
ആറ് ഗോളുകളടിച്ച് ആറാടി മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഐപ്‌സ്വിച്ച് ടൗണിനെ നേരിട്ട സിറ്റി ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് വിജയം നേടിയത്. സിറ്റിക്കായി ഫില്‍ ഫോഡന്‍ ഇരട്ടഗോളുകളുമായി തിളങ്ങി. ഇരു പകുതികളിലായി ടീം മൂന്ന് ഗോളുകള്‍ വീതം ഐപ്‌സ്വിച് ടൗണിന്റെ വലയില്‍ നിക്ഷേപിച്ചു. ഫില്‍ ഫോഡനെ കൂടാതെ മാറ്റിയോ കൊവാസിച്ച്, ജെറമി ഡോകു, എര്‍ലിങ് ഹാളണ്ട്, ജെയിംസ് മക്ക്അറ്റി എന്നിവരാണ് ഗോളുകള്‍ നേടിയത്.
27-ാം മിനിറ്റില്‍ ഫില്‍ ഫോഡനാണ് സിറ്റിക്ക് ലീഡ് സമ്മാനിക്കുന്നത്. ഈ ഗോള്‍ വീണ് മൂന്ന് മിനിറ്റിനുള്ളില്‍ കൊവാസിച്ച് ലീഡ് ഇരട്ടിയാക്കി. 42-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ വീണ്ടും ഗോള്‍ നേടി. ഇതോടെ ആദ്യപകുതി 3–0ന് മുന്നിലായി. രണ്ടാം പകുതിയില്‍ 49-ാം മിനിറ്റിലാണ് ജെറമി ഡോകുവിന്റെ ഗോളെത്തിയത്. അധികം വൈകിയില്ല, 57-ാം മിനിറ്റില്‍ ഹാളണ്ടിന്റെ പക്കലില്‍ നിന്നും ഗോളെത്തിയതോടെ അഞ്ച് ഗോളുകളുടെ ആധിപത്യവുമായി സിറ്റി വിജയമുറപ്പിച്ചു. എന്നാല്‍ ഇവിടെ കൊണ്ടും ഗോളടി നിന്നില്ല. 69-ാം മിനിറ്റില്‍ ജെയിംസ് മക്ക്അറ്റി ആറാം ഗോളും നേടി അക്കൗണ്ട് പൂര്‍ത്തിയാക്കി.
ലീഗില്‍ 22 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റോടെ നാലാം സ്ഥാനത്താണ് സിറ്റി.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റണാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. അതേസമയം 26 പോയിന്റുള്ള യുണൈറ്റഡ് 13-ാം സ്ഥാനത്താണ്. 34 പോയിന്റുമായി ബ്രൈറ്റണ് ഒമ്പതാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.