
ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കി നാല് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. പരിഗണനാ വിഷയങ്ങള്‍, വിശദ വാദം കേള്‍ക്കുന്ന തീയതി എന്നിവയായിരിക്കും ഇന്ന് തീരുമാനിക്കുക.
കേസില്‍ വിശദമായ വാദം അടുത്ത മാസം ആരംഭിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബലിന്റെ ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് ഗവായ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി കൊളീജിയത്തിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുള്ളത്. ഉന്നത ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യവും ബെഞ്ച് പരിശോധിക്കും. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2018ല്‍ ഷാ ഫൈസല്‍ ഐഎഎസ് പദവി ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരികെ പ്രവേശിച്ചിരുന്നു. നിലവില്‍ സാംസ്കാരിക വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഫൈസല്‍.
2020 മാര്‍ച്ച് രണ്ടിന് ശേഷം കേസ് വാദം കേള്‍ക്കാൻ നിശ്ചയിക്കുന്നത് ആദ്യമാണ്. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിടാൻ അനുമതി നിഷേധിച്ചിരുന്നു. അന്നത്തെ അഞ്ചംഗ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് എൻ വി രമണ, സുഭാഷ് റെഡ്ഡി എന്നിവര്‍ വിരമിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് ഖന്ന എന്നിവരാണ് പുതിയ അംഗങ്ങള്‍. അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടേതുള്‍പ്പെടെ 23 പരാതികളിലാണ് പരമോന്നത കോടതി വാദം കേള്‍ക്കുക.
English Summary: Article 370 challenge on J&K status returns to Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.