
അര്‍മേനിയയെ ഗോള്‍മഴയില്‍ മുക്കി പോര്‍ച്ചുഗല്‍ 2026 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി. അര്‍മേനിയയുടെ വലയില്‍ പറങ്കിപ്പട ഒന്നിനെതിരെ ഒമ്പത് ഗോളുകളാണ് നിറയൊഴിച്ചത്. ജാവോ നെവെസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക് ഗോളുകളുമായി തിളങ്ങി. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. അന്താരാഷ്ട്ര കരിയറില്‍ റൊണാള്‍ഡോയുടെ ആദ്യ ചുവപ്പ് കാര്‍ഡായിരുന്നു ഇത്. എന്നാല്‍ പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയതോടെ റൊണാള്‍ഡോ ആറാം ലോകകപ്പും കളിക്കുമെന്നുറപ്പായി.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ റെനാറ്റോ വെയ്ഗ നേടിയ ഗോളില്‍ പറങ്കിപ്പടയാണ് മുന്നിലെത്തിയത്. 18-ാം മിനിറ്റില്‍ സ്പേര്‍ട്ട്സിയന്‍ അര്‍മേനിയയ്ക്ക് വേണ്ടി ഗോള്‍ നേടിയതോടെ 1–1 എന്ന നിലയിലായി. പിന്നീടായിരുന്നു പോര്‍ച്ചുഗലിന്റെ ഗോള്‍വേട്ട. ഗോണ്‍സാലോ റാമോസ് (28), ജാവോ നെവെസ് (30, 41), ബ്രൂണോ ഫെര്‍ണാണ്ടസ് (45+1) എന്നിവര്‍ ഗോള്‍ നേടിയതോടെ ആദ്യപകുതിയില്‍ 5–1ന് പോര്‍ച്ചുഗല്‍ ആധിപത്യം സ്ഥാപിച്ചു.
51-ാം മിനിറ്റില്‍ ബ്രൂണോ വീണ്ടും ഗോള്‍ നേടിയതോടെ രണ്ടാം പകുതിയിലെ ഗോള്‍ വേട്ട പോര്‍ച്ചുഗല്‍ ആരംഭിച്ചു. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്രൂണോ തന്റെ ഹാട്രിക് തികച്ചു. ഒമ്പത് മിനിറ്റുകള്‍ക്കുള്ളില്‍ ഗോള്‍ നേടി നെവെസും ഹാട്രിക് തികച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഫ്രാന്‍സിസ്‌കോ കോണ്‍സെവാ ഒമ്പതാം ഗോളും നേടി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ അസര്‍ബെയ്ജാനെ ഫ്രാന്‍സ് തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഫ്രാന്‍സിന്റെ ഗംഭീര തിരിച്ചുവരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.