രാജ്യത്ത് മനുവാദം പത്തിവിടര്‍ത്തിയാടുന്നുവെന്നും ഫാസിസവും മനുവാദവും അതിന്റെ എല്ലാവിധ ക്രൂരതയോടെയും വെളിപ്പെട്ടുനില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. കോസ്റ്റ്ഫോർഡ് അയ്യന്തോളും സി അച്യുത മേനോൻ പഠന ഗവേഷണകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സി അച്യുതമേനോൻ സ്മൃതിയില്‍ “നിശബ്ദരാക്കപ്പെടുന്ന സ്ത്രീകൾ’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പാര്‍ലമെന്റിനകത്തെ ജയ്ശ്രീരാം വിളി മുതല്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചത് വരെയെത്തി നില്‍ക്കുകയാണ് ഫാസിസം.
കൊലപാതകങ്ങളും കൂട്ടക്കൊലകളും നദിയിലൊഴുകി നടക്കുന്ന മൃതദേഹങ്ങളും മോര്‍ച്ചറിയില്‍ അഴുകി നാറുന്ന മൃതദേഹങ്ങളും പീഡനങ്ങളും ആവര്‍ത്തിക്കപ്പെടുന്നതോ സ്ത്രീകളെ വിവസ്ത്രയാക്കി പരേഡ് നടത്തുന്നതോ ഒന്നും സമൂഹത്തില്‍ ഞെട്ടലുണ്ടാക്കാത്ത കാലത്താണ് ഇന്ത്യയിലെ നിശബ്ദരാക്കപ്പെടുന്ന സ്ത്രീകളെ കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നത്. കുറച്ചുകാലത്തെ ചാനല്‍ ചര്‍ച്ചകള്‍ക്കപ്പുറത്തേക്ക് ആരെയും ആശങ്കപ്പെടുത്താത്ത കാര്യങ്ങളായി ഇവ മാറിക്കഴിഞ്ഞു. 2002ല്‍ ഗുജറാത്ത് കലാപം പ്ലാൻ ചെയ്ത് നടപ്പിലാക്കിയ പോലെ 2023ല്‍ മണിപ്പൂരിലും പ്ലാൻ ചെയ്ത അജണ്ടകള്‍ നടപ്പിലാക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം.
ബ്രാഹ്മണ പുരുഷാധിപത്യത്തിന് കീഴില്‍ സ്ത്രീ നിശബ്ദയാക്കപ്പെടുകയാണ്. ആണ്‍കോയ്മയുടെ അടിത്തറയുറപ്പിക്കുന്നതും സ്ത്രീകളുടെ ഈ നിശബ്ദതയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടപ്പിലാക്കിയ നിയമങ്ങള്‍ പലതും രാജ്യത്തെ സ്ത്രീകളുടെ രക്തത്തില്‍ ചവിട്ടി നിന്നുകൊണ്ടാണ്. സ്ത്രീകള്‍ക്കായി എല്ലാ വീട്ടിലും പാചക വാതക സിലിണ്ടറുകള്‍ എത്തിച്ച മോഡി സര്‍ക്കാര്‍ തന്നെയാണ് മറുവശത്ത് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചും സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാതെയും നിരവധി വീടുകളെ ദുരിതത്തിലാക്കിയതെന്ന് ആനി രാജ കൂട്ടിച്ചേര്‍ത്തു.
മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. രാമൻകുട്ടി, ഡോ. ആര്‍ രമ്യ, സി ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.