22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 19, 2024
May 14, 2024
December 1, 2023
July 28, 2023
November 26, 2022
June 17, 2022
February 10, 2022
January 7, 2022
December 8, 2021

ജയില്‍ മോചിതനായതില്‍ സന്തോഷമെന്ന് ആനന്ദ് തെല്‍തുംദെ

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2022 5:36 pm

ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട എഴുത്തുകാരനും ദളിത് സൈദ്ധാന്തികനുമായ ആനന്ദ് തെല്‍തുംദെ ജയില്‍ മോചിതനായി.31 മാസം നീണ്ട തടവിനൊടുവില്‍ മോചിതനായതില്‍ സന്തോഷമുണ്ടെന്ന് തെല്‍തുംദെ പ്രതികരിച്ചു.എല്‍ഗാര്‍പരിഷത്ത് കേസ് തങ്ങളുടെ മേല്‍ കെട്ടിവെച്ച രീതി ദൗര്‍ഭൗഗ്യകരമാണെന്നും തെല്‍തുംദെ ചൂണ്ടിക്കാട്ടി.

നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് തെല്‍തുംദെക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയത്. ഇതോടെയാണ് തെല്‍തുംദെക്ക് ജയില്‍ മോചനം ലഭിച്ചത്.ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.അതേസമയം, നവംബര്‍ 18നാണ് ബോംബെ ഹൈക്കോടതി ആനന്ദ് തെല്‍തുംദെക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എ എസ്. ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ തെല്‍തുംദെക്ക് ജാമ്യം അനുവദിച്ചത്.തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയില്‍ ഭാഗമായി എന്നീ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേസില്‍ തെല്‍തുംദെക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെല്‍തുംദെക്ക് എതിരെ നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഐഐടി പ്രൊഫസറും ദളിത് സ്‌കോളറുമായ ആനന്ദ് തെല്‍തുംദെയെ 2020 ഏപ്രില്‍ 14നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന്റെ കണ്‍വീനര്‍ ആയിരുന്നു ആനന്ദ് തെല്‍തുംദെ.2018ല്‍ രാജ്യത്തെ ദളിത് സംഘടനകളുടെയും എല്‍ഗാര്‍ പരിഷദ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.

ഇതിനെത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേരെ കേസില്‍പ്പെടുത്തി വേട്ടയാടുകയായിരുന്നു.കേസില്‍ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ് തെല്‍തുംദെ. നേരത്തെ, കവി വരവരറാവുവിന് മെഡിക്കല്‍ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യവും അനുവദിച്ചിരുന്നു.കേസില്‍ തെല്‍തുംദെക്കൊപ്പം അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖെയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും നടപ്പായിട്ടില്ല.

Eng­lish Summary:
Anand Tel­tumde says that he is hap­py to be released from prison

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.