18 November 2024, Monday
KSFE Galaxy Chits Banner 2

ഇന്ന് കരസേനാ ദിനം: ഭാരതത്തിന്റെ വീര പുത്രന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ച് രാഷ്‌ട്രം

Janayugom Webdesk
January 15, 2022 10:03 am

രാജ്യം ഇന്ന് 74 ാം കരസേനാ ദിനം ആഘോഷിക്കുകയാണ്. എല്ലാ കരസേനാ ആസ്ഥാനങ്ങളിലും രാജ്യത്തെ സൈനികരെ ആദരിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ നടക്കും. ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം.

കരേസനാദിനം

 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനമാണിത്. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തും.

കരേസനാ ദിനം ആചരിക്കുന്നത് എങ്ങനെ?

വിവിധ കരസേനാ ആസ്ഥാനങ്ങളിൽ സൈനിക പരേഡുകൾ സംഘടിപ്പിക്കുന്നു. ആ പരേഡുകൾ വിവിധ ഏരിയൽ സ്റ്റണ്ടുകൾ, ബൈക്ക് പിരമിഡുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റിലെ ‘അമർ ജവാൻ ജ്യോതി’യിലാണ് രാജ്യം സൈന്യത്തിന് ആദരാഞ്ജലി അർപ്പിക്കുന്നത്. പരേഡിനുള്ള പ്രധാന വേദിയാണ് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ട്. ധീരതക്കുള്ള അവാർഡുകളും സേന മെഡലുകളും ഈ ദിവസം നൽകുന്നു.

ജനറൽ കരിയപ്പയുടെ പ്രാധാന്യം?

 

സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ കമാൻഡർ-ഇൻ‑ചീഫ് ആയി കൊഡന്ദേര “കിപ്പർ” മാഡപ്പ കരിയപ്പ ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തു. ഫീൽഡ് മാർഷൽ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരിൽ ഒരാളാണ് അദ്ദേഹം. 1947 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിനായി പ്രധാന പങ്ക് വഹിച്ചു.

കർണാടക സ്വദേശിയായ ജനറൽ കരിയപ്പയുടെ സൈനിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. സൈന്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകൾക്ക് നേതൃത്വം നൽകിയപ്പോൾ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. യുകെയിലെ കേംബർലിയിലെ ഇംപീരിയൽ ഡിഫൻസ് കോളേജിൽ പരിശീലനം നേടിയ ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കരസേനയുടെ മുദ്രാവാക്യം?

‘സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം’ എന്നതാണ് ഇന്ത്യന്‍ കരസേനയുടെ മുദ്രാവാക്യം. ദേശീയ സുരക്ഷയും ഐക്യവും ഉറപ്പുവരുത്തുക, ബാഹ്യ ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര ഭീഷണികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക, അതിര്‍ത്തിക്കുള്ളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുക എന്നിവയാണ് ഇന്ത്യന്‍ കരസേനയുടെ ദൗത്യം.

 

രാഷ്‌ട്രത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന കരസേനയുടെ പോരാട്ടവീര്യം പ്രശംസനീയമാണ്. പ്രതികൂലസാഹചര്യങ്ങള്‍ തൃണവത്ഗണിച്ചാണ് ഓരോ സൈനികനും രാഷ്‌ട്രത്തെ സംരക്ഷിക്കുന്നത്.
ഈ കരസേനാ ദിനത്തില്‍ ഭാരതത്തിന്റെ വീര പുത്രന്മാരുടെ വീര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും ആത്മസമര്‍പ്പണത്തിനും മുന്നില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.