16 June 2024, Sunday

Related news

June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 10, 2024
June 10, 2024
June 9, 2024
June 7, 2024

ആരോഗ്യസേതു ആപ്പ് നിര്‍ജീവം; ആശങ്കയായി വിവരശേഖരം

Janayugom Webdesk
ന്യൂഡല്‍ഹി
August 6, 2022 10:34 pm

കോവിഡ് പ്രതിരോധത്തിനായി രൂപകല്പന ചെയ്ത ആരോഗ്യസേതു ആപ്പ് നിര്‍ജീവമായെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഈ വര്‍ഷം മേയ് മുതല്‍ ആപ്ലിക്കേഷനിലൂടെയുള്ള വിവരശേഖരണവും ബോധവല്ക്കരണവും അവസാനിപ്പിച്ചുവെന്ന മറുപടി സര്‍ക്കാര്‍ നല്‍കിയത്. കോവിഡ് മഹാമാരി വ്യാപനത്തിന്റെ പലഘട്ടങ്ങളിലും വാക്സിനേഷന്‍ യ‍‍ജ്ഞത്തിന്റെ കാലയളവിലും ശേഖരിച്ച ഡാറ്റ എന്തു ചെയ്യുമെന്ന ആശങ്കയാണ് ഇതോടെ ഉയര്‍ന്നുവന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ 2020 ഏപ്രില്‍ മുതല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിച്ച പൊതു വിവരങ്ങള്‍ നശിപ്പിക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് വിവരാവകാശ അപേക്ഷ നല്‍കിയത്.

കോണ്‍ടാക്ട് ട്രേസിങ് ആപ്ലിക്കേഷനായി വികസിപ്പിച്ച ആരോഗ്യ സേതുവിനെ ‘ദേശീയ ആരോഗ്യ ആപ്പ്’ ആയി മാറ്റാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ മറുപടി. ആപ്ലിക്കേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഈ മറുപടി നല്‍കിയത്. ആരോഗ്യസേതു നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനല്ല. ഇതിനകം തന്നെ, ആപ്പിന്റെ അധികാരപരിധി ഐടി മന്ത്രാലയത്തിൽ നിന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. സ്വകാര്യത സംബന്ധിച്ച രണ്ടാമത്തെ ചോദ്യത്തിന് ആപ്പിലെ വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള പ്രോട്ടോക്കോള്‍ അവസാനിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. 

ആപ്പിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ എളുപ്പമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ വ്യക്തി, ആരോഗ്യ വിവരങ്ങളും ജിപിഎസ് അടക്കമുള്ള ഡാറ്റയും ശേഖരിക്കുന്ന ആരോഗ്യസേതു ആപ്പ് അപകടകരമാണെന്ന് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ആപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അതിനാൽ ഇത് പ്രവർത്തിപ്പിക്കുന്ന ഒരു സജീവ പ്രോട്ടോക്കോൾ ആവശ്യമില്ലെന്നും ആരോഗ്യസേതു രൂപകല്പന ചെയ്‌ത നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻ‌ഐ‌സി) പറയുന്നു, ഇപ്പോഴും നിരവധി ഇന്ത്യക്കാര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 10 ലക്ഷം ഡൗണ്‍ലോഡുകളുണ്ടായെന്നാണ് കണക്ക്. മാര്‍ച്ചില്‍ മാത്രം 11 ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നു. വാക്സിനേഷനുള്ള കോവിന്‍ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നതു കൊണ്ടാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

എംപവേർഡ് ഗ്രൂപ്പ് പിരിച്ചുവിട്ടതിന് ശേഷം രണ്ട് തവണ പ്രോട്ടോക്കോൾ നീട്ടിയതിൽ ഐഎഫ്എഫ് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ശേഖരിച്ച പൊതുവിവരങ്ങൾ ഇപ്പോഴും സജീവമാണോ നശിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടുമില്ല. ഉപയോക്താവിന്റെ വ്യക്തിഗത ഡാറ്റ ശേഖരിച്ച ദിവസം മുതൽ 180 ദിവസത്തിന് ശേഷം സ്ഥിരമായി നശിപ്പിക്കപ്പെടുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 

Eng­lish Summary:Arogya Setu app is dead; Data col­lec­tion as a concern
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.