17 November 2024, Sunday
KSFE Galaxy Chits Banner 2

അറവലക്കുന്ന്

ഒഴുകുപാറ സത്യൻ
November 17, 2024 6:45 am

വെള്ളിയാഴ്ചകളിലാണ്
പാതിരാത്രിയിൽ
അറവലകൾ
കൂട്ടത്തോടെ നിലവിളിക്കുന്നത്
ദുർമരണം സംഭവിച്ചവരുടെ
പ്രേതങ്ങളാണ്
അറവലകളെന്നാണ് സങ്കല്പം
അറവലകളുടെ
നിലവിളി കേൾക്കുമ്പോൾ
താഴ് വാരങ്ങളിലെ
കുപ്പമാടങ്ങൾ പേടിച്ച് വിറയ്ക്കും
അവർ
വിളക്കണച്ച് ഉറങ്ങാൻ തുടങ്ങും
വിളക്ക് വെട്ടം കണ്ടാൽ
അറവലകൾ
വിശപ്പിന്
ചോര ചോദിച്ചെത്തുമത്രെ
അവിടെ
പകലിന് പോലും
കൂരിരുൾ മുഖമാണ്
വർഷത്തിലൊരിക്കലെ
കൊടുതി നാളിലല്ലാതെ
അറവലക്കുന്നിലാരും കേറാറില്ല
അറവലകളിറങ്ങുമ്പോൾ
നായ്ക്കൾ നിർത്താതെ ഓരിയിടും
പ്രേതങ്ങളെ കാണാൻ
നായ്ക്കൾക്ക് കഴിയുമെന്നാണ് വിശ്വാസം
മീനമകരം നാളിലാണ്
മലങ്കുറവന്മാർ
അവിടെ കൊടുതി നടത്തുന്നത്
അറവലകളുടെ ദാഹം തീർക്കാൻ
നിണബലിയും നടത്തും
കരിങ്കോഴികളുടെ ചിറകടിയും
നിലവിളിയും
ചെണ്ടയിൽ മുഴങ്ങും രൗദ്രതാളവും
ഒരു നടുക്കമാണാർക്കും
ഭക്തിയും ഭയവുമാടുന്ന കണ്ണുമായി
അന്ന് പലരും
അറവലക്കുന്ന് കേറും
ചന്ദനമരങ്ങളും
കരിവീട്ടിയും, കുടപ്പനയും
പരസ്പരമാശ്ലേഷിച്ചും
നാഗത്താന്മാർ ഭയമേതുമില്ലാതെ
ഇഴഞ്ഞും നടക്കും
യക്ഷിത്തറയിൽ
പൂപ്പടയൊരുക്കി
ജീവനുള്ള അറവലകൾ
കോഴിച്ചോര കുടിച്ച്
ഉറഞ്ഞു തുള്ളി
പൂപ്പട വാരി
കൊന്ന് തൂക്കപ്പെട്ടവളുടെയും
വിശന്ന് ചത്തവന്റെയും
സങ്കടങ്ങൾ പൊട്ടിക്കും
അന്നാണ്
കുന്നു കേറുന്ന അന്ധവിശ്വാസികൾ
വിശ്വാസികളായി
കുന്നിറങ്ങുന്നത് 

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.