22 December 2024, Sunday
KSFE Galaxy Chits Banner 2

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ

ആര്‍ പ്രസാദ്
September 22, 2024 4:45 am

നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്നും പഴയ 29 തൊഴിൽ നിയമങ്ങൾ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് 23ന് കരിദിനം ആചരിക്കാൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി തീരുമാനിച്ചിരിക്കുകയാണ്. കർഷകരുടെ സംയുക്തവേദിയായ സംയുക്ത കിസാൻ മോർച്ചയും ഇതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭത്തില്‍ ഒന്നിച്ച് അണിനിരക്കുകയാണ്.
2019 ഓഗസ്റ്റിൽ വേജസ് കോഡ് പാർലമെന്റ് പാസാക്കി. 2020 സെപ്റ്റംബർ 22, 23 തീയതികളിലാണ് മറ്റ് മൂന്ന് ലേബർ കോഡുകൾ പാസാക്കുന്നത്. ട്രേഡ് യൂണിയനുകൾ തുടക്കം മുതൽ തുടർച്ചയായി എതിർക്കുകയും പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരങ്ങൾ നടത്തുകയും ചെയ്തിട്ടും അതൊന്നും വകവയ്ക്കാതെ കൊറോണ മഹാമാരിക്കാലത്ത് കൂടിയാലോചനകൾ നടത്താതെയും, പാർലമെന്റിൽ ചർച്ച കൂടാതെയും പാർലമെന്റംഗങ്ങൾക്ക് ബില്ലിന്റെ പകർപ്പ് പോലും നൽകാതെയും, പ്രതിപക്ഷ എംപിമാരുടെ അഭാവത്തിൽ ഏകപക്ഷീയമായും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമായിട്ടാണ് മോഡി സർക്കാർ ലേബർ കോഡുകൾ പാസാക്കിയത്.
തൊഴിലാളികൾ വർഷങ്ങളായി സമരം ചെയ്ത് നേടിയെടുത്ത തൊഴിലവകാശങ്ങളും തൊഴിൽ നിയമങ്ങളും റദ്ദാക്കി, മൂലധനശക്തികളുടെയും കോർപറേറ്റുകളുടേയും അടിമകളാക്കാനുള്ള ഗൂഢാലോചനയാണ് ലേബർ കോഡുകൾ. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന തത്വത്തിലൂടെ ആഗോള നിക്ഷേപം കൊണ്ടുവരുന്നതിനു വേണ്ടിയാണ് ലേബർ കോഡുകളെന്ന് സർക്കാർ ആവർത്തിക്കുന്നു.
അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളെയും ആഗോള പ്രതിബദ്ധതകളെയും ഐക്യരാഷ്ട്രസഭയുടെ കരാറുകളെയും ലംഘിക്കുന്നതാണ് കോഡിലെ വ്യവസ്ഥകൾ. നിലവിലുള്ള തൊഴിൽ നിയമങ്ങളിലെ തൊഴിലാളിപക്ഷ വ്യവസ്ഥകളെല്ലാം ഇല്ലാതാക്കുകയോ ദുർബലപ്പെടുത്തുകയോ ആണ് കോഡിലൂടെ മോഡിസർക്കാർ ചെയ്തിരിക്കുന്നത്. ത്രികക്ഷി ചർച്ച നടത്താതെയും ബന്ധപ്പെട്ട തൊഴിലാളിപ്രതിനിധികളുടെ അഭിപ്രായം സ്വീകരിക്കാതെയും രാജ്യത്തെ കോർപറേറ്റുകൾ അംഗീകരിച്ചതും ലോക മൂലധനശക്തികൾ നിർദേശിച്ചതുമായ ബില്ല് അങ്ങനെതന്നെ പാസാക്കുകയാണുണ്ടായത്. 

2019 ഓഗസ്റ്റ് എട്ടിന് വേജ് കോഡ് വിജ്ഞാപനം ചെയ്തു. എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും ആ നിയമം രാജ്യത്ത് നടപ്പാക്കാനായിട്ടില്ല. ട്രേഡ് യൂണിയനുകളുടെ നിരന്തരമായ എതിർപ്പ് കാരണമാണ് നടപ്പാക്കാനാകാത്തത്. മറ്റ് മൂന്ന് ലേബർ കോഡുകളായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020, സോഷ്യൽ സെക്യൂരിറ്റി കോഡ് 2020, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത്, വർക്കിങ് കണ്ടീഷൻസ് കോഡ് 2020 എന്നിവ 2020 സെപ്റ്റംബറിൽ പാർലമെന്റിന്റെ അംഗീകാരം നേടി, 2020 സെപ്റ്റംബർ 29ന് വിജ്ഞാപനം ചെയ്തു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും അന്താരാഷ്ട്ര തൊഴിൽ സംഘടനാതലത്തിൽ നടത്തിയ ഇടപെടലും കാരണം ഈ കോഡുകളും നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
തുടർച്ചയായ എതിർപ്പുകൾ കാരണം, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ അതിന്റെ ചട്ടങ്ങൾ രൂപീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് നടപ്പാക്കാത്തതിനെ തുടർന്ന് മോഡിഭരണത്തിന്‍ കീഴിൽ ഇതുവരെ മൂന്ന് തൊഴിൽ മന്ത്രിമാരെയാണ് മാറ്റിയത്. ലേബർ കോഡ് നടപ്പാക്കാൻ കഴിയാത്തതിന്റെ ഖേദം ഇപ്പോഴും മോഡി സർക്കാരിനുണ്ട്. ആ സാഹചര്യത്തിലാണ് തങ്ങളുടെ കോർപറേറ്റ് യജമാനന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പോലും, സർക്കാർ അതിന്റെ എല്ലാ ശക്തിയും അധികാര തന്ത്രങ്ങളും പ്രയോഗിക്കുകയും കോഡുകളുടെ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കുകയും ചെയ്തത്. മറുവശത്ത്, കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ തെരഞ്ഞെടുപ്പു പ്രചരണത്തിൽ തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, ദേശവിരുദ്ധ മോഡി സർക്കാരിനെ പരാജയപ്പെടുത്താൻ പ്രചരണം ആരംഭിച്ചു. പൊതുജനങ്ങളും ഈ പ്രചരണത്തെ പിന്തുണച്ചു. പ്രധാനമന്ത്രിയുടെ പാർട്ടിയായ ബിജെപിയെ ഭൂരിപക്ഷത്തിൽ നിന്ന് അകറ്റിനിർത്തി തൊഴിലാളി, കർഷക വിരുദ്ധ, ജനവിരുദ്ധ, കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരായി ജനങ്ങൾ വിധിയെഴുതി. 

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായിട്ടും അധികാരത്തിൽ വന്നതിനുശേഷം തങ്ങളുടെ തൊഴിലാളിവിരുദ്ധ അജണ്ടയുമായി മുന്നോട്ട് പോകാനുള്ള പ്രവർത്തനം മോഡി സർക്കാർ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ തൊഴിൽമന്ത്രാലയവും അതിന്റെ വകുപ്പും തൊഴിൽ പരിഷ്കരണങ്ങളുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി തൊഴിലുടമകളുമായും കോർപറേറ്റ് ദല്ലാളുകളുമായി തുടർച്ചയായ യോഗങ്ങൾ നടത്തി. ജൂൺ 20ന് സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയും ഉയർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒരു യോഗം വിളിച്ചുചേർത്ത് ലേബർ കോഡിലെ ചട്ടങ്ങൾ രൂപീകരിക്കുവാൻ കേന്ദ്ര തൊഴിൽ സെക്രട്ടറി സമ്മർദം ചെലുത്തി.
കേന്ദ്ര സര്‍ക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും മുഴുവൻ സംവിധാനവും അധികാരവും ഉപയോഗിച്ച് ലേബർ കോഡ് തൊഴിലാളി സൗഹൃദമാണെന്ന പ്രചരണം രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി വി വി ഗിരി നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്യുകയും, വർക്ക്ഷോപ്പുകൾ, പരിശീലന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു. ലേബർ കോഡുകൾ ഏതുവിധേനയും നടപ്പിലാക്കുവാൻ നരേന്ദ്ര മോഡിയുടെ ഏറ്റവും അടുത്തയാളെന്ന് കരുതപ്പെടുന്ന മൻസുഖ് മാണ്ഡവ്യക്ക് തൊഴിൽമന്ത്രി സ്ഥാനവും നൽകി. ഇതെല്ലാം തൊഴിലാളിവർഗത്തിന് മുന്നിൽ വീണ്ടും പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്. ലേബർ കോഡ് റദ്ദാക്കണമെന്നും പഴയതും ഇപ്പോഴും നിലനിൽക്കുന്നതുമായ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം 10 ട്രേഡ് യൂണിയൻ സംഘടനകൾ ഇക്കൊല്ലത്തെ സമ്പൂർണ ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചന വേളയിൽ രാജ്യത്തെ ധനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷമായി തുടർച്ചയായ ശ്രമങ്ങളും സമ്മർദങ്ങളും ഉണ്ടായിരുന്നിട്ടും മേഘാലയ, നാഗാലൻഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ് ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ദേശീയ തലസ്ഥാനമായ ഡൽഹിയും ലേബർ കോഡുകളുടെ ചട്ടങ്ങളുടെ കരട് പോലും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് 2024 മേയ് മാസത്തെ തൊഴിൽ മന്ത്രാലയത്തിന്റെ പ്രതിമാസ പുരോഗതി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ച് വർഷം കഴിഞ്ഞിട്ടും വേജ് കോഡ് ചട്ടങ്ങൾ നാല് സംസ്ഥാനങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ആറ് സംസ്ഥാനങ്ങൾ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിലും അഞ്ച് സംസ്ഥാനങ്ങൾ സാമൂഹിക സുരക്ഷാ കോഡിലും അഞ്ച് സംസ്ഥാനങ്ങൾ ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത്, വർക്കിങ് കണ്ടീഷൻ കോഡ് എന്നിവയിലും ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. 

അഞ്ച് വർഷത്തോളം കേന്ദ്രത്തിന്റെ മുഴുവൻ അധികാരവും പ്രയോഗിച്ചിട്ടും, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ചട്ടങ്ങൾ പ്രസിദ്ധീകരിക്കാത്തത് തുടർച്ചയായ സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും സമ്മർദത്താലാണ്. തൊഴിലാളി സംഘടനകൾ ആ പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതാക്കൾ യോഗം ചേർന്ന് നാല് ലേബർ കോഡുകളും പിൻവലിക്കണമെന്ന ആവശ്യത്തോടൊപ്പം ത്രികക്ഷി കൂടിയാലോചനയുടെ ഏറ്റവും ഉയർന്ന ബോഡിയായ ഇന്ത്യൻ ലേബർ കോൺഫറൻസ് ഉടൻ വിളിച്ചുകൂട്ടണമെന്ന ആവശ്യം ശക്തമായി ഉയർത്തുകയും ലേബർ കോഡ് അംഗീകരിച്ച സെപ്റ്റംബർ 23 കരിദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കരിദിനം വൻ വിജയമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് രാജ്യത്തെ തൊഴിലാളികളും കർഷകരും. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.