
തെലങ്കാനയിലെ ജനങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പരസ്യമായി മാപ്പ് പറയണമെന്ന് തെലങ്കാന സിനിമാട്ടോഗ്രാഫി മന്ത്രി കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി ആവശ്യപ്പെട്ടു. മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ പവൻ കല്യാണിന്റെ സിനിമകൾ തെലങ്കാനയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കോനസീമയുടെ വികസനത്തിൽ തെലങ്കാന ‘ദുഷ്ടക്കണ്ണ്’ വെച്ചെന്നും, സംസ്ഥാനം വിഭജിക്കുന്നതിന് കാരണമായ ഘടകങ്ങളിൽ ഒന്നാണ് കോനസീമയുടെ സമൃദ്ധിയെന്നുമായിരുന്നു പവൻ കല്യാണിന്റെ ആരോപണം. ജനസേന നേതാവിൻ്റെ ഈ പ്രസ്താവന തെലങ്കാനയിൽ വ്യാപകമായ വിമർശനത്തിന് വഴിവെച്ചിരുന്നു.
തെലുങ്ക് സിനിമാ വ്യവസായത്തിൻ്റെ പ്രധാന കേന്ദ്രമാണ് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ്. പ്രമുഖ നടനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പവൻ കല്യാൺ, 2024ലെ തെരഞ്ഞെടുപ്പിൽ ടിഡിപി-ബിജെപി സഖ്യത്തിനൊപ്പം ജനസേന പാർട്ടിക്കായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെയാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. കോനസീമ മേഖലയിൽ സന്ദർശനം നടത്തിയപ്പോഴാണ് പവൻ കല്യാൺ വിവാദപരമായ പ്രസ്താവന നടത്തിയത്. കോനസീമയിലെ തെങ്ങിൻ തോപ്പുകൾ നശിക്കുന്നത് തെലങ്കാനയുടെ ‘ദുഷ്ടക്കണ്ണ്’ പതിഞ്ഞതുകൊണ്ടാണെന്നും, ഗോദാവരി ജില്ലകളുടെ ഈ സമൃദ്ധിയും സംസ്ഥാനം വിഭജിക്കാൻ ഒരു കാരണമായെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നേരത്തെ, ജഡ്ചേർലയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ജെ അനിരുദ്ധ് റെഡ്ഡിയും പവൻ കല്യാണിന്റെ പ്രസ്താവനയെ ശക്തമായി വിമർശിച്ചിരുന്നു. “തെലങ്കാനയാണ് ഗോദാവരിയുടെയും കോനസീമയുടെയും മേൽ ദുഷ്ടക്കണ്ണ് വെച്ചതെന്ന് പവൻ കല്യാൺ കരുതുന്നുണ്ടെങ്കിൽ, എന്തിനാണ് അദ്ദേഹം ഹൈദരാബാദിൽ താമസിക്കുന്നത്? അദ്ദേഹം ഹൈദരാബാദിലെ തൻ്റെ സ്വത്തുക്കളെല്ലാം വിറ്റ് വിജയവാഡയിലേക്ക് മാറണം,” അനിരുദ്ധ് റെഡ്ഡി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.