
യുഎസില്‍ ധനാനുമതി ബില്‍ 11-ാം തവണയും സെനറ്റില്‍ പരാജയപ്പെട്ടു. ഇതോടെ അമേരിക്ക ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക അടച്ചുപൂട്ടലിലേക്ക് കടക്കും. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് അടച്ചുപൂട്ടല്‍ തുടരുന്നതിന് കാരണം.
2026ന്റെ തുടക്കം വരെയുള്ള ചെലവുകള്‍ക്കായി 12ഓളം ബില്ലുകളാണ് സെനറ്റ് പാസാക്കേണ്ടത്. എന്നാല്‍ ഈ ബില്ലുകളില്‍ ആരോഗ്യ രംഗത്തേക്കുള്ള ഒബാമ കെയര്‍ സബ്‌സിഡികള്‍ അടക്കം ഉറപ്പാക്കണമെന്ന ഡെമോക്രാറ്റുകളുടെ നിര്‍ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ബില്ലില്‍ പുതിയ ചെലവുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണ് ട്രംപിന്റേത്. 20 ദശലക്ഷത്തിലധികം വരുന്ന മധ്യവര്‍ഗ അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ഉറപ്പുനല്‍കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം.
ഒക്ടോബര്‍ ഒന്നിനാണ് യുഎസില്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചത്. ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ അടച്ചുപൂട്ടിലില്‍ മാറ്റമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു. പക്ഷെ ധനവിനിയോഗ ബില്‍ വീണ്ടും തള്ളപ്പെട്ടതോടെ ട്രംപ് വീണ്ടും പ്രതിസന്ധിയിലായി. യുഎസ് സെനറ്റില്‍ 53 റിപ്പബ്ലിക്കന്‍മാരും 45 ഡെമോക്രാറ്റുകളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 100 അംഗങ്ങളാണ് ഉള്ളത്. 60 പേരുടെ പിന്തുണയാണ് ധനവിനിയോഗ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് ലഭിക്കേണ്ടത്. റിപ്പബ്ലിക്കന്‍മാര്‍ക്ക് പുറമെ ഏഴ് ഡെമോക്രാറ്റുകളും ബില്ലിനെ പിന്തുണയ്ക്കണം.
ആവശ്യസാധനങ്ങള്‍ ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സേവനങ്ങളും സ്തംഭിക്കുന്ന അവസ്ഥയെയാണ് അടച്ചുപൂട്ടല്‍ എന്നു പറയുന്നത്. യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും.
വരും ദിവസങ്ങളില്‍ ഫെഡറല്‍ ജീവനക്കാർക്കും സൈനികര്‍ക്കും അടച്ചുപൂട്ടല്‍ സമയത്ത് ശമ്പളം നല്‍കാന്‍ അനുവദിക്കുന്ന നിയമനിര്‍മാണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ ട്രംപ് പദ്ധതിയിടുന്നതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാരിന് ഇഷ്ടമുള്ളവര്‍ക്ക് ശമ്പളം നല്‍കാനും മറ്റുള്ളവരെ പിരിച്ചുവിടാനും സാധ്യതയുള്ളതിനാല്‍ നിയമനിര്‍മ്മാണത്തെ ഡെമോക്രാറ്റുകള്‍ തടയാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.