
ചൈനയുടെ ബഹിരാകാശ നിലയത്തിൽ അജ്ഞാത വസ്തു ഇടിച്ചതോടെ നിലയത്തിനകത്തെ യാത്രികരുടെ തിരിച്ചുവരവ് മാറ്റിവച്ചു. ചെറിയ ബഹിരാകാശ അവശിഷ്ടങ്ങളുടെ ആഘാതമാണ് യാത്ര മാറ്റിവയ്ക്കാന്‍ കാരണമെന്ന് ചൈന മാൻഡ് സ്‌പേസ് ഏജൻസി (സിഎംഎസ്എ) അറിയിച്ചു. ബഹിരാകാശയാത്രികരുടെ സുരക്ഷയും ദൗത്യ വിജയവും ഉറപ്പാക്കുന്നതിനാണ് തിരിച്ചുവരവ് വൈകിപ്പിക്കുന്നതെന്ന് ഏജൻസി വ്യക്തമാക്കി. ചൈന ഓരോ ആറ് മാസത്തിലും സ്റ്റേഷനിലെ ജീവനക്കാരെ മാറ്റുന്നതാണ് പതിവ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈന ഷെൻഷോ-21 ക്രൂ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ആറ് മാസത്തെ ദൗത്യത്തിനായി മൂന്ന് ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരുന്നു. നിലയത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ഷെൻഷോ-20 ബഹിരാകാശ പേടകം നവംബർ അഞ്ചിന് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഷെൻഷോ-21 ക്രൂവിനൊപ്പം ഭ്രമണപഥത്തിലെ കൈമാറ്റം പൂർത്തിയാക്കി ഇന്ന് ഭൂമിയിലേക്ക് മടങ്ങും എന്നായിരുന്നു തീരുമാനിച്ചത്.
സ്റ്റേഷൻ കൈകാര്യം ചെയ്തിരുന്ന മൂന്നംഗ സംഘം ചൊവ്വാഴ്ച ബഹിരാകാശ നിലയത്തിന്റെ കൈമാറ്റ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. നിലയത്തിന് അജ്ഞാത വസ്തു കാരണം എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചുവോ എന്ന് വ്യക്തമല്ല. ചൈനയുടെ ബഹിരാകാശ നിലയത്തിൽ സന്ദർശക ബഹിരാകാശ പേടകങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു അടിയന്തര രക്ഷാ സംവിധാനമുണ്ടായിട്ടുണ്ട്. അടിയന്തര പ്രോട്ടോക്കോൾ പ്രകാരം, ഒരു പേടകം വിക്ഷേപിക്കുന്ന നിമിഷം മുതൽ അത് ഭൂമിയിലേക്ക് മടങ്ങുന്നതുവരെ ആവശ്യമെങ്കിൽ ദ്രുത വിന്യാസത്തിനായി ഒരു ബാക്കപ്പ് ബഹിരാകാശ പേടകം സ്റ്റാൻഡ്‌ബൈയിൽ തുടരുമെന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.