27 January 2026, Tuesday

കള്ളക്കടൽ ജാഗ്രതാ നിർദേശം; കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം/കോഴിക്കോട്
October 16, 2025 9:17 pm

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ 1.1 മീറ്റർ വരെയുള്ള ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് രാത്രി 8.30 വരെ കന്യാകുമാരി (നീരോടി മുതൽ ആരോക്യപുരം വരെ) ജില്ലയിലെ തീരങ്ങളിൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കോഴിക്കോട് സൗത്ത് ബീച്ചിൽ വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞു. പെട്ടന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കിയെങ്കിലും തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ പെട്ടന്ന് തന്നെ കടൽ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്. എന്നാൽ ഇന്നലെ അനുഭവപ്പെട്ടത് പോലെ ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.