17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 15, 2024
November 14, 2024
November 12, 2024
November 11, 2024
November 11, 2024
November 9, 2024
November 9, 2024

കണ്ണീരുറങ്ങാതെ അര്‍ജുന്റെ വീട്

Janayugom Webdesk
കോഴിക്കോട്
July 21, 2024 8:53 pm

അങ്ങ് ദൂരെ കർണാടകയിലെ ഷിരൂരിൽ മഴ തുടരുകയാണ്… ഇങ്ങിവിടെ കോഴിക്കോട് കണ്ണാടിക്കലിൽ അർജുന്റെ വീട്ടിൽ കണ്ണീർമഴയും. വീട്ടുപടിക്കൽ വരെ പൂനൂർ പുഴ കരവിഞ്ഞെത്തിയ വെള്ളം നിറഞ്ഞു നില്പുണ്ട്. ചെറിയ വഴിയിലൂടെ മുട്ടറ്റം വെള്ളം താണ്ടി വീട്ടിലെത്തുന്ന നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്നു. വരാന്തയിൽ ദൂരേയ്ക്ക് നോക്കി മകന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് അച്ഛൻ പ്രേമൻ. ഭർത്താവ് തിരിച്ചെത്തുമെന്ന ഉറപ്പോടെ മകനെയുമെടുത്ത് ഭാര്യ കൃഷ്ണപ്രിയ. അമ്മ ഷീലയും സഹോദരിയും പ്രതീക്ഷ കൈവിടാതെ വീട്ടിലുണ്ട്. 

ജീവിത പ്രയാസങ്ങളോട് പൊരുതി വന്നവനാണ് അർജുൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം തിരിക്കുമ്പോൾ വാഹനത്തിൽ അവനൊറ്റയ്ക്കായിരുന്നു. ഈ മാസം എട്ടിന് കൂപ്പിൽ തടിയെടുക്കാൻ പോയതും തനിച്ചുതന്നെ. കോട്ടക്കലിൽ നിന്ന് മൈസൂരുവിലേക്കും അതുവഴി കുശാൽ നഗറിലേക്കും അവിടുന്ന് ബെൽഗാമിലേക്കും. അക്കേഷ്യ ലോഡുമായി തിരിച്ചുവരുമ്പോൾ പതിവ് വിശ്രമത്തിന് വണ്ടി നിർത്തിയ അർജുനും ലോറിയും ഇപ്പോഴും കാണാമറയത്താണ്. കുടുംബം പുലർത്താൻ 23-ാം വയസിൽ വലിയ വാഹനത്തിന്റെ വളയം പിടിച്ചതാണ് അർജുൻ. അവൻ തിരിച്ചുവരുന്നതും കാത്തിരുന്ന കുടുംബത്തെ തകർത്തത് രക്ഷാപ്രവർത്തനത്തിലുണ്ടായ പിഴവുകളാണ്. തെരച്ചിലിലെ മെല്ലപ്പോക്കിനിടയിലും ആശ്വാസം പകർന്ന് ഒരു നാട് ഇവർക്കൊപ്പം രാപ്പലുകൾ കൂട്ടിരിപ്പുണ്ടായിരുന്നു. ഇന്ന് പക്ഷെ ആശ്വാസം പകർന്നവരുടെ മുഖത്തും നിരാശ നിറഞ്ഞിരുന്നു. അർജുനെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അവർ പ്രതിഷേധവുമായി തെരുവിലേക്കുമിറങ്ങി. 

തിരച്ചിലിന് സൈന്യം എത്തിയതായിരുന്നു ഇന്ന് രാവിലത്തെ പ്രതീക്ഷ. അപകട മേഖലയിൽ സൈന്യത്തിന്റെ സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കത്തയച്ചിരുന്നു. തുടർന്നാണ് സൈന്യം എത്തിയത്. എന്നാൽ സൈന്യത്തിന്റെ തെരച്ചിലിൽ മണ്ണിനടിയിൽ ലോറി കണ്ടെത്താനായില്ലെന്നും ഇനി കരയിൽ പ്രതീക്ഷയില്ലെന്നും കർണാടക റവന്യു മന്ത്രി പറഞ്ഞതോടെ നിരാശ നിറഞ്ഞു. ജിപിഎസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറി കണ്ടെത്താത്ത സാഹചര്യത്തിൽ അർജുനടക്കമുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. അർജുന്റെ ബന്ധുക്കളിൽ പലരും ഷിരൂരിലുണ്ട്. 

അദ്ഭുതം സംഭവിക്കും. അർജുൻ ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും. 16 ന് രാവിലെ പൻവേൽ- കന്യാകുമാരി ദേശീയപാതയിലായിരുന്നു അർജുൻ അപകടത്തിൽ പെട്ടത്. അപകട ശേഷം പ്രവർത്തന രഹിതമായിരുന്ന അർജുന്റെ ഫോൺ മൂന്നു ദിവസത്തിന് ശേഷം റിങ് ചെയ്തതും ലോറിയുടെ എന്‍ജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകിയിരുന്നു. 

Eng­lish Sum­ma­ry: Arjun’s house with tears

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.