
സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായി സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ആർട്ടിസ്റ്റിക് യോഗയില്‍ കണ്ണൂര്‍ സ്വദേശി അനുവർണികയ്ക്ക് സ്വർണത്തിളക്കം. ആദ്യമായാണ് അനുവര്‍ണിക സംസ്ഥാന സ്കൂൾ കായിക മേളയില്‍ പങ്കെടുക്കുന്നത്. ആദ്യ വരവിൽ സ്വര്‍ണ മെഡലുമായാണ് ഈ പന്ത്രണ്ടുകാരിയുടെ മടക്കം. മമ്പറം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അനുവര്‍ണിക. ആർട്ടിസ്റ്റിക് യോഗയ്ക്ക് പുറമെ ട്രെഡിഷണൽ യോഗ, റിതമിക് പെയർ എന്നീ മത്സരങ്ങളിലും അനുവർണിക മത്സരിച്ചിട്ടുണ്ട്.
അഞ്ച് വയസുമുതലാണ് അനുവർണിക യോഗ പരിശീലനം ആരംഭിച്ചത്. രാവിലെ അഞ്ചുമുതൽ ആറ് വരെ ഓൺലൈൻ ആയാണ് യോഗ പരിശീലനം. അവധി ദിവസങ്ങളിൽ നേരിട്ടുള്ള പരിശീലനവുമുണ്ട്. സംസ്ഥാന കായിക മേളയ്ക്കായി കണ്ണൂർ യോഗാ അസോസിയേഷൻ പരിശീലകൻ കെ ടി കൃഷ്ണദാസിന്റെ കീഴിൽ മൂന്ന് മാസത്തോളം പ്രത്യേക പരിശീലനം നേടി. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ എട്ട് വയസു മുതൽ അനുവര്‍ണികയുണ്ട്. 2021ൽ ഹരിയാനയിൽ നടന്ന യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ മത്സരത്തിലും 2022ലെ നാഷണൽ യോഗാ ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ ലഭിച്ചു. 2023ൽ അസമിൽ നടന്ന മത്സരത്തിലും 2024ൽ ഹിമാചലിൽ നടന്ന മത്സരത്തിലും വെങ്കല മെഡലും നേടി.
മാങ്ങാട്ടിടം സ്വദേശികളായ സുജീഷ് ‑പ്രിനിത ദമ്പതികളുടെ മകളാണ് അനുവർണിക. അച്ഛൻ സുജീഷിലൂടെയാണ് അനുവർണികയും യോഗയിലേക്ക് എത്തുന്നത്. സുജീഷ് യോഗാ പരിശീലകനും മാങ്ങാട്ടിടം ക്ഷീര സഹകരണ സംഘം സെക്രട്ടറിയുമാണ്. അമ്മ പ്രിനിതയും യോഗ ടീച്ചറാണ്. ഈ വർഷം യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ 30–35 കാറ്റഗറിയിൽ നാലാം സ്ഥാനം നേടിയിരുന്നു അനുവര്‍ണികയുടെ അമ്മ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.