
രാജ്യത്ത് നടന്നു വരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമിത ജോലിഭാരവും മാനസിക സമ്മർദവും മൂലം മധ്യപ്രദേശിലും പശ്ചിമബംഗാളിലും ബൂത്ത് ലെവല്‍ ഓഫിസര്‍(ബിഎല്‍ഒ)മാര്‍ക്ക് ദാരുണാന്ത്യം.
മധ്യപ്രദേശില്‍ രണ്ട് പേർ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചപ്പോൾ, പശ്ചിമബംഗാളില്‍ അധ്യാപികയായ ബിഎൽഒ ജീവനൊടുക്കി. നിശ്ചിത സമയത്തിനുള്ളിൽ എന്യുമറേഷന്‍ ജോലികൾ തീർക്കണമെന്ന കർശന നിർദേശവും സസ്പെൻഷൻ ഭീഷണിയുമാണ് മരണങ്ങൾക്ക് പിന്നിലെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
പശ്ചിമബംഗാളില്‍ കൃഷ്ണ നഗറിലെ ചപ്ര സ്വദേശി റിങ്കു തരഫ്ദാറിനെയാണ് ജോലി സമ്മർദത്തെ തുടർന്ന് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപനത്തിനൊപ്പം ബിഎൽഒ ഡ്യൂട്ടിയും രാത്രി വൈകുവോളം ചെയ്യേണ്ടി വന്നത് ഇവരെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നു.
ഈ ആഴ്ചയില്‍ സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണിത്. ബുധനാഴ്ച ജല്‍പായ്ഗുരി ജില്ലയിലെ ഒരു ബിഎല്‍ഒയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബംഗാളില്‍ നടക്കുന്ന എസ്ഐആര്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തെഴുതിയിരുന്നു.
മധ്യപ്രദേശിലെ റെയ്സെൻ ജില്ലയിൽ രാമാകാന്ത് പാണ്ഡെ, ദാമോ ജില്ലയിൽ സീതാറാം ഗോണ്ട് എന്നിവരാണ് സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 വരെ നീണ്ട ഔദ്യോഗിക ഓൺലൈൻ യോഗത്തിന് ശേഷം ശുചിമുറിയിൽ വച്ച് രാമാകാന്ത് പാണ്ഡെ കുഴഞ്ഞുവീഴുകയായിരുന്നു. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ സസ്പെൻഷൻ ലഭിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. സമ്മർദം കാരണം കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ഉറങ്ങിയിരുന്നില്ലെന്ന് ഭാര്യ രേഖ പറഞ്ഞു.
ദാമോ ജില്ലയിലെ തെണ്ടുഖേഡയിൽ വാഹനാപകടത്തിൽ മരിച്ച ബിഎൽഒ ശ്യാം സുന്ദർ ശർമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. എസ്‌ഐആർ ജോലിയുടെ സമ്മർദവും സസ്പെൻഷൻ ഭീഷണിയും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനിടെ, റെയ്സെൻ ജില്ലയിൽ നിന്ന് നാരായണ്‍ ദാസ് സോണി എന്ന ബിഎല്‍ഒയെ കാണാതായിട്ട് ആറ് ദിവസം പിന്നിട്ടു. ഇദ്ദേഹത്തിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ഗുജറാത്ത്, ബിഹാര്‍ സംസ്ഥാനങ്ങളിലും ബിഎല്‍ഒമാര്‍ ജോലി സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.