കെപിസിസി വൈസ് പ്രസിഡന്‍റുമാര്‍,ജനറല്‍ സെക്രട്ടറിമാര്‍, നിര്‍വാഹക സമിതി എന്നിവയ്ക്ക് പിന്നാലെ സെക്രട്ടറിമാരെ നിയമിക്കാനുള്ള കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍റെ പുറപ്പാടിനെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുവാന്‍ എ,ഐ ഗ്രൂപ്പുകള്‍ കച്ചകെട്ടി രംഗത്ത് എത്തിയിരിക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ് നേതൃത്വങ്ങൾ ഇതിന് എതിരാണ്. ഭാരവാഹികളും നിർവാഹക സമിതിയും ആയതോടെ കെപിസിസി സെക്രട്ടറിമാരെ നിശ്ചയിക്കാനുള്ള പ്രക്രിയയിലേക്കു കോൺഗ്രസ് നേതൃത്വം കടക്കും. തിങ്കളാഴ്ച ഇതിനായി ചർച്ച ആരംഭിക്കും. ഡിസിസി പുനഃസംഘടനയും ഉടനെ ആരംഭിക്കും. കെപിസിസിയിൽ എല്ലാ അർത്ഥത്തിലും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പിടിമുറുക്കി. പകുതിയിലേറെയാണ് ഈ സമിതികളിൽ ഐ ഗ്രൂപ്പുകാർ. ഇതിൽ ഭൂരിഭാഗവും കെസി ഗ്രൂപ്പുകാരും. ഒരു ജനറള്‍ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാര്‍ എന്ന തരത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്.
പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാരായ ഐ ഗ്രൂപ്പിലെ ജോസഫ് വാഴയ്ക്കനും, എ ഗ്രൂപ്പിലെ തമ്പാനൂര്‍ രവി, കെ സി ജോസഫ് എന്നിവരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നവംബറിൽ ആരംഭിക്കാനിരിക്കെ ഇനി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിൽ അനൗചിത്യം ഉണ്ടെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പുകൾ എത്തുന്നത് കെസിയെ തോൽപ്പിച്ച് സംഘടന പടിക്കാനാണ്. സെക്രട്ടറിമാരിൽ കൂടി കെസിക്ക് മുൻതൂക്കം വന്നാൽ പിന്നീട് സംഘടനാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് ആധിപത്യം തകർക്കും. നവംബറിൽ അംഗത്വ വിതരണത്തിനു മുൻകൈ എടുക്കേണ്ടത് ഡിസിസികളാണ്. ഈ സാഹചര്യത്തിൽ ഡിസിസി ഭാരവാഹികൾക്കും നിർണ്ണായക റോൾ വരും.സംഘടനാ ജനറല്‍ സെക്രട്ടറികൂടിയായ കെ.സി. വേണുഗോപാർ പിടിമുറുക്കുന്നതിനെ അമർഷത്തോടെ കണ്ടുനിൽക്കുകയാണ് എ, ഐ ഗ്രൂപ്പുകൾ. എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകിയെന്നും പാർട്ടി നന്നാകണമെന്ന് ആഗ്രഹമുള്ളവർ ഇതിനെ വിമർശിക്കില്ലെന്നുമാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത്. തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ഒരു വശത്തു നടക്കുമ്പോൾ നോമിനേഷൻ പ്രക്രിയ തുടരുന്നത് ശരിയോ എന്നതാണ് ഗ്രൂപ്പുകളുടെ ചോദ്യം. സംസ്ഥാനത്ത് പുനഃസംഘടനാ പ്രക്രിയയ്ക്ക് എഐസിസിയുടെ അനുവാദമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറയുന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയും വൈകാതെ പുനഃസംഘടിപ്പിച്ചേക്കും. പദവികളൊന്നുമില്ലാതെ നിൽക്കുന്ന ചില പ്രമുഖ നേതാക്കളെ പരിഗണിക്കാനാണിത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ നേരത്തേ നിശ്ചയിച്ചത് ഹൈക്കമാൻഡ് ആണ്. അതിനാൽ ഹൈക്കമാണ്ട് അംഗീകാരത്തോടെ പുനഃസംഘടിപ്പിക്കും.നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ 56 അംഗ പട്ടിക പുറത്തുവന്നതോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ചേർന്ന് നിൽക്കുന്നവർക്ക് പ്രാധാന്യം കൂടി. പട്ടിക തയ്യാറാക്കുന്നതിൽ കെ.സി വേണുഗോപാൽ ഇടപെട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറയുമ്പോഴും മൂന്നിലൊന്ന് ജനറൽ സെക്രട്ടറിമാരും കെ.സി. വേണുഗോപാൽ പക്ഷക്കാരാണ്.ആകെയുള്ള 23 ജനറൽ സെക്രട്ടറിമാരിൽ പഴകുളം മധു, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, ജോസി സെബാസ്റ്റ്യൻ, പി.എ നിയാസ്, കെ.കെ. എബ്രഹാം, ദീപ്തി മേരി വർഗീസ് എന്നിവർ കെ.സിയോട് അടുപ്പമുള്ളവരാണ്. എഴ് ജനറൽ സെക്രട്ടറിമാർ കെ.സി പക്ഷത്തുള്ളവരാണ്. ഇതിനുപുറമെ കെപിസിസി എക്സിക്യൂട്ടീവിലും കെ.സി. വിഭാഗത്തിന് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ജോർജ് മാമൻ കോണ്ടൂർ, ആലപ്പുഴയിൽ നിന്നുള്ള അഡ്വ.ജോൺസൺ എബ്രഹാം എന്നിവർ കെ.സി പക്ഷത്തുള്ളവരാണ്. നേരത്തെ ജോണ്‍സണ്‍ വി എം സുധീരനൊപ്പം നില്‍ക്കുന്ന ആളായിരുന്നു. ഡി. സുഗതന്‍ കെ.സുധാകരനൊപ്പം നിലയുറപ്പിച്ചിരുന്നു. ശിവദാസന്‍ നായരെ ഭാരവാഹിയാക്കുവാന്‍ ഉമ്മന്‍ചാണ്ടി സജീവമായി നിലകൊണ്ടിരുന്നു. എന്നാല്‍ അതു നടന്നില്ല.
English Summary: Appointment of KPCC secretaries; Opposition groups rallied
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.