23 January 2026, Friday

സംസ്ഥാനത്ത് ഒരു കോടിയോളം കുപ്പി മദ്യം നശിപ്പിക്കുന്നു

കെ രംഗനാഥ്
തിരുവനന്തപുരം
April 10, 2023 4:28 pm

സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സ്റ്റോക്കിലുള്ള ഒരു കോടിയോളം കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും ബിയറും നശിപ്പിക്കുന്നു. ഉപയോഗയോഗ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മദ്യമാണ് നശിപ്പിക്കുന്നത്.
നിയമസഭയില്‍ നല്കിയ വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി വരെ കോര്‍പറേഷന്റെ സ്റ്റോക്കിലുള്ള 5,13,253 പെട്ടി മദ്യമാണ് നശിപ്പിക്കാനുണ്ടായിരുന്നത്. ഒരു പെട്ടിയില്‍ 12 മുതല്‍ 24 വരെ കുപ്പി മദ്യമാണുണ്ടാവുക. ബിയര്‍ മിക്കവാറും എല്ലാ പെട്ടികളിലും 12 എണ്ണം വീതമാണുണ്ടാവുക. നശിപ്പിക്കാനുള്ള മദ്യത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ 5.13 ലക്ഷത്തില്പരം പെട്ടികളാണുണ്ടായിരുന്നത്. ഒന്നേകാല്‍ വര്‍ഷത്തിനുശേഷം ആറ് ലക്ഷം പെട്ടികളിലധികമാവുമെന്നാണ് റിപ്പോര്‍ട്ട്.
ഉപയോഗശൂന്യമായ മദ്യം നശിപ്പിക്കാന്‍ വെെകിയാല്‍ പുതുതായി വരുന്നത് സംഭരിക്കാന്‍ സ്ഥ­ലമില്ലാതെ വരും. കാലാവധി ക­ഴിയുന്ന മദ്യം മാറ്റുന്നതു നീണ്ടാല്‍ കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ പുതിയതും ജനപ്രിയവുമായ മദ്യബ്രാന്‍ഡുകള്‍ എത്തിക്കുന്നതും പ്രതിസന്ധിയിലാവും.

നശിപ്പിക്കാനുള്ള മദ്യത്തിന്റെ പകുതിയിലേറെയും ബിയര്‍ ആ­ണെന്നാണ് ഔദ്യോഗിക കണക്ക്. ബിയറിന്റെ കാലാവധി ആറ് മാസമാണ്. അതുകഴിഞ്ഞാല്‍ ഇവ ഡെഡ്സ്റ്റോക്കിലേക്ക് മാറ്റുകയാണ് പതിവ്. മറ്റിനം മദ്യങ്ങള്‍ കൂടുതല്‍ കാലം സൂക്ഷിക്കാനാവും. റം, ബ്രാണ്ടി, വിസ്കി തുടങ്ങിയ മദ്യങ്ങള്‍ ഉപയോഗയോഗ്യ കാലാവധിയില്ലെന്നാണ് ബിവറേജസ് കോര്‍പറേഷന്‍ അവകാശപ്പെടുന്നതെങ്കിലും വിലകുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകളല്ലാത്ത ഈയിനം മദ്യങ്ങളില്‍ വേഗത്തില്‍ പൂപ്പല്‍ ബാധിക്കാറുണ്ട്. പൂപ്പല്‍ ബാധയുണ്ടാകുന്ന ബ്രാണ്ടിയും വിസ്കിയും റമ്മും ഡെ­ഡ്സ്റ്റോക്കില്‍ ഉള്‍പ്പെടുത്തി നശിപ്പിക്കാറാണ് പതിവ്.
സംസ്ഥാനത്തെ ഏറ്റവും വ­ലിയ ഗോഡൗണായ എറണാകുളത്തെ വെങ്ങോലയ്ക്ക് സമീപത്തുപോലും മദ്യവുമായെത്തിയ ലോറികള്‍ വെയിലും മഴയുമേറ്റ് മാസങ്ങളോളം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. മദ്യം നശിപ്പിക്കാന്‍ സൗകര്യമുള്ളത് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍മില്ലിലാണ്. ഉപയോഗശൂന്യമായ മദ്യം ഭൂമിയിലൊഴിച്ചാല്‍ വന്‍ പരിസ്ഥിതി നാശമാണുണ്ടാവുക. പുല്‍ക്കൊടി മു­തല്‍ വന്മരങ്ങള്‍ വരെ കരിഞ്ഞുണങ്ങി നശിക്കും. അതിനാല്‍ ഇവിടത്തെ പ്രത്യേക പ്ലാന്റില്‍ പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍ ഓരോ കുപ്പിവീതം പൊട്ടിച്ചൊഴിച്ചു നശിപ്പിക്കുന്ന ശ്രമകരമായ പ്രക്രിയയാണ് നടത്തുന്നത്. 

കോര്‍പറേഷനിലെ ഗൂഢസംഘം വിലകുറഞ്ഞ മദ്യത്തിനും ബിയറിനും ചില തട്ടിപ്പ് ഏജന്‍സികള്‍ക്ക് ഓര്‍ഡര്‍ നല്കി കോഴ വാങ്ങുന്നതാണ് ഉപയോഗയോഗ്യമല്ലാത്ത മദ്യയിനങ്ങള്‍ പെരുകുന്നതിനു കാരണമെന്ന് കോര്‍പറേഷനിലെ ഒരു വിഭാഗം ജീവനക്കാര്‍ അടക്കം പറയുന്നു. മദ്യവിലയുടെ പകുതിവരെ ഇവര്‍ക്ക് കമ്മിഷനായി ലഭിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതേക്കുറിച്ച് ചില മദ്യനിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്കിയതായും റിപ്പോര്‍ട്ടുണ്ട്.

Eng­lish Sum­ma­ry: Around one crore bot­tles of liquor are destroyed in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.