22 December 2024, Sunday
KSFE Galaxy Chits Banner 2

സേതുമാധവന്‍; സ്ഫടികംപോല്‍ കലയും ജീവിതവും

രമേശ് ബാബു
മാറ്റൊലി
December 30, 2021 7:39 am

മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസമാനമുള്ള ഒരേയൊരു സംവിധായകന്‍ എന്ന് നിസംശയം പറയാവുന്ന കെ എസ് സേതുമാധവന്‍ വിടപറഞ്ഞു. മരണത്തിലും ആ ഐതിഹാസികത ആവര്‍ത്തിച്ചുകൊണ്ടാണ് ജന്മം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭാരതീയ തത്വചിന്തകളനുസരിച്ച് വാഴ്‌വിന്റെ പുരുഷാര്‍ത്ഥങ്ങളെയും യ­വന തത്വചിന്തകന്‍ അരിസ്റ്റോട്ടിലിന്റെ കാവ്യകലാ സിദ്ധാന്ത ഗ്രന്ഥമായ പൊയറ്റിക്സില്‍ പ്രതിപാദിച്ചിരിക്കുന്ന ‘കഥാര്‍സിസ്’ അഥവാ ശുദ്ധീകരണം എന്ന ധര്‍മ്മത്തെ കലയിലും സാധൂകരിച്ച വ്യക്തിത്വങ്ങളെ അത്യപൂര്‍വമായേ കേരളത്തിന് ലഭ്യമായിട്ടുള്ളു. ഈ ജീവിത ‑കലാ ദ്വന്ദ്വം ഏകീഭവിച്ച അദ്വൈതമായിരുന്നു അദ്ദേഹം. കെ എസ് സേതുമാധവനെപ്പോലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുകയും മാറ്റത്തിന് വിധേയമാക്കുകയും ചെയ്ത എ വിന്‍സന്റ്, പി ഭാസ്കരന്‍, രാമുകാര്യാട്ട് എന്നീ ഉന്നതരായ സംവിധായകര്‍ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും കലയുടെ ആത്മശുദ്ധീകരണം എ­ന്താണെന്ന് ആഴത്തില്‍ ഗ്രഹിച്ചിരുന്നത് സേതുമാധവന്‍ മാത്രമായിരുന്നു. മലയാള സിനിമാലോകത്തെ എക്കാലത്തും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന എ വിന്‍സന്റിന്റെ ഭാര്‍ഗവിനിലയത്തെ മറന്നുകൊണ്ടല്ല ഈ വരികളെഴുതുന്നത്. സേതുമാധവന്‍ എന്ന വ്യക്തിയുടെ താപസ തുല്യമായ മാനസികാവസ്ഥയില്‍ നിന്നാണ് അ­ദ്ദേഹത്തിന്റെ ഓരോ ചിത്രത്തിന്റെയും പിറവിയെന്ന് ആ ജീവിതവും കലാസമീപനവും വ്യക്തമാക്കുന്നു. പാലക്കാട് ജനിച്ച സേതുമാധവന്‍ കുട്ടിക്കാലത്ത് പലപ്പോഴും അമ്മയ്ക്കും അച്ഛനുമൊപ്പം ‍ രമണ മഹര്‍ഷിയെ കാണാനിടയായെന്നും അന്നു മുതല്‍ മനസ് മഹര്‍ഷിയെ പിന്‍തുടരാന്‍ വെമ്പുകയായിരുന്നുവെന്നും അദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിരാശ്രയത്വവും ദാരിദ്ര്യവും നിറഞ്ഞ കുട്ടിക്കാലത്തുതന്നെ സന്യാസത്തിലേക്ക് തിരിയാനുള്ള അഭിവാഞ്ഛ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അച്ഛനില്ലാതായപ്പോൾ കുടുംബത്തിന്റെ ഭാരം മുഴുവനും കൊച്ചിലേ തലയിലേറ്റേണ്ടിവന്ന സേതുമാധവനെന്ന കുട്ടി കുടുംബ പ്രാരാബ്ധങ്ങളില്‍ നിന്നൊളിച്ചോടാതെ കടമകള്‍ നിറവേറ്റുകയും സന്യാസിയെ ഉള്ളില്‍ പോറ്റുകയും ചെയ്തുവെന്നാണ് 90 ആണ്ട് നീണ്ട ആ ജീവിതവും സുഖനിദ്രയില്‍ സംഭവിച്ച മരണവും വ്യക്തമാക്കുന്നത്. സകലവിധ ഭൗതിക സുഖസൗകര്യങ്ങളും നിര്‍ലോപം ലഭിക്കുന്ന ചലച്ചിത്ര മേഖലയിലാണ് ഇങ്ങനെ സ്ഫടികം പോലെ ഒരു വ്യക്തി ജീവിച്ചിരുന്നത്. സേതുമാധവന്‍ സൂക്ഷിച്ചിരുന്ന ആത്മവിശുദ്ധി തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രേക്ഷകന് പകര്‍ന്നുനല്കിയത്. അദ്ദേഹത്തിന്റെ ഒരു സിനിമപോലും കാഴ്ചക്കാരനെ മുഷിപ്പിക്കുന്നില്ല. അനാവശ്യമായ ദുരൂഹതയോ ജാഡയോ പ്രകടിപ്പിക്കുന്നില്ല. തിന്മയുടെ അംശം പോലും ഒരു ചലച്ചിത്ര സൃഷ്ടിയിലും തൊട്ടുതീണ്ടിയിട്ടില്ല. ഓരോ സിനിമയും അത് കാണുന്ന പ്രേക്ഷകന് ‍ ജീവിത ശുദ്ധീകരണത്തിന് ഇടനല്കുന്നു. സാംസ്കാരിക നവീകരണം സാധ്യമാക്കുന്നു. അങ്ങനെ ഓരോ കലാസൃഷ്ടിയും അതിന്റെ ധര്‍മ്മത്തെ , ഉത്തമമായ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നു. സിനിമ ഒരു കലാരൂപമാണെന്നും വിനോദമാണെന്നും വ്യക്തമായ ബോധവും ധാരണയും ഉണ്ടായിരുന്ന സംവിധായകനായിരുന്നു സേതുമാധവന്‍. ഈ ബോധത്തില്‍ അധിഷ്ഠിതമായ ഭാഷ്യം ഒരുക്കിയതായിരുന്നു സേതുമാധവന്റെ ഓരോ ചിത്രങ്ങളും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സ്വച്ഛസ്ഫടികംപോലെ സുതാര്യവും കാട്ടരുവിപോലെ ധ്വനിസാന്ദ്രവുമായിരുന്നു. ആ മനസിന്റെ താളത്തില്‍ നിന്നായിരിക്കാം ഒരുപക്ഷേ, മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ഗാനങ്ങളെല്ലാം അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാന്‍ കാരണം.


ഇതുകൂടി വായിക്കാം; മികച്ച രചനകൾക്ക് മികവുറ്റ ചലച്ചിത്ര ഭാഷ്യമൊരുക്കിയ സംവിധായകന്‍


കഥാ സന്ദര്‍ഭത്തിനും ഒഴുക്കിനും അനുയോജ്യമായി ഗാനങ്ങളെ സന്നിവേശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമെന്നേ പറയാനാകൂ. മലയാള പിന്നണി ഗാനശാഖയിലെ അവിസ്മരണീയമായ ഗാനങ്ങള്‍ പലതും സേതുമാധവന്‍ ചിത്രങ്ങളിലേതാണ്. യേശുദാസ്, ജയചന്ദ്രന്‍, എ എം രാജ, പി സുശീല, എസ് ജാനകി, പി ലീല തുടങ്ങിയവരുടെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ ആലപിക്കപ്പെട്ടിരിക്കുന്നതും സേതുമാധവന്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ്. യേശുദാസ് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടിയത് അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിനായിരുന്നു. യേശുദാസിനെ അഴകുള്ള സെലീനയില്‍ സംഗീത സംവിധായകനായി അവതരിപ്പിച്ച സേതുമാധവന്‍ നിത്യഹരിത നായകന്‍ പ്രേം നസീറിനെ അതേ സിനിമയില്‍ വില്ലനായി അവതരിപ്പിക്കാനും ധൈര്യം കാട്ടി. കടല്‍പ്പാലത്തിലെ ഈ കടലും മറുകരയും എന്ന ഗാനത്തിലൂടെ എസ് പി ബാലസുബ്രഹ്മണ്യനെയും അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തി. കമല്‍ഹാസനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും കണ്ടെത്തിയ സേതുമാധവന്‍ തന്നെയാണ് ഓപ്പോളില്‍ ബാലന്‍ കെ നായരെ നായകനാക്കി ഭരത് പുരസ്ക്കാരത്തിന് അര്‍ഹനാക്കിയതും. സേതുമാധവന്റെ കണ്ണിലെ പെര്‍ഫെക്ട് നടനും നടിയുമായ സത്യനും ഷീലയും എക്കാലവും സ്മരിക്കപ്പെടുന്നതും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഇവര്‍ ചെയ്ത വേഷങ്ങളിലൂടെയായിരിക്കും. മലയാളത്തിലെ ആദ്യ ബോധധാര നോവലായ പാറപ്പുറത്തിന്റെ അരനാഴികനേരത്തിന് സേതുമാധവന്‍ ചലച്ചിത്ര ഭാഷ്യമൊരുക്കിയപ്പോള്‍ അതിലെ പടുവൃദ്ധനായ കുഞ്ഞേനാച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത് വീരശൂര ചിത്രങ്ങളില്‍ തിളങ്ങിനിന്ന കൊട്ടാരക്കര ശ്രീധരന്‍ നായരെയായിരുന്നു. കൊട്ടാരക്കരയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ കുഞ്ഞേനാച്ചന്‍ പിറന്നത് സേതുമാധവന്റെ പരീക്ഷണാഭിമുഖ്യത്തില്‍ നിന്നാണ്. അവസാന ചിത്രമായ വേനല്‍ക്കിനാവുവരെയും സേതുമാധവന്‍ മനുഷ്യബന്ധങ്ങളെയും അതിന്റെ സങ്കീര്‍ണതകളെയും കുറിച്ചുള്ള തന്റെ നിരീക്ഷണവും വ്യാഖ്യാനവുമാണ് നിര്‍വഹിച്ചിരുന്നതെന്ന് കാണാം. അതുകൊണ്ടാണ് മലയാളത്തില്‍ സേതുമാധവന്‍ സാഹിത്യ രചനകള്‍ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയതുപോലെ സൂക്ഷ്മമായി മറ്റു സംവിധായകര്‍ക്ക് ദൃശ്യഭാഷ ചമയ്ക്കാനാവാതെ പോയത്. സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം നല്കിയിട്ടുള്ളതല്ലാതെ ആദരസൂചകമായി സേതുമാധവന് രാജ്യം ഒരു പത്മശ്രീ പോലും നല്കിയിട്ടില്ല. ആ നിരയില്‍ അദ്ദേഹത്തിന്റെ പേര് എത്താത്തതും ഒന്നോര്‍ത്താല്‍ നന്നായി, അല്ലെങ്കില്‍ വരുംതലമുറ ഒരുപക്ഷേ, സേതുമാധവന്‍ കാല്‍വേലയും മുക്കാല്‍ തട്ടിപ്പുമായി നടന്ന മീഡിയോക്കർ‍ കലാകാരനായിരുന്നെന്ന് തെറ്റിദ്ധരിച്ചേക്കാം. വാക്കിനേക്കാള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന സേതുമാധവന്‍ ജെ സി ഡാനിയേല്‍ പുരസ്കാരം അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ മറുപടിയായി പറഞ്ഞത് ആകെ രണ്ട് വാചകമാണ് — “അര്‍ഹമായ കരങ്ങളില്‍ നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ട്”. ‑എന്നുമാത്രം.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.