതി പാർട്ടിയും ഉൾപ്പെട്ട നവ ദേശീയ മുന്നണി (ന്യൂ പോപ്പുലർ ഫ്രണ്ട് ‑എൻഎഫ്‌പി) ശക്തമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് സൂചിപ്പിച്ചിരുന്നു. അഭിപ്രായ സർവേകളിൽ മുന്നേറ്റം പ്രവചിച്ചിരുന്നതായും കുറിച്ചിരുന്നു. തിങ്കളാഴ്ച അന്തിമ ഫലം വന്നതോടെ ഇടതുപക്ഷ സഖ്യം മുന്നേറിയെന്ന വാർത്തയാണ് പുറത്തുവന്നത്. തീവ്ര വലതുവിജയത്തെ തടുക്കുന്നതിന് രണ്ടാംഘട്ടത്തിൽ രൂപംകൊണ്ട എൻഎഫ്‌പി 182 സീറ്റുകൾ നേടി ഒന്നാമതെത്തി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ മധ്യവലതുപക്ഷ സഖ്യമായ എൻസെംബിൾ 163, നാഷണൽ റാലി 143 സീറ്റുകൾ വീതം നേടി. ആദ്യഘട്ട വോട്ടെടുപ്പിൽ മുന്നിട്ട് നിന്ന തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 577 അംഗ നാഷണൽ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകൾ നേടാൻ ആർക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സഖ്യസർക്കാരിനാണ് സാധ്യത പ്രവചിക്കപ്പെടുന്നത്. മൂന്ന് പ്രമുഖ സഖ്യങ്ങൾ അംഗബലത്തിൽ തൊട്ടുതൊട്ടാണ് നിൽക്കുന്നത് എന്നതിനാൽ സഖ്യസർക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെ ആയിരിക്കുകയും ചെയ്യും. ഏത് സർക്കാരിനും തുടർച്ചയായ സമ്മർദങ്ങൾ നേരിടേണ്ടിവരികയും അത് അനിശ്ചിതത്വത്തിന് കാരണമാകുകയും ചെയ്യും. അതേസമയം സമ്മതിദായകർ നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾത്തന്നെ സഖ്യസർക്കാരിന്റെ തടസരഹിതമായ മുന്നോട്ടുപോക്കിന് അനുയോജ്യമായ നിലപാടുകൾ സ്വീകരിക്കുന്നതിനുള്ള സന്നദ്ധത ഇടതുപക്ഷം ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ആഗോള തെരഞ്ഞെടുപ്പുകാലം


എങ്കിലും ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിനുണ്ടായ മുന്നേറ്റം ആഗോളതലത്തിൽതന്നെ വലിയ സന്ദേശമാണ് നൽകുന്നത്. തീവ്ര വലതുപക്ഷത്തെ തടയുന്നതിന് സഖ്യരൂപീകരണമെന്ന തന്ത്രം രണ്ടാംഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ഇടതുപക്ഷം സ്വീകരിച്ചതാണ് മുന്നേറ്റം എളുപ്പത്തിലാക്കിയത്. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി (പിസിഎഫ്), തീവ്രഇടതുപക്ഷം ഫ്രാൻസ് ഇൻസൗമിസ് (ഫ്രാൻസ് അൺബൗഡ്, ഴാങ് ലൂക്ക് മെലോൻഷോണിന്റെ നേതൃത്വത്തിലുള്ള പാർട്ടി), മധ്യ‑ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്), ലെസ് എക്കോലോഗ്സ് (പരിസ്ഥിതിവാദികളുടെ പാർട്ടി) എന്നിവ ഉൾപ്പെടുന്നതാണ് നവ ദേശീയ മുന്നണി എന്ന പേരിൽ രൂപംകൊണ്ട ഇടതുസഖ്യം. ആദ്യഘട്ടത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന മരീൻ ലി പെന്നിന്റെയും ജോർദാൻ ബാർഡെല്ലയുടെയും നവ‑ഫാസിസ്റ്റ് നാഷണൽ റാലി (റാസെംബ്ലെമെന്റ് നാഷണൽ) പാർട്ടിയെ പിന്തള്ളിയാണ് ഇടതുസഖ്യം രണ്ടാം ഘട്ടത്തിൽ ഒന്നാമതെത്തിയത്. ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി തീവ്ര വലതുപക്ഷത്തിനെതിരെ സമാന ചിന്താഗതികൾ പിന്തുടരുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്യുന്ന കക്ഷികളുടെ കൂട്ടായ്മയിലൂടെയാണ് രണ്ടാംഘട്ടത്തിൽ ഈ വിജയം കരസ്ഥമാക്കുവാനായത്. നവ ദേശീയ മുന്നണിയിലെ പാർട്ടികൾ 577 മണ്ഡലങ്ങളിൽ പരസ്പരധാരണയോടെ പൊതു സ്ഥാനാർത്ഥികളെ അണിനിരത്തി. രണ്ടാം റൗണ്ടിൽ സഖ്യത്തിന് വിജയസാധ്യതയുള്ള ഓരോ മണ്ഡലത്തിലും ഐക്യമുന്നണി തന്ത്രങ്ങളിൽ ഉറച്ചുനിൽക്കുകയും വലതുപക്ഷത്തെ പരാജയപ്പെടുത്താൻ ഏറ്റവും സാധ്യതയുള്ളവരെ പിന്തുണയ്ക്കുകയും ചെയ്തു, അങ്ങനെയാണ് ഇടതുസഖ്യത്തിന് ഈ മുന്നേറ്റം നേടാൻ സാധിച്ചത്.


ഇതുകൂടി വായിക്കൂ: തിരിച്ചടിയായി മാറുന്ന വിദ്വേഷ പ്രസംഗങ്ങള്‍


തീവ്ര വലതുപക്ഷം പതിവുപോലെ വംശീയ, യഹൂദവിരുദ്ധ, വിദ്വേഷ പ്രസംഗങ്ങളുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതിനെ ചെറുക്കുവാനുള്ള ശ്രമത്തിൽ വിജയം കൈവരിക്കാനായത് ശ്രദ്ധേയമാണെന്നും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി (പിസിഎഫ്) ഫലത്തെ വിലയിരുത്തുന്നു. തീവ്രവാദ സംഘടനകളുടെയും വ്യക്തികളുടെയും ഭാഗത്തുനിന്ന് അക്രമാസക്തമായ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ പ്രകടമായിരുന്നു. സാമ്പത്തിക വിപണികളുടെയും വൻകിട ഓഹരി ഉടമകളുടെയും അതിസമ്പന്നരുടെയും താല്പര്യങ്ങൾക്കായി പൂർണമായും പ്രവർത്തിക്കുന്ന സമീപനം സ്വീകരിക്കുന്ന നയങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. സമ്പദ്‌വ്യവസ്ഥയിലെ പ്രമുഖ വിഭാഗങ്ങളെ സ്വകാര്യവൽക്കരിക്കുകയോ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോ ആയ നയങ്ങൾ പിന്തുടർന്നു. തൊഴിലാളി വിരുദ്ധ സമീപനങ്ങളുടെ ഭാഗമായി പിരിച്ചുവിടലുകൾ എളുപ്പമാക്കി, തൊഴിലാളികളുടെ വിരമിക്കൽ പ്രായം ഉയർത്തി, മറ്റ് മുതലാളിത്ത വർഗ മുൻഗണനകൾ പിന്തുടർന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നിലവിലുള്ള ഭരണാധികാരികൾ ശക്തമായ വിമർശനങ്ങൾ നേരിട്ടു. ഇതിനെല്ലാമെതിരായ വിധിയെഴുത്താണ് ഉണ്ടായതെന്ന് പിസിഎഫ് വിശകലനത്തിൽ ചൂണ്ടിക്കാട്ടി. നവ ദേശീയ മുന്നണിയുടെ കൂട്ടായ പ്രവർത്തനങ്ങൾ മു‌ന്നോട്ട് കൊണ്ടുപോകാൻ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിധിയെഴുത്ത് മാനിച്ചുള്ള ഭരണസംവിധാനമുണ്ടാക്കുന്നതിന് വിട്ടുവീഴ്ചകൾക്കുള്ള സന്നദ്ധതയും ഇടതുസഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷം കൂടുതൽ ശക്തവും വ്യാപകവുമാകുമ്പോൾ അതിനെതിരെ സമാനമനസ്കരായ കക്ഷികളുടെയും സംഘടനകളുടെയും വ്യക്തികളുടെയും കൂ‌‌‌ട്ടായ്മ അനിവാര്യമാണെന്നും അത്തരമൊരു തന്ത്രത്തിലൂടെ വിജയസാധ്യതയുണ്ടാക്കാമെന്നുമാണ് ഫ്രാൻസിലെ വിധിയെഴുത്ത് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.