23 November 2024, Saturday
KSFE Galaxy Chits Banner 2

അപ്പുക്കുട്ടൻ മാഷും കമല ടീച്ചറും പിന്നെ ഞാനും

ദിനേശൻ കണ്ണപുരം
കഥ
May 8, 2022 7:26 am

രാത്രി വൈകിയാണ് ഞാൻ ഉറങ്ങാൻ കിടന്നത്. അപ്പുക്കുട്ടൻ മാഷിന്റെ അമ്മ കമല ടീച്ചർ മരിച്ചതിന്റെ പന്ത്രണ്ടാം നാളായിരുന്നു ഇന്നലെ. കമല ടീച്ചറുടെ പരലോകശാന്തിക്കായി അപ്പുക്കുട്ടൻ മാഷിന്റെ കർമ്മങ്ങൾക്ക് കൂടെ നിൽക്കുക എന്നത് ഒരു നല്ല സ്നേഹിതൻ എന്ന നിലയിൽ എന്റെ കടമയായിരുന്നത് കൊണ്ട് പുലരുവോളം ഞാൻ അപ്പുക്കുട്ടൻ മാഷിന്റെ കൂടെയായിരുന്നു.
എന്റെ കഥയിൽ അപ്പുക്കുട്ടൻ മാഷ് ഇടമാവുന്നത് ഇങ്ങനെയാണ്:
ഞാൻ ഒരു പുസ്തക വിൽപ്പനക്കാരനാണ്. നൂറ് രൂപയുടെ പുസ്തകം പ്രസാധകരിൽ നിന്ന് അറുപത്തിയഞ്ച് രൂപ കൊടുത്ത് വാങ്ങി തൊന്നൂറ് രൂപക്ക് ഉപഭോക്താവിന് കൊടുത്ത് കിട്ടുന്ന പത്ത് ശതമാനം കൂട്ടി വെച്ച് ജീവിക്കുന്ന ഒരു പാട് പേരിൽ ഒരാൾ.
വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ സമ്മേളന നഗരികളൊക്കെ എന്റെ പുസ്തക വിൽപ്പന കേന്ദ്രങ്ങളാണ്.
അപ്പുക്കുട്ടൻ മാഷെ ഞാൻ പരിചയപ്പെടുന്നത് പുതിയങ്ങാടി എൽ. പി. സ്കൂൾ വെച്ചായിരുന്നു. അപ്പുക്കുട്ടൻ മാഷ് നല്ലൊരു വായനക്കാരൻ അല്ലെങ്കിലും പുസ്തകം വാങ്ങുന്ന കാര്യത്തിൽ മാഷ് ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിരുന്നില്ല. അതു കൊണ്ട് തന്നെ എന്റെ ഉച്ചയൂണിനുള്ള വക അപ്പുക്കുട്ടൻ മാഷ് പുസ്തകം വാങ്ങിയാൽ എനിക്ക് കിട്ടും.
ഒരു ദിവസം അങ്ങനെ കിട്ടിയ കാശ് കൊണ്ട് ഒരു പൊതി മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ അപ്പുക്കുട്ടൻ മാഷിന്റെ ചോദ്യത്തിന് ഞാൻ ഇങ്ങനെ ഉത്തരം പറഞ്ഞു:
ഹോട്ടലിൽ ചോറിന് അമ്പത് രൂപ കൊടുക്കണം. അത് എന്റെ വയറു നിറയ്ക്കും. എന്റെ വിശപ്പും മാറ്റും. എന്നാൽ ആ കാശ് കൊണ്ട് ഒരു പൊതി മീൻ വാങ്ങി വീട്ടിൽ ചെന്നാൽ ചോറിന് കൂട്ടാനായി. എന്റെ അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും മീൻകറി കൂടി രുചിയോടെ ചോറുണ്ണുമ്പോൾ എന്റെ മനസ് നിറയും. ഞാൻ ഒരിക്കലും ഒറ്റക്ക് ഉണ്ട് രസിക്കാറില്ല. എന്റെ മനസ്സ് അങ്ങനെയാണ്. എന്റെ വിശപ്പ് ഞാൻ ഇറക്കി വയ്ക്കുന്നത് എന്റെ വീട്ടിലാണ്.
എന്റെ വർത്താനം കേട്ട് അപ്പുക്കുട്ടൻ മാഷിന്റെ കണ്ണുകൾ നനഞ്ഞതിന്റെ അർത്ഥം തിരിച്ചറിയാൻ എനിക്ക് പിന്നയും രണ്ടു ദിവസം കഴിയേണ്ടിവന്നു.
അന്ന് ഞാൻ ആശീർവാദ് ഹോസ്പിറ്റലിൽ ഒരു പുസ്തക വിൽപ്പനക്കാരനായി ചെന്നതായിരുന്നു. ആശുപത്രിയിലെ ജീവനക്കാരിൽ പലരും എന്റെ നല്ല വായനക്കാരാണ്. അവർക്ക് പുസ്തകങ്ങൾ കൊടുത്ത് കാശും വാങ്ങി ആശുപത്രി വരാന്തയിലൂടെ പുറത്തെ ഗെയ്റ്റിന് അടുത്തേക്ക് നടക്കുമ്പോഴാണ് ആശുപത്രിയുടെ തെക്കെ കെട്ടിടത്തിലെ വാർഡ് നമ്പർ ഇരുപത്തിയാറിന്റെ വാതിൽ കടന്നു വരുന്ന അപ്പുക്കുട്ടൻ മാഷെ ഞാൻ കണ്ടത്.
ഞാൻ ധൃതിയിൽ അപ്പുക്കുട്ടൻ മാഷിന്റെ അരികിലേക്ക് ചെന്നു.
എന്റെ ചോദ്യങ്ങൾ നാവിൻ മുമ്പത്ത് നിന്നും പുറത്തേക്ക് വീഴുന്നതിന് മുമ്പ് തന്നെ അപ്പുക്കുട്ടൻ മാഷ് പറഞ്ഞു:
”എന്റെ അമ്മയുണ്ട് ഇവിടെ. ചെറിയൊരു മാനസിക വിഭ്രാന്തി. ഇന്നലെ വന്നതാ. ഒരാഴ്ച ഇവിടെ കാണും. അതാ പതിവ്.”
ഞാൻ അപ്പുക്കുട്ടൻ മാഷിന്റ കൂടെ ചെന്നു. കമല ടീച്ചർ നല്ല ഉറക്കത്തിലാണ്. അപ്പുക്കുട്ടൻ മാഷെ പോലെ തന്നെ കറുത്ത് മെലിഞ്ഞൊരു രൂപം.
അപ്പുക്കുട്ടൻ മാഷ് പറഞ്ഞു:
”സത്യേട്ടാ, ഉറങ്ങുമ്പോഴേ ഉള്ളൂ അമ്മയുടെ ഈ ശാന്തത. മരുന്നിന്റെ കാഠിന്യം കുറഞ്ഞാ അപ്പോ തുടങ്ങും കൊച്ചു കുട്ടികളപോലെ ശാഠ്യം പിടിച്ച് അനുസരണക്കേട് കാട്ടാൻ.”
തുടർന്ന് എന്റെ ചോദ്യങ്ങളും മാഷിന്റെ ഉത്തരങ്ങളും കുമിഞ്ഞുകൂടിയപ്പോൾ ക്യാൻവാസിൽ അടിക്കുറിപ്പില്ലാതെ തന്നെ വ്യക്തമാവുന്ന ഒരു കുടുംബചിത്രം തെളിഞ്ഞു വന്നു.
ഉറക്കം മറന്ന് രാജ്യത്തെ സേവിക്കുകയും ഒരു കൊടുങ്കാറ്റുപോലെ കൂടുംബത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കടന്നുപോകുകയും ചെയ്യാറുള്ള രാജ്യത്തിന്റെ അതിർത്തി കാക്കുന്ന മാധവ മാരാർ ആയിരുന്നു അപ്പുക്കുട്ടൻ മാഷിന്റെ അച്ഛൻ.
മാധവ മാരാർ ഭാര്യ കമല ടീച്ചറോട് കാണിച്ച വെറുമൊരു ചടങ്ങിൽ പിറവി കൊണ്ടതായിരുന്നു അവരുടെ രണ്ട് മക്കളായ അപ്പുക്കുട്ടൻ മാഷും കഴകക്കാരിയായ പത്മിനിയും.
പത്മിനിയാണ് ആദ്യം പിറന്നത്. പിറക്കുമ്പോൾ തന്നെ അവൾക്ക് മേൽ ചുണ്ടിൽ ഒരു കീറലുണ്ടായിരുന്നു. അത് പിന്നീട് തുന്നിച്ചേർത്തെങ്കിലും മേൽ നിരയിലെ മുൻ പല്ലുകൾ വെളിയിലേക്ക് തള്ളിനിൽക്കുന്നതിന്റെ അഭംഗി ഏറെ മനോവേദന ഉണ്ടാക്കിയത് കമല ടീച്ചറെയായിരുന്നു.
കമല ടീച്ചറുടെ മാനസിക സംഘർഷം തുടങ്ങുന്നത് മകൾ പത്മിനിയുടെ ജന്മത്തോടെയല്ല. മക്കൾ പിറക്കുന്നതിന് മുമ്പും പിമ്പും ഒരു ചടങ്ങെന്നപോലെ വന്നു പോകാറുള്ള ആളായിരുന്നു കമല ടീച്ചറുടെ ഭർത്താവ്. ഭർത്താവിന്റെ സാന്നിദ്ധ്യം ഒരിക്കലും കമല ടീച്ചറുടെ സ്വപ്നങ്ങൾക്ക് കൂട്ടായിരുന്നില്ല. ടീച്ചർ കൊതിച്ച അനുരാഗങ്ങളൊക്കെയും ആശയറ്റതായിരുന്നു. മാധവ മാരാറുടെ സ്നേഹ ശൂന്യമായ മനോഭാവം കുടുംബ അതിർത്തിക്കുള്ളിലും പച്ചകുത്തിയതുപോലെ നിലനിന്നപ്പോഴാണ് കമല ടീച്ചറുടെ മനസ്സ് താളം പിഴച്ചു തുടങ്ങിയത്.
അങ്ങനെ സ്വപ്നങ്ങളുടെ ചരമത്തിൽ കിടന്ന കമല ടീച്ചർ അന്ന് തൊട്ട് ക്ലാസ് മുറിയിലെ കൊച്ചു കുട്ടികളുടെ രക്ഷസിയാവുകയും വീട്ടിനുള്ളിലെ കലഹക്കാരിയായി തുടരുകയും ചെയ്തു കൊണ്ടിരുന്നു.
കമല ടീച്ചറുടെ രണ്ടാമത്തെ പ്രസവത്തിൽ ഉണ്ടായതാണ് അപ്പുക്കുട്ടൻ മാഷ്.
കമല ടീച്ചർ സർവീസിൽ നിന്നും പിരിഞ്ഞപ്പോൾ ആ ഒഴിവിലേക്ക് നേരത്തെ കാശ് കൊടുത്ത് സീറ്റ് ഉറപ്പിച്ചത് കൊണ്ട് അപ്പുക്കുട്ടൻ മാഷ് അവിടെ അഞ്ചാം ക്ലാസിലെ ഹിന്ദി അദ്ധ്യാപകനായി.
അങ്ങനെ കാലവും കഥയും മാറി വന്നപ്പോൾ വീരമൃത്യു വരിച്ച ഒരു പട്ടാളക്കാരന്റ ഛായാചിത്രവും എൽ പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അദ്ധ്യാപികയുടെ യാത്രയയപ്പിന്റെ മങ്ങിത്തുടങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയും ചുമരിൽ പറ്റിച്ചേർന്ന് കിടക്കുന്നത് അപ്പുക്കുട്ടൻ മാഷിന്റെ കഥ പറച്ചിൽ നിന്നും ഞാൻ ഭാവന ചെയ്തു.
അപ്പുക്കുട്ടൻ മാഷിന്റെ സഹോദരി പത്മിനിയുടെ ജീവിതം ഇപ്പോൾ ചിതൽ തിന്ന് വികൃതമാക്കിയ ഒരു ചിത്രം പോലെയാണ്. കാശ് കൊടുത്ത് വാങ്ങിയ പുരുഷൻ അവൾക്ക് നൽകിയതും രണ്ട് പ്രസവവേദനകൾ മാത്രം. ഒരു പുത്രനും ഒരു പുത്രിയും. അവരെ അമ്മയോടൊപ്പം ബാല്യത്തിന്റെ പടിക്കൽ തന്നെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയതാണ് അയാൾ. പിന്നെ അയാൾ വിരൂപിയ തന്റെ ഭാര്യയോടൊപ്പം കിടക്കാനോ മക്കളെ ലാളിക്കാനോ തിരിച്ച് വന്നില്ല.
അങ്ങനെ വിരൂപിയ മകളുടെയും പേരക്കുട്ടികളുടെയും ഭാവി കമല ടീച്ചറുടെ ചിന്തകളെ ചൂട് പിടിപ്പിച്ചുകൊണ്ടിരുന്നു. ആ ചൂടിന്റെ തീഷ്ണത മൂത്തപ്പോൾ വീട്ടിന് വെളിയിലുള്ള ഇടപെടലുകളിൽ നിന്നും ഉൾവലിഞ്ഞ കമല ടീച്ചർ തലച്ചൂടിന്റെ പുകച്ചിൽ അനുഭവിച്ചു കൊണ്ട് പൂജാമുറിയിലും കിടപ്പറയിലും തപസ്സിരിക്കാൻ തുടങ്ങി.
കമല ടീച്ചറുടെ ഭ്രാന്തമായ ഏകാന്ത വാസത്തിന് പിന്നിലെ താളപ്പിഴകൾ ആദ്യം വായിച്ചെടുത്തത് മകനായ അപ്പുക്കുട്ടൻ മാഷ് തന്നെയായിരുന്നു.
ഭ്രാന്ത് രഹസ്യമായി സൂക്ഷിക്കാൻ പറ്റുന്ന സംഗതിയല്ലല്ലോ. നാട്ടുകാരുടെ പരദൂഷണം നിറഞ്ഞ വളക്കൂറുള്ള മണ്ണിൽ കമല ടീച്ചറുടെ ഭ്രാന്ത് കാട് പിടിച്ച് വളർന്നപ്പോൾ അപ്പുക്കുട്ടൻ മാഷിന്റെ കല്യാണപ്പൊരുത്തകൾക്ക് മീതെ ടീച്ചറുടെ ഭ്രാന്ത് സ്ഥായിയായി തന്നെ നിന്നു.
ആ ഒരു വിഷയത്തിൽ അപ്പുക്കുട്ടൻ മാഷിന്റെ പ്രണയ സ്വപ്നങ്ങളിൽ നിന്നും ഒന്നിനു പിറകെ ഒന്നായി പെൺപൂക്കൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
അപ്പുക്കുട്ടൻ മാഷാണിപ്പോ വീടിന്റെ തൂണ്. മനക്കരുത്ത് ആർജ്ജിക്കാൻ പാടുപെടുന്ന തൂണ്.
ആശുപത്രിയിൽ കമല ടീച്ചർക്ക് കൂട്ടിരിക്കുന്ന അപ്പുക്കുട്ടൻ മാഷ് തന്റെ ജീവിതം ആമുഖമായി പറഞ്ഞ് വെച്ചതിനുശേഷം എന്റെ മുന്നിൽ ഒരു അപേക്ഷ വെച്ചു. അത് ഇങ്ങനെയായിരുന്നു:
”സത്യേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്കൊരു ഉപകാരം ചെയ്യണം. ഉച്ച വരെ നിങ്ങളെന്റെ അമ്മക്ക് കാവൽ നിൽക്കണം. എനിക്ക് ബാങ്കിൽ ചെന്ന് ആശുപത്രി ചിലവിലേക്കായി ഇത്തിരി കാശെടുക്കാൻ വേണ്ടിയാ. ഉച്ചയൂണിന് മുമ്പ് ഞാൻ തിരിച്ചെത്തിക്കോളാം.”
അങ്ങനെ ഞാൻ അപ്പുക്കുട്ടൻ മാഷക്ക് ഉപകാരിയായി. ആശുപത്രിയിലെ ഒരു ഉച്ചനേരത്തെ അനുഭവം കൊണ്ടുതന്നെ കമല ടീച്ചറുടെ ഭ്രാന്തിന്റെ ആഴവും അത് ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന സങ്കടങ്ങളുടെ ആഴവും എത്രത്തോളമെന്ന് എനിക്ക് നന്നായി ബോധ്യപ്പെട്ടു.
പിന്നീട് കമല ടീച്ചർ ആശുപത്രിയിൽ നിന്നും പോകുന്നതുവരെ ഒരാഴ്ചയോളം ഞാൻ വാർഡ് നമ്പർ ഇരുപത്തിയാറിലെ നിത്യസന്ദർശകനായി. എന്റെ സാന്നിദ്ധ്യം അപ്പുക്കുട്ടൻ മാഷ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. അമ്മയെ തനിച്ചാക്കി ഡോക്ടറുടെ ക്യാബിനിൽ ചെല്ലാനും മെഡിക്കൽ ഷോപ്പിലും കാന്റീനിൽ പോയിവരാനുമുള്ള മാഷിന്റെ വേവലാതികൾ എന്റെ സാന്നിദ്ധ്യം കൊണ്ട് അല്പമെങ്കിലും ലഘൂകരിച്ചിരുന്നു.
അപ്പുക്കുട്ടൻ മാഷിന്റെ അദ്ധ്യാപനവും എന്റെ പുസ്തക വിൽപ്പനയും രണ്ട് തലങ്ങളിലായി തുടർന്ന് കൊണ്ടിരിക്കുന്നതിന് ഇടയിലും ഒരു ഇടവേളപോലെ കമല ടീച്ചറുടെ ആശുപത്രിവാസവും എന്റെ സന്ദർശനവും വന്നു പോയി കൊണ്ടിരുന്നു. അതിനിടയിൽ തന്റെ സംഘർഷങ്ങൾക്ക് ആശ്വാസമാവാൻ ഒരു പെണ്ണ് കുടുംബത്തിൽ വേണമെന്ന ചിന്ത ഏറി വന്നപ്പോൾ സ്വപ്നങ്ങളെ ലഘൂകരിച്ച് കൊണ്ട് കമല ടീച്ചറുടെ സഹോദര പുത്രിയായ സമപ്രായക്കാരിയെ അപ്പുക്കുട്ടൻ മാഷ് കുടുംബിനിയാക്കി.
തുടർന്ന് അപ്പുക്കുട്ടൻ മാഷ് തന്റെ വീട്ടുകാര്യത്തില്ല ശ്രദ്ധയുടെ പാതി താലികെട്ടിക്കൊണ്ടു വന്ന പെണ്ണിന് പകുത്തു നൽകി. അവൾ തനിക്കു കിട്ടിയ ചുമതല ഭംഗിയായി നിർവ്വഹിച്ചു തുടങ്ങിയപ്പോൾ അപ്പുക്കുട്ടൻ മാഷക്കു മാത്രമല്ല പെങ്ങൾ പത്മിനിക്കും അത് വലിയ ആശ്വാസമായി.
ഒരിക്കൽ ഞാൻ പുസ്തക കെട്ടുമായി അപ്പുക്കുട്ടൻ മാഷെ കാണാൻ പോയപ്പോൾ പലതും പറയുന്നതിനിടയിൽ അപ്പുക്കുട്ടൻ മാഷ് പറഞ്ഞു:
”ജീവിക്കാൻ കൊതിയുള്ളവർ മഴവില്ല് തേടി പോകും. ചിലർ ഭാഗ്യത്തിന്റെ ഉന്നതിയിൽ ആഹ്ളാദിക്കും. ചിലർ നിർഭാഗ്യത്തിന്റെ ആഴത്തിൽ കിടന്ന് ഇഴഞ്ഞ് ജീവിക്കും. ഞാൻ ഇഴയുകയാണ്. സമ്പത്ത് മാത്രമല്ല ജീവിതം. ഒന്നിച്ചു കഴിയുന്നവരുടെ മനസ്സും ബുദ്ധിയും ആരോഗ്യപരമല്ലെങ്കിൽ ജീവിതം ഉരുകി ഒലിച്ചുകൊണ്ടേയിരിക്കും. ഞാൻ സ്വയം ഉരുകി നിറഞ്ഞൊരു തടാകമാണ്. അത് കാഴ്ചയാവാതിരിക്കാനാണ് എന്റെ ശ്രമം. അമ്മയുടെ ഭ്രാന്ത് ചുറ്റുവട്ടത്തിന്റെ ഉള്ളവർക്ക് രസിക്കാനുള്ളതായി മാറിയിരിക്കുന്നു. അല്ലെങ്കിലും എല്ലാവരും ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ പതനമാണല്ലോ.”
വർത്തമാനം വഴി തിരിച്ചുവിട്ടു കൊണ്ട് അപ്പുക്കുട്ടൻ മാഷ് തുടർന്നു:
”കെട്ടിയോക്ക് ഒരു പുസ്തകം വേണം. പൂജാ മുറിയിൽ വെക്കാനല്ല. രാമായണവും ഭാഗവതവും കൃഷ്ണപ്പാട്ടുമൊക്കെ അവൾക്ക് കലണ്ടറിൽ അടയാളപ്പെടുത്തി വച്ച വായന മാത്രമാണ്. അതു പോര. അവളെ കലണ്ടറിലെ അക്കങ്ങളിൽ മാത്രം തളച്ചിടാതെ വായനയുടെ മറ്റൊരു തലം കൂടി പരിചയപ്പെടുത്തണമെന്ന് എനിക്കൊരു മോഹമുണ്ട്. വി ടി യുടെ ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’, ലളിതാംബിക അന്തർജ്ജനത്തിന്റെ ‘അഗ്നിസാക്ഷി’, അജിതയുടെ ‘ഓർമ്മക്കുറിപ്പുകൾ’, ഗൗരിയമ്മയുടെ ആത്മകഥ…”
അപ്പുക്കുട്ടൻ മാഷ് തന്ന ലിസ്റ്റിലെ പുസ്തകങ്ങൾ മുഴുവനും ശേഖരിച്ച് അദ്ദേഹം പറഞ്ഞതിന്റെ മൂന്നാം ദിവസം ഉച്ചക്ക് മാഷിന്റെ വീട്ടിലേക്ക് ചെന്നപ്പോ അവിടം ഒരു മരണവീടിന്റെ അന്തരീക്ഷമായിരുന്നു.
മരണ വീട്ടിന്റെ ഉള്ളകത്ത് അപ്പുക്കുട്ടൻ മാഷ് അമ്മയുടെ വേർപാടിൽ സങ്കടങ്ങളുടെ പെരുമഴയായി നിൽക്കുമ്പോൾ അത്തരമൊരു നൊമ്പരങ്ങളുടെ ആഴം അനുഭവിച്ചിരുന്ന ഞാൻ ഏറെ നേരം മാഷിന്റെ അരികിൽ സാന്ത്വനമായി നിന്നു. അപ്പുക്കുട്ടൻ മാഷ് പറയാതെ തന്നെ മരണ വീട്ടിലെ കൊച്ചു കൊച്ചു കാര്യങ്ങളുടെ നേതൃത്വം ഞാൻ ഏറ്റെത്തു. മരണം കാണാൻ വന്നവരെ വെയിലത്ത് നിർത്താതിരിക്കാൻ മുറ്റത്ത് താർപ്പായ വലിച്ചുകെട്ടുന്നതിൽ നാട്ടുകാരോടൊപ്പം ഞാനും കൂട്ടുനിന്നു. ചന്ദനത്തിരി, രാമച്ചം, വെളിച്ചെണ്ണ, കൊട്ടത്തേങ്ങ, നെയ്ത്തിരി തുടങ്ങി കർമ്മത്തിനു വേണ്ട സാധനങ്ങളുടെ പട്ടിക ഉണ്ടാക്കി അയൽവീട്ടിലെ പയ്യനെ കടയിലേക്ക് പറഞ്ഞുവിട്ടു. കമല ടീച്ചറെ ദഹിപ്പിക്കാനുള്ള മാവ് മുറിക്കാനും വീട്ടു പറമ്പിന്റെ തെക്കു പടിഞ്ഞാറെ മൂലക്ക് ദഹിക്കാനുള്ള സ്ഥലം വൃത്തിയാക്കിയിടാനും പണിക്കാരെ കണ്ടെത്തി ഏൽപ്പിച്ചു. കമല ടീച്ചറുടെ മൃതദേഹം കുളിപ്പിക്കാനുള്ള ഏർപ്പാടു ചെയ്തു.
പടിഞ്ഞാറ് സൂര്യന്റ ചോരക്കണ്ണ് മൂത്തപ്പോൾ അപ്പുക്കുട്ടൻ മാഷിന്റെ അന്ത്യചുംബനത്തിനു ശേഷം കമല ടീച്ചറുടെ മൃതദേഹം വീട്ടിനകത്തു നിന്നും പുറത്തേക്കെടുത്തു. അപ്പുക്കുട്ടൻ മാഷിന്റെ സങ്കടം നിറഞ്ഞ ശബ്ദവീചികൾ കമല ടീച്ചറുടെ മൃതദേഹത്തോടൊപ്പം പുറത്തേക്ക് ഒഴുകിയപ്പോഴും ശ്രോതാക്കളുടെ പരദൂഷണം തുടർന്നു കൊണ്ടിരുന്നത് ടീച്ചറുടെ ഭ്രാന്തിനെ കുറിച്ചും അവരുടെ മകളുടെയും പേരകുട്ടികളുടെയും ജീവിത അപജയങ്ങളെ കുറിച്ചും തന്നെയായിരുന്നു. ആ രസച്ചരട് പൊട്ടിക്കാൻ മനസില്ലാതതുപോലെ ആയിരുന്നു പലരും മൃതദേഹത്തെ അനുഗമിച്ചത്.
കമല ടീച്ചറുടെ മൃതദേഹം ഭ്രാന്തു പിടിച്ചതു പോലെ കത്താൻ തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ആശുപത്രിക്കകത്തെ കമല ടീച്ചറുടെ ബീഭത്സമായ പ്രകടനമായിരുന്നു. അമ്മയുടെ കത്തിയാളുന്ന ചിതയിലേക്ക് വിങ്ങലോടെ നോക്കി നിൽക്കുന്ന അപ്പുക്കുട്ടൻ മാഷോട് ഞാൻ പറഞ്ഞു:
”കമല ടീച്ചർ അപ്പുക്കുട്ടൻ മാഷെ പത്തു മാസം ഉദരത്തിൽ കിടത്തി വളർത്തി. അതു പോലൊരു സംരക്ഷണം വാർദ്ധക്യത്തിലായ കമല ടീച്ചർക്കും മാഷും കൊടുത്തു. ശുശ്രുഷ അപ്പുക്കുട്ടൻ മാഷിന്റെ കടമയാണ്. അത് മാഷ് മനസിൽ തൊട്ട് നിർവ്വഹിച്ചിട്ടുണ്ട്. അതിന്റെ പുണ്യം എന്തായാലും കമല ടീച്ചർ സ്വർഗത്തിൽ ഇരുന്ന് മാഷ്ക്ക് തരും.
കമല ടീച്ചർ മരിച്ചതിന്റെ പന്ത്രണ്ടാം ദിവസം കാലത്ത് തൊട്ട് എല്ലാ കർമ്മങ്ങക്കും സാക്ഷിയായി അപ്പുക്കുട്ടൻ മാഷിന്റെ കൂടെ നിന്ന ഞാൻ പാതിര കഴിഞ്ഞാപ്പോഴാണ് വീട്ടിലേക്ക് മടങ്ങിയത്. വൈകിയാണ് ഞാൻ ഉറങ്ങാൻ കിടന്നതെങ്കിലും നേരത്തെ തന്നെ ഉണർന്നു. ഉണർന്നതിന്റെ കാരണം ഇങ്ങനെയായിരുന്നു:
ഭൂമിയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന എന്റെ അമ്മ കൂടെയുള്ള കമല ടീച്ചറോട് പറയുകയാണ്:
”നമ്മളെ നമ്മുടെ മക്കൾ നോക്കിയതുപോലെ അവരെ അവരുടെ മക്കളും നോക്കുമായിരിക്കും. അല്ലെ ടീച്ചറെ?”
കമല ടീച്ചർ ചിരിച്ചു. പാരമ്പര്യത്തിന്റെ ഭ്രാന്തമായ ആ ചിരി കേട്ടാണ് ഞാൻ ഉണർന്നത്. സ്വപ്നമല്ലെ? എനിക്കുറപ്പുണ്ടായിരുന്നു. അപ്പുക്കുട്ടൻ മാഷക്ക് ഒരിക്കലും കമല ടീച്ചറെ പോലെ ഭ്രാന്തമായി അങ്ങനെ ചിരിക്കാൻ കഴിയില്ലെന്ന്.
ഞാനത് മനസിൽ ആവർത്തിച്ചു പറഞ്ഞു കെണ്ടേയിരുന്നു. പ്രഭാതത്തിന് ചൂട് പിടിച്ചു തുടങ്ങിയപ്പോൾ ഞാൻ പുസ്തകക്കെട്ടുമായി വീണ്ടും വീടിന് വെളിയിലേക്ക് ഇറങ്ങി. അപ്പുക്കുട്ടൻ മാഷിന്റെ ഭാര്യയാണ് ഇന്നത്തെ എന്റെ ആദ്യ ഉപഭോക്താവ്. അവർ ആവശ്യപ്പെട്ട പുസ്തകം ഇതാണ്:
മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വേർ.
അപ്പുക്കുട്ടൻ മാഷ് സ്കൂളിലേക്ക് ഇറങ്ങുന്നതിനു മുമ്പ് എനിക്ക് അവിടെ എത്തണം. പുസ്തകം കൊടുത്താൽ എനിക്ക് നൂറ്റി ഇരുപത്തിയഞ്ച് രൂപ ലാഭം കിട്ടുന്ന കാര്യമാണ്.
ഞാൻ അപ്പുക്കുട്ടൻ മാഷിന്റെ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
അപ്പോ കമല ടീച്ചറുടെ ഭ്രാന്തമായ ചിരി അപ്പുക്കുട്ടൻ മാഷ് ഏറ്റെടുത്തത് ഞാൻ അറിഞ്ഞതേയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.