17 December 2025, Wednesday

അണ്ടലൂര്‍ക്കാവില്‍ തേങ്ങ താഴ്ത്തി; തിറമഹോത്സവം തുടങ്ങി

Janayugom Webdesk
കണ്ണൂര്‍
February 14, 2025 1:37 pm

അണ്ടല്ലൂര്‍ക്കാവില്‍ തിറമഹോത്സവത്തിന് തുടക്കമായി. വ്യാഴം രാവിലെ തേങ്ങ താക്കോല്‍ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. തട്ടാലിയത്ത് ഗിരീശനച്ഛന്റെയും വലിയ കോമരത്തിന്റെയും ചെറിയ കോമരത്തിന്റെയും കാർമികത്വത്തിൽ ചടങ്ങ് നടന്നു. ക്ഷേത്രാവശ്യത്തിനുള്ള തേങ്ങ സമീപത്തെ പറമ്പിലും വീടുകളിൽനിന്നും ശേഖരിക്കും. ഇന്ന് കുഴച്ചൂണാണ്. 

ധർമടത്തെ നാലു ദേശത്തെയും വീടുകളിൽ രാത്രി ഊണിന് മുന്നേ തൂശനിലയിൽ പഴവും പപ്പടവും നെയ്യും കൂട്ടിക്കുഴച്ച് വില്ലുകാർ കഴിക്കുന്ന ചടങ്ങാണിത്. ഇതേദിവസം തന്നെ ചക്ക താഴ്ത്തൽ നടത്തും. കാവിന്റെ പരിസരത്ത് ചക്കയുള്ള വീടുകളിൽ പോയി സ്ഥാനീകർ ചക്ക പറിച്ച് കാവിലെ കൊട്ടിലിൽ കൊണ്ടു വയ്ക്കുന്നതാണ് ചക്ക താഴ്ത്തൽ. ഇതിനുശേഷമേ ധർമടക്കാർ ചക്ക ഉപയോഗിക്കുകയുള്ളൂ. കാവിൽ കയറൽ ചടങ്ങും അന്ന് തന്നെ. ശനിയാഴ്ചയാണ് കൊടിയേറ്റം. സന്ധ്യക്കുശേഷം മേലൂർ കുറുവേക്കണ്ടി തറവാട്ടിൽനിന്നും തൃക്കൈക്കുട മണലിലെ ആസ്ഥാനത്തെത്തിക്കും. ശേഷം മേലൂർ ദേശവാസികളുടെ വക കരിമരുന്ന് പ്രയോഗം. ഞായർ മുതൽ കെട്ടിയാട്ടം ആരംഭിക്കും.

വെളുപ്പിന് ആദ്യം അതിരാളവും മക്കളും തുടർന്ന് തൂവക്കാലി, പൊൻമകൻ, മലക്കാരി, നാഗഭഗവതി, നാഗഭഗവാൻ, പുതുച്ചേകവൻ, വേട്ടക്കൊരുമകൻ, ദൈവക്കോലങ്ങൾ പുറപ്പെടും. നട്ടുച്ചനേരത്താണ്‌ ബാലി സുഗ്രീവ യുദ്ധം, സന്ധ്യക്കുശേഷം അച്ചന്മാരുടെ മെയ്യാൽ കൂടൽ, തുടർന്ന്‌ പ്രധാന തെയ്യങ്ങളായ ദൈവത്താറീശ്വരനും അങ്കക്കാരൻ, ബപ്പൂരൻ ദൈവങ്ങളും തിരുമുടിയണിയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.