1 January 2026, Thursday

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ ആമുഖ പഠനഗ്രന്ഥം

പ്രതാപ് കിഴക്കേമഠം
September 14, 2025 11:54 am

കേരളത്തിലെ ആദ്യ തൊഴിലാളിപ്രസ്ഥാനങ്ങളുടെ ഉത്ഥാനപതനങ്ങളെയും അവയിലെ ചരിത്രപാഠങ്ങൾ ഉൾകൊണ്ട് ഉയിർത്തെഴുന്നേൽക്കാൻ പുതിയ പ്രസ്ഥാനങ്ങൾക്ക് ഊർജം പകർന്ന സംഭവങ്ങളെയും അതിന് നേതൃത്വം നൽകിയ വിസ്മൃതിയിലാണ്ട സമരനേതാക്കളെയും മലയാളി സമൂഹത്തിന്റെ സ്മൃതിപഥത്തിലെത്തിച്ച ഈടുറ്റ പഠനഗ്രന്ഥമാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ രമേശ് ബാബു എഴുതിയ ‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും.’ തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളെ ഗൗരവപൂർവം നിരീക്ഷിച്ച് അനുകൂല നിലപാടുകൾ സ്വീകരിക്കാൻ നിരന്തരം ഭരണകേന്ദ്രങ്ങളെ ശക്തമായി പ്രേരിപ്പിച്ച പഴയ മാധ്യമങ്ങളെ കൂടി പരിചയപ്പെടുത്തിക്കൊണ്ട് ഈ ഗ്രന്ഥത്തെ ഒരു സംശ്ലേഷണ ചരിത്രപുസ്തകവുമാക്കി മാറ്റിയിരിക്കുന്നു ഗ്രന്ഥകാരൻ. 1922ൽ കേരളത്തില ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രണേതാവും പ്രയോക്താവുമായ തന്റെ പിതാമഹൻ വാടപ്പുറം പി കെ ബാവയ്ക്കാണ് ഗ്രന്ഥകാരൻ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ‘ഡേറാ’ എന്ന വെള്ളക്കാരൻ 1859ൽ സ്ഥാപിച്ച ആലപ്പുഴയിലെ ‘ഡെറാസ് മെയിൽ കമ്പനി’ എന്ന കേരളത്തിലെ ആദ്യത്തെ കയർ ഉല്പന്ന ഫാക്ടറിയെ പിന്തുടർന്ന് ആലപ്പുഴയിൽ ഉയർന്നുവന്ന ഫാക്ടറികളിൽ 14 മണിക്കൂറിലേറെ ജോലിയും തുച്ഛമായ ‘നാലണ’ കൂലിയിൽ നിന്നുമാണ് മുതലാളിമാരുടെ ചൂഷണത്തിനെതിരെയുള്ള പി കെ ബാവയുടെ സമരചരിത്രം തുടരുന്നത്. പി കെ ബാവ ‘വിത്തിട്ട് മുളപ്പിച്ച് വിളയിച്ച’ സമരപാടത്തുനിന്നുമാണ് പിൽക്കാലത്ത് ആലപ്പുഴ എന്ന വിശാല വിപ്ലവപാടം വികസിച്ചത്.

ഒറ്റപ്പെടലിന്റെ അരക്ഷിതത്വത്തെ അകറ്റാൻ സംഘാടനത്തിന് മാത്രമേ ആശ്വാസം നൽകാൻ കഴിയൂ എന്ന പാഠം തൊഴിലാളികളെ പഠിപ്പിച്ച പി കെ ബാവ നിരക്ഷരരായ തൊഴിലാളികളെ അക്ഷരവും പഠിപ്പിച്ചുകൊണ്ട് അവർക്കായി 1926ൽ ‘തൊഴിലാളി’ എന്ന പത്രവും ആരംഭിച്ചു. യൂറോപ്പിലും മറ്റും തുടക്കം കുറിച്ചുകഴിഞ്ഞ തൊഴിലാളി പ്രസ്ഥാനങ്ങളെക്കുറിച്ചും അവർ നേരിട്ട ദുരിതങ്ങളെക്കുറിച്ചുമൊക്കെയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്ന വിദേശ പത്രങ്ങളെക്കുറിച്ചുമൊക്കെ സുഹൃത്തായ കെ എം ചെറിയാനിൽ നിന്നും കേട്ടറിഞ്ഞാണ് കേരളത്തിൽ ആദ്യമായി തൊഴിലാളികൾക്കായി ഒരു പത്രത്തിന് ബാവ തുടക്കം കുറിച്ചത്. ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമുറ്റത്തുവച്ച് 1922 മാർച്ച് 21ന് ശ്രീനാരായണഗുരുദേവന്റെ ഉപദേശവും അനുഗ്രഹാശിസുകളോടെയും പി കെ ബാവ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് നാന്ദികുറിക്കുമ്പോൾ അദ്ദേഹം നാരിയൽ വാലാ ആന്റ് സൺസ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു.
‘സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന് ആഗോള തൊഴിലാളികളെ ആഹ്വാനം ചെയ്ത രാജ്യാന്തര കമ്മ്യൂണിസ്റ്റ് പ്രകടന പത്രിക 1848ൽ പടിഞ്ഞാറു നിന്നും പുറത്തുവന്നതുമുതൽ അതിന്റെ അനുരണം കിഴക്കിലെത്തി, ഇന്ത്യയിലാകെ അതൊരു മാറ്റത്തിന് തുടക്കം കുറിച്ചതും അവിടെനിന്ന് തെക്കോട്ട് വ്യാപിച്ച് ആലപ്പുഴയിലെത്തിയതുമൊക്കെ അനുവാചകന്റെ ഹൃദയത്തിൽ പതിക്കുമാറാണ് രമേശ് ബാബു ഈ ഗ്രന്ഥമൊരുക്കിയത്. 1922ൽ വാടപ്പുറം പി കെ ബാവ ആലപ്പുഴയിൽ തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകിയതോടെ 1973 വരെ കേരളത്തിൽ അങ്ങോളമിങ്ങോളം പടർന്ന് പന്തലിച്ചത് ഇരുപത്തിമൂന്നോളം തൊഴിലാളി സംഘടനകളാണ്. ‘തൊഴിലാളി’ എന്ന പത്രം പോലെ കേരളത്തിൽ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നിരവധി പത്രമാധ്യമങ്ങൾ തൊഴിലാളി വർഗത്തിന്റെ ഉന്നമനത്തിനായി അച്ചുകൾ നിരത്തിയ ചരിത്രവും ഈ ഗ്രന്ഥത്തിന്റെ പേരിനെ അന്വർത്ഥമാക്കുന്നു. രാഷ്ട്രീയപരമായി വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഏറെയുള്ള സമരങ്ങളുടെയും വിപ്ലവങ്ങളുടെയും കുലംകുത്തിയുള്ള ചരിത്ര പ്രവാഹത്തിലേക്ക് ഗ്രന്ഥകാരൻ ഇവിടെ അനുവാചകനെ തള്ളിയിടുന്നില്ല. പകരം, തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്ര വസ്തുതകളെ വേർതിരിച്ചെടുത്ത് ഗവേഷണ വിദ്യാർത്ഥികൾക്ക് ആമുഖപഠനഗ്രന്ഥമാക്കിയിരിക്കുകയാണ് ഗ്രന്ഥകാരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.