സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനം അതീവ സുരക്ഷാ വലയത്തില്‍. രാജ്യത്തെ പ്രധാന നഗരങ്ങളിലും അതിര്‍ത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ നിരവധി പേർ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലം കൂടി പരിഗണിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹരിയാനയിലെ നൂഹിലും പരിസരപ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രത ഉറപ്പാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്‌നൈപ്പർ, കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കുകയും സുപ്രധാന കേന്ദ്രങ്ങളിൽ അധിക സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തികളിൽ സമഗ്രമായ പരിശോധനങ്ങൾ നടന്നുവരികയാണ്. സേന അതീവ ജാഗ്രതയിൽ ആണെന്നും തലസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ആഘോഷങ്ങൾ പൂർത്തിയാകുന്നത് വരെ ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ പട്ടം പറത്തൽ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ ആന്റി ഡ്രോണ്‍ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാങ് ഗ്ലൈഡറുകൾ, യുഎവികൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റുകൾ, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റുകൾ, ക്വാഡ്‌കോപ്റ്ററുകൾ അല്ലെങ്കിൽ വിമാനത്തിൽ നിന്ന് പാരാ-ജമ്പിങ് തുടങ്ങിയവ നാളെ വരെ നിരോധിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലെ ഗ്യാന്‍ പഥില്‍ ദേശീയ ഉത്സവാഘോഷങ്ങള്‍ക്കായി പൂക്കളും ജി20 ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയില്‍ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല.
English Summary: Anti-Drone Systems Deployed In Delhi For Independence Day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.