തിരുവനന്തപുരത്ത് അച്യുതമേനോൻ പ്രതിമ ജൂലൈ 30ന് അനാച്ഛാദനം ചെയ്യപ്പെടും. ചരിത്രപരവും രാഷ്ട്രീയവുമായി വളരെ പ്രധാന്യമുള്ള ഒരു ജനകീയാഭിലാഷത്തിന്റെ സാക്ഷാത്കാരമാണിത്. നാടിന്റെ ജനകീയ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ സി അച്യുതമേനോന്റെ സ്ഥാനം അദ്വിതീയമാണ്. അർത്ഥപൂർണമായ കേരള വികസനത്തിന്റെ അടിത്തറ പാകിയ ഭാവനാശാലിയായ കമ്മ്യൂണിസ്റ്റ് നേതാവാണദ്ദേഹം. കേരളത്തിലെ പാവപ്പെട്ട മനുഷ്യർ ‘കുടിലുകളിൽ കൂരകളിൽ കൺമണിപോൽ സൂക്ഷിച്ച ജനമുന്നണി നേതാവാണച്യുതമേനോൻ’ എന്ന മുദ്രാവാക്യം കാലത്തിന്റെ ഹൃദയത്തിൽ പതിഞ്ഞതാണ്.
പ്രഗത്ഭനായ വിദ്യാർത്ഥിയായിരുന്ന, ഫുട് ബോൾ കമ്പക്കാരനായ ആ യുവാവ് പരീക്ഷകൾ പാസായത് ഒന്നാം റാങ്കോടെയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വിളികേട്ട് തൊള്ളായിരത്തി മുപ്പതുകളുടെ അവസാനത്തിൽ കൊച്ചിൻ കോൺഗ്രസിൽ അച്യുതമേനോൻ സജീവമായി. കൊച്ചിൻ കോൺഗ്രസ് പിരിച്ചുവിട്ട്, കോൺഗ്രസുകാർ പ്രജാമണ്ഡലത്തിൽ ചേർന്ന് സംഘടനയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചപ്പോൾ അച്യുതമേനോൻ അതിന്റെ മുൻനിര പ്രവർത്തകനായി. 1941 ജനുവരി 26ന് നിയമലംഘന പ്രസ്ഥാനത്തോടെ ആരംഭിച്ച പ്രജാമണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തുവാൻ അച്യുതമേനോന് അധികനാൾ വേണ്ടിവന്നില്ല.
ദേശീയ പ്രസ്ഥാനത്തിന്റെ സദ്പാരമ്പര്യങ്ങളെയെല്ലാം കൂടെ കൂട്ടിക്കൊണ്ടാണദ്ദേഹം കമ്മ്യൂണിസ്റ്റായത്. തിരു-കൊച്ചി സംസ്ഥാനത്തെ പാർട്ടി സെക്രട്ടറിയായിരുന്നു അച്യുതമേനോൻ. ഐക്യകേരളം പിറന്നപ്പോൾ കേരള സംസ്ഥാനത്തെ ആദ്യ പാർട്ടി സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് സ്വാഭാവികം മാത്രമായിരുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഒളിവിലും തെളിവിലും അച്യുതമേനോൻ വഹിച്ച പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. അദ്ദേഹം സെക്രട്ടറിയായി പാർട്ടിയെ നയിക്കുമ്പോഴാണ് 1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ രൂപംകൊണ്ടത്. ആ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച പ്രകടന പത്രികയുടെ ശില്പി അദ്ദേഹമായിരുന്നു. ‘ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കാൻ’ എന്ന തലക്കെട്ടിനു താഴെ ആ പ്രകടനപത്രിക മുന്നോട്ടുവച്ച വികസന സങ്കല്പനങ്ങളാണ് പിൽക്കാല കേരളത്തിന്റെ സർവതോമുഖമായ വികസനത്തിന് അടിത്തറ പാകിയത്.
1957ലെ സര്‍ക്കാരിൽ അദ്ദേഹം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു. 57ലെയും 67ലെയും സര്‍ക്കാര്‍ തുടങ്ങിവച്ചതും പൂർത്തീകരിക്കാൻ കഴിയാതെ പോയതുമായ കാര്യങ്ങളാണ് 1969ന് ശേഷം അച്യുതമേനോന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടത്. ഈ മണ്ണിൽ ജന്മിത്തത്തെ കുഴിച്ചുമൂടിയ ഭൂപരിഷ്കരണമായിരുന്നു അതിൽ സർവപ്രധാനം. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷംവീടും കൊടുത്ത ആ ഇടതുപക്ഷ സര്‍ക്കാരിനെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്രവ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത സൂര്യശോഭയുടെ പേരാണ് അച്യുതമേനോൻ. അദ്ദേഹത്തിന്റെ സ്മരണയ്ക്കുവേണ്ടി തലസ്ഥാനത്ത് ഒരു പ്രതിമ ഉയരാതിരുന്നതിനെക്കുറിച്ച് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത പലപ്പോഴും ചോദ്യമുയർത്തിയിട്ടുണ്ട്. ആ വിടവാണ് ഇപ്പോൾ നികത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രതിമ തലസ്ഥാനനഗരിയിൽ സ്ഥാപിക്കുന്നതിലൂടെ, സമരത്തിലും ഭരണത്തിലും സംഘാടനത്തിലും വികസനത്തിലുമുള്ള കമ്മ്യൂണിസ്റ്റ് നൈതികതയെയാണ് ചിന്തിക്കുന്ന മനസുകളുമായി നാം പങ്കിടുന്നത്.
അച്യുതമേനോൻ ദിനം ഓഗസ്റ്റ് പതിനാറിനാണെന്നിരിക്കേ ജൂലൈ 30ന് പ്രതിമ സ്ഥാപിക്കുന്നതിന്റെ കാരണമെന്താണെന്ന് ചോദിക്കുന്ന അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമുണ്ട്. അവരുടെ ചോദ്യം ന്യായമാണ്. ഓഗസ്റ്റ് 16ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അച്യുതമേനോൻ ചെയർ സമാരംഭിക്കുകയാണ്. അന്നേദിവസം തന്നെ തിരുവനന്തപുരത്ത് അച്യുതമേനോൻ സ്മരണയെ മുൻനിർത്തി മറ്റൊരു പരിപാടി സംഘടിപ്പിക്കുന്നതിന്റെ പ്രായോഗിക പ്രയാസങ്ങൾ മനസിലാകുമല്ലോ. സഖാവ് കാനം രാജേന്ദ്രൻ സെക്രട്ടറിയായിരിക്കുമ്പോൾത്തന്നെ നിർമ്മാണം പൂർത്തിയാക്കിയ പ്രതിമയുടെ അനാച്ഛാദനം ഇനിയും നീണ്ടുപോകുന്നതിൽ ന്യായീകരണമില്ല.
അച്യുതമേനോൻ പ്രതിമയുടെ ശില്പി ഉണ്ണി കാനായി ആണ്. തലസ്ഥാനത്തേക്കുള്ള അച്യുതമേനോൻ പ്രതിമയുടെ പ്രയാണം ഇന്ന് പയ്യന്നൂരിൽ നിന്നാരംഭിക്കും. കടന്നുവരുന്ന എല്ലാ ജില്ലകളിലും ഓരോ പ്രധാന കേന്ദ്രങ്ങളിൽ അതിവിപുലമായ ജനപങ്കാളിത്തത്തോടെ ആ പ്രതിമയ്ക്ക് വരവേല്പ് നൽകണം. മഹത്തായ ആശയങ്ങൾക്കുവേണ്ടി ത്യാഗപൂർണമായ ജീവിതം നയിച്ച മഹാനായ കമ്മ്യൂണിസ്റ്റിന്റെ ജീവിതം പുത്തൻതലമുറയെ പഠിപ്പിക്കാൻ കഴിയുംവിധം തലസ്ഥാന നഗരിയിൽ ഈ പ്രതിമ അനാച്ഛാദന ചടങ്ങ് വിജയിപ്പിക്കാൻ നമുക്ക് കഴിയണം. എല്ലാ ഘടകങ്ങളും ഏറ്റവും വിപുലമായി ചടങ്ങ് സംഘടിപ്പിക്കാൻ മുൻകയ്യെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രതിമകൾക്ക് ക്ഷാമമില്ലാത്ത നഗരമാണ് തിരുവനന്തപുരം. ചരിത്രത്തിൽ പല പ്രകാരം അടയാളപ്പെടുത്തപ്പെട്ട ഒട്ടേറെപ്പേരുടെ പ്രതിമകൾ നഗരത്തിന്റെ നാനാഭാഗത്തായി തലയുയർത്തി നില്‍ക്കുന്നു. ആധുനിക കേരളത്തിന്റെ ശില്പികളിൽ പലതു കൊണ്ടും സവിശേഷ പ്രാധാന്യമുള്ള അച്യുതമേനോന്റെ പ്രതിമ അവിടെ സ്ഥാപിതമാകുമ്പോൾ പുതിയ കാലം അതിന്റെ കർത്തവ്യം നിറവേറ്റുകയാണ് ചെയ്യുന്നത്. അത് അദ്ദേഹം വഹിച്ച പദവികളുടെ വലിപ്പം കൊണ്ട് ഉണ്ടാകുന്നതല്ല. ജീവിതകാലം മുഴുവൻ അദ്ദേഹം ഉയർത്തിപ്പിടിച്ച വീക്ഷണങ്ങളുടെയും നിലപാടുകളുടെയും കരുത്തുമൂലം ഉണ്ടായതാണ്.
ഒരു കമ്മ്യൂണിസ്റ്റ് തന്റെ രാഷ്ട്രീയ വിശ്വാസങ്ങളുടെ പിൻബലത്താൽ സാമൂഹ്യയാഥാർത്ഥ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അച്യുതമേനോന്റെ ജീവിതം പഠിപ്പിക്കുന്നു. താൻ ജീവിച്ച കാലഘട്ടത്തിന്റെ സാമൂഹിക- സാമ്പത്തിക- സാംസ്കാരിക വെല്ലുവിളികളോട് സർഗാത്മകമായി പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് ആ ജീവിതം കാണിച്ചുതന്നു. ഒളിവിലും തെളിവിലും സമരത്തിലും ഭരണത്തിലും അദ്ദേഹം കമ്മ്യൂണിസ്റ്റുകാരന്റെ അന്തസാർന്ന അച്ചടക്കം, വ്രതം പോലെ സൂക്ഷിച്ചു. മനുഷ്യന്റെ സ്വപ്നങ്ങളോടും ദുഃഖങ്ങളോടും ഹൃദയം ചേർത്തുവച്ച മനുഷ്യസ്നേഹിയായിരുന്നു അച്യുതമേനോൻ. തടവറയിൽ കിടന്നുകൊണ്ട് എച്ച് ജി വെൽസിന്റെ ‘Glimpses of World History’ (ലോക ചരിത്ര സംഗ്രഹം) എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ഔത്സുക്യം പൂണ്ട വിജ്ഞാനദാഹിയും മാർക്സിസത്തിന്റെ മനുഷ്യസ്നേഹമൂല്യങ്ങളെയും അതിന്റെ ജനാധിപത്യ സങ്കല്പങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിച്ച മാർക്സിസ്റ്റുമായിരുന്നു അദ്ദേഹം. കലയും സാഹിത്യവും നാടകവും സിനിമയുമെല്ലാം അച്യുതമോനോന്റെ മനസിലെ ചിന്താവിഷയങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തെ അടിയന്തരാവസ്ഥയോട് മാത്രം കൂട്ടി വായിക്കാൻ വ്യഗ്രതപ്പെടുന്നവരുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ പിന്താങ്ങിയ രാഷ്ട്രീയ നിലപാട് സിപിഐയിൽ ഗഹനമായ ചർച്ചകൾക്ക് വിധേയമായതാണ്. അധികാരം പിടിച്ചെടുക്കാനുള്ള തീവ്ര വലതുപക്ഷത്തിന്റെ കരുനീക്കങ്ങളോട് അത്രയും അപകടകാരിയല്ലാത്ത അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രതികരണമായിരുന്നു അടിയന്തരാവസ്ഥ. ആ കാഴ്ചപ്പാടിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ സിപിഐ അന്ന് പിന്താങ്ങിയത്. എന്നാൽ സമസ്താധികാരങ്ങളും കൈവശപ്പെടുത്തിയ ഒരു ബൂർഷ്വാ സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശ മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്ന കാഴ്ചയാണ് പിന്നീട് ഇന്ത്യ കണ്ടത്. സന്ദിഗ്ധമായ ആ ഘട്ടത്തിൽ അതിനെ ചെറുക്കാൻ സിപിഐക്ക് കഴിഞ്ഞില്ല.
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ആ പാളിച്ചയെപ്പറ്റിയാണ് ഭട്ടിൻഡയിൽ കൂടിയ 11-ാം പാർട്ടി കോൺഗ്രസ് തലനാരിഴകീറി പരിശോധിച്ചത്. അതേത്തുടർന്നാണ് അടിയന്തരാവസ്ഥയോടുള്ള സമീപനം തെറ്റായിരുന്നുവെന്ന് പാർട്ടി പ്രഖ്യാപിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമാത്രം കഴിയുന്ന ആർജവമാണ് അന്ന് സിപിഐ പ്രകടിപ്പിച്ചത്. നിശിതമായ സ്വയംവിമർശനത്തിന്റെ മാർക്സിസ്റ്റ് പാഠം സിപിഐ പ്രാവർത്തികമാക്കി. രാഷ്ട്രീയ യാത്രയിൽ തെറ്റുകൾ ബോധ്യപ്പെട്ടാൽ, ബാഹ്യസമ്മർദങ്ങൾ ഒന്നും കൂടാതെതന്നെ അവ തിരുത്തുകയാണ് കമ്മ്യൂണിസ്റ്റ് വഴി എന്ന് സിപിഐ ഇന്ത്യക്ക് കാട്ടിക്കൊടുത്തു. ഭട്ടിൻഡ കോൺഗ്രസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയനയത്തിലേക്ക് പാർട്ടിയെ നയിച്ച ഉൾപ്പാർട്ടി ചർച്ചകളിൽ അച്യുതമേനോൻ നേതൃത്വപരമായ പങ്കാണ് വഹിച്ചത്.
അടിയന്തരാവസ്ഥയിലെ ഏറ്റവും കറുത്ത ഏടായ രാജന്‍ സംഭവത്തില്‍ അങ്ങേയറ്റം ദുഃഖിതനായിരുന്നു ആ മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ്. അതെല്ലാം മറന്നുകൊണ്ട് അച്യുതമേനോനെ വിലയിരുത്തുന്നത് ചരിത്രപരമായ തെറ്റും രാഷ്ട്രീയമായ അബദ്ധവുമായിരിക്കും. ജനങ്ങളുടെ മുമ്പാകെ തെറ്റുകള്‍ തുറന്നുസമ്മതിക്കാനും തിരുത്തലുകളുടെ രാഷ്ട്രീയ ആര്‍ജവം ഉയര്‍ത്തിപ്പിടിക്കാനും ഇടതുപക്ഷമാകെ ശ്രമിക്കുന്ന സാഹചര്യത്തില്‍ അച്യുതമേനോന്‍ സ്മരണയ്ക്ക് പ്രത്യേക പ്രസക്തിയുണ്ട്. ജനങ്ങളാണ് വലിയവരെന്നും അവരോട് കൂറുപുലര്‍ത്തി മുന്നോട്ടു പോവുകയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തന വഴിയെന്നും ആ സ്മരണ പഠിപ്പിക്കുന്നു. ഏതെല്ലാം പരിമിതികളുടെയും സമ്മര്‍ദങ്ങളുടെയും നടുവിലാണെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ ഭരണാധികാരം കയ്യാളുമ്പോള്‍ അവരുടെ മുന്‍ഗണന പാവപ്പെട്ട മനുഷ്യരുടെ അടിസ്ഥാന താല്പര്യങ്ങളായിരിക്കുമെന്ന് അച്യുതമേനോന്‍ കാലഘട്ടം കേരളത്തെ ബോധ്യപ്പെടുത്തി. തെറ്റുകള്‍ തിരുത്താനും ശരികളിലേക്ക് കുതിക്കാനും ഇടതുപക്ഷം സജ്ജമാകുന്ന ഈ ദിനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ മഹാനായ നേതാവിന്റെ ഓര്‍മ്മകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് നാം ശ്രമിക്കുന്നത്.
ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍
1. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ്
കോർപറേഷൻ (കെൽട്രോൺ) തിരുവനന്തപുരം.
2. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ആന്റ് ടെക്നോളജി, തിരുവനന്തപുരം.
3. കേരള കാർഷിക സർവകലാശാല, മണ്ണുത്തി.
4. ശാസ്ത്രസാങ്കേതിക സർവകലാശാല, കൊച്ചി,
5. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം
6. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ, കോട്ടയം.
7. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്
(കെഎസ്എഫ്ഇ) തൃശൂർ,
8. സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ്, കോഴിക്കോട്,
9. കേരള അർബൻ ഡെവലപ്മെന്റ് ഫിനാൻസ്
കോർപറേഷൻ (കെയുഡിഎഫ്സി) കോഴിക്കോട്,
10. കേരള സ്റ്റേറ്റ് ബാംബു കോർപറേഷൻ, തിരുവനന്തപുരം.
11. കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് (കെഎസ്എച്ച്ബി)
തിരുവനന്തപുരം.
12. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, ആലപ്പുഴ.
13. കേരള മെറ്റൽസ് ആന്റ് മിനറൽസ്, ചവറ.
14. ടെക്സ്റ്റൈൽസ് കോർപറേഷൻ, തിരുവനന്തപുരം.
15. കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ
എസ്സി/എസ്ടി തൃശൂർ.
16. എസ്എഫ്സികെ പുനലൂർ
17.കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ, ആലപ്പുഴ
18.കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്
(കെഎസ്ഐഇ), തിരുവനന്തപുരം.
19. മീറ്റ് പ്രോഡക്ട്സ് ഇന്ത്യ ലിമിറ്റഡ് (എംപിഐ) കൂത്താട്ടുകുളം.
20. കേരള അഗ്രോമെഷനറീസ് കോർപറേഷൻ (കാംകോ) ആലുവ.
21. സപ്ലൈകോ, കൊച്ചി.
22. കേരള ഗാർമെന്റ് സ് ലിമിറ്റഡ്, കണ്ണൂർ.
23. കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡ്, കണ്ണൂർ
24. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്), ചേർത്തല
25. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ്
26. സീതാറാം ടെക്സ്റ്റൈൽസ്, തൃശൂർ.
27. കെൽട്രോൺ മാഗ്നറ്റിക് ലിമിറ്റഡ്,
28. കേരള സ്റ്റേറ്റ് ഫിഷറീസ് ഡെവലപ്മെന്റ് കോർപറേഷൻ, കണ്ണൂർ
29. ഔഷധി, തൃശൂർ.
30. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ
(കെഎസ്ഐഡിസി) തിരുവനന്തപുരം.
31. കെൽട്രോൺ റെസിസ്റ്റേഴ്സ് ലിമിറ്റഡ്, കണ്ണൂർ
32. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്,
തിരുവനന്തപുരം
33. ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ
കോർപറേഷൻ, കൊച്ചി,
34. റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ, പുനലൂർ.
35. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ പ്രോഡക്ടസ് ട്രേഡിങ്
കോർപറേഷൻ, തിരുവനന്തപുരം.
36. സ്റ്റേറ്റ് പ്ലാനിങ് ബോർഡ്, തിരുവനന്തപുരം.
37. ദേശീയ ഭൂമിശാസ്ത്ര പഠനകേന്ദ്രം
38. ഗവൺമെന്റ് പ്രസ്, തൃക്കാക്കര.
39. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ്
ആന്റ് മാനേജ്മെന്റ്, കോഴിക്കോട്.
40. ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം.
41. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി.
42. ബൊട്ടാണിക്കൽ ഗാർഡൻ, പാലോട്,
43. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്,
44. റീജ്യണൽ റിസർച്ച് ലബോറട്ടറീസ്, (സിഎസ്ഐ
ആറിന്റെ കീഴിലെ ഘടകം) പാപ്പനംകോട്.
45. നാളികേര വികസന കോർപറേഷൻ, തിരുവനന്തപുരം
46. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ,
തിരുവനന്തപുരം.
47. ചിത്രാഞ്ജലി സ്റ്റുഡിയോ, തിരുവല്ലം, തിരുവനന്തപുരം.
48. കേരള സംസ്ഥാന കശുവണ്ടി വികസന
കോർപറേഷൻ ലിമിറ്റഡ്
49. കേരള സംസ്ഥാന കയർ കോർപറേഷൻ ലിമിറ്റഡ്
50. കേരള സ്റ്റേറ്റ് ഡിറ്റർജന്റ് സ് ആന്റ് കെമിക്കൽസ് ലിമിറ്റഡ്
51. കേരള സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ലിമിറ്റഡ്
52. സിഡ് കോ — സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ്
ഡെവലപ്മെന്റ് കോർപറേഷൻ കേരള
53. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് (ഏരൂർ)
54. കൊല്ലം ജില്ല കൃഷിഫാം — അഞ്ചൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.