4 December 2024, Wednesday
KSFE Galaxy Chits Banner 2

ജൈവവൈവിധ്യ പരിസ്ഥിതി നിയമത്തിന് യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അംഗീകാരം

Janayugom Webdesk
പാരിസ്:
July 13, 2023 9:24 pm

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ആവാസവ്യവസ്ഥയുടെ നിലനിൽപ്പ് തുടങ്ങി വിവിധ ലക്ഷ്യങ്ങളുമായി നിർണായക ജൈവവൈവിധ്യ പരിസ്ഥിതി നിയമത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ്. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 336 അംഗങ്ങൾ നിയമത്തെ അനുകൂലിച്ചും, 300 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.13 പേര്‍ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.
ഹരിത അജണ്ടയുടെ ഭാഗമായാണ് പുതിയ നിയമം. യൂറോപ്യൻ കമ്മിഷന്റെ നിർദേശങ്ങളും നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2030ഓടെ ഭൂമിയിലെ കര, സമുദ്ര ഭാഗങ്ങളുടെ 20 ശതമാനം അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയെന്നതാണ് ഇതിൽ പ്രധാനം. 2025ഓടെ കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞതോതിലെത്തിക്കുകയും ലക്ഷ്യമാണ്. യൂറോപ്യൻ പീപ്പിൾസ് പാർട്ടിയുടെ (ഇപിപി) കടുത്ത എതിർപ്പ് പോലും മറികടന്നാണ് നിയമത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം. പാരിസ്ഥിതിക വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്നതിന് പകരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സാമ്പത്തിക മത്സരക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇപിപിയുടെ പക്ഷം. ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളി, ഇന്ധന വിലക്കയറ്റം, കർഷകദ്രോഹം എന്നിങ്ങനെയുള്ള ആശങ്കകളാണ് എതിർപ്പുന്നയിച്ച് ഇപിപി മുന്നോട്ടുവച്ചത്.
ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ സമ്മേളനം എത്തിച്ചേർന്ന സുപ്രധാന ഉടമ്പടി യൂറോപ്യൻ യൂണിയൻ പുതിയ നിയമത്തിലൂടെ പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ നിയമം ദുർബലമാണെന്ന വിമർശനവുമായി നിരവധി പരിസ്ഥിതി സംഘടനകൾ രംഗത്തുണ്ട്. വനനശീകരണം തടയാനുള്ള കർശന നടപടികളില്ലെന്നാണ് പലരും നിയമത്തിനെതിരായി ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥ, പരിസ്ഥിതി നയങ്ങളിൽ ഇരട്ടത്താപ്പോടെ മുന്നോട്ടുപോകാൻ യൂറോപ്യൻ യൂണിയനാകില്ലെന്നും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ പീപ്പിൾസ് പാർട്ടിയ്ക്ക് കൂടി അംഗീകരിക്കാനാകുന്നവിധം ഭേദഗതികളും നിയമത്തിൽ കൊണ്ടുവന്നേക്കും.

eng­lish sum­ma­ry ; Approval of the Bio­di­ver­si­ty Envi­ron­ment Act by the Euro­pean Union Parliament
you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.