കേന്ദ്രത്തിന്റെ രേഖകള്‍ അനുസരിച്ച് രാജ്യത്ത് നിലവില്‍ 9.79 ലക്ഷം ഒഴിവുകളുള്ളണ്ട്. പക്ഷെ എവിടെയാണ് പുതിയ തൊഴില്‍? എന്ന ചോദ്യത്തിന് ഉത്തരമില്ല. ഡോ.ഗ്യാന്‍ പഥക് എഴുതിയ ഏറ്റവും പുതിയ ലേഖനം ശ്രദ്ധേയമാവുകയാണ്. സ്ത്രീ പങ്കാളിത്ത തൊഴില്‍ രംഗം രാജ്യത്ത് തീരെ മോശം. ലോകത്തുതന്നെ തൊഴിൽശക്തിയിൽ ഏറ്റവും കുറഞ്ഞ സ്ത്രീ പങ്കാളിത്തമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യമാറി. ലോകബാങ്ക് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 131 രാജ്യങ്ങളിൽ 120-ാം സ്ഥാനമാണ് ഇന്ത്യക്ക്. മൊത്തത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് കുറവാണെന്നും അതിലും ഭൂരിഭാഗം പുരുഷന്മാരാണ് പിടിച്ചെടുക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ഗ്യാന്‍ പഥക് തന്റെ ലേഖനത്തില്‍ ഇങ്ങനെ തുടരുന്നു.
സ്ത്രീകളില്‍ 42 ശതമാനം വിദ്യാസമ്പന്നരായിട്ടും 2005 മുതൽ അവരുടെ തൊഴില്‍പങ്കാളിത്ത നിരക്ക് കുറയുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. സ്ത്രീ പങ്കാളിത്തം വർധിച്ചാൽ രാജ്യത്തിന്റെ ജിഡിപി വളർച്ച ഒരു ശതമാനം വരെ ഉയർത്താനാകുമെന്ന് റിപ്പോർട്ട് എടുത്തുകാട്ടി. ഇന്ത്യൻ വനിതകളിലേറെയും തൊഴിലെടുക്കുന്നത് കാർഷിക മേഖലയിലാണ്. സേവനത്തിലും വ്യവസായത്തിലും സ്ത്രീകളുടെ പങ്ക് 20 ശതമാനത്തിൽ താഴെയാണ്. ധാരാളം സ്ത്രീകൾ വിദ്യാഭ്യാസം തേടുന്നുണ്ടെങ്കിലും പലരും തൊഴിൽ മേഖലയില്‍ നിന്ന് അകന്നു പോകുന്നുവെന്ന് ലോകബാങ്കിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഫ്രെഡറിക്കോ ഗിൽ സാൻഡർ പറഞ്ഞു. ‘ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തവും പലപ്പോഴും യഥാർത്ഥവുമാണ്.
പാരമ്പര്യം, ശിശു സംരക്ഷണച്ചുമതല എന്നിവ സ്ത്രീകൾക്ക് ഗാർഹികബാധ്യത നല്‍കുന്നു‘വെന്നും റിപ്പോർട്ട് പറയുന്നു. കാർഷിക മേഖലയിൽ നിന്ന് മാറിത്താമസിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ കഴിയുന്നില്ല. സ്ത്രീകൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്ന് സാൻഡർ പറയുന്നു.
തൊഴിലവസരങ്ങൾ കുറയുകയും മിക്ക സ്ഥിരം ജോലികളും പുരുഷന്മാര്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു. 2005–2012 കാലത്ത് പ്രായപൂർത്തിയായ ജനസംഖ്യയുടെ 0.9 ശതമാനം തൊഴിലവസരങ്ങൾ മാത്രമാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. ചൈനയെയും ബ്രസീലിനെയും അപേക്ഷിച്ച് ഇന്ത്യയിൽ സ്ത്രീകളുടെ പങ്കാളിത്തം 27 ശതമാനം മാത്രമായിരുന്നു. അവിടങ്ങളില്‍ ഇത് യഥാക്രമം 65, 70 ശതമാനം ആയിരുന്നു. അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും പോലും ഈ കണക്ക് കൂടുതലായിരുന്നു. ആ രാജ്യങ്ങളില്‍ വനിതാ സംരംഭകർക്കും സ്ത്രീകൾക്കുമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ‘ഇന്ത്യയിൽ ഇത് വളരെ കുറവാണെന്നത് ആശങ്കാജനകമാണെന്നും ഉയർന്ന തൊഴിൽ വരുമാനമാണ് ദാരിദ്ര്യ നിർമ്മാർജനത്തിന്റെ പ്രാഥമിക ഘടകമെന്നും’ ലോക ബാങ്ക് പ്രതിനിധി ജുനൈദ് അഹ്‍മദ് പറയുന്നു.
ബിജെപി 2019 പ്രകടനപത്രികയിൽ സ്ത്രീകൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ തസ്തികകളിൽ സ്ത്രീകളുടെ വിഹിതം കുറയുകയാണെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകളും വ്യക്തമാക്കുന്നു. മൊത്തം തൊഴിലവസരങ്ങളിൽ ഇടിവിനൊപ്പം കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും ഗണ്യമായി കുറഞ്ഞു. കേന്ദ്ര സർക്കാർ മേഖലയില്‍ ചെയ്യുന്ന സ്ത്രീകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ കേന്ദ്രം നൽകുന്നില്ല എന്നത് തന്നെ ഇതിന്റെ തെളിവാണ്. 2011 മാർച്ച് 31 ന് അവസാനിച്ച വർഷത്തേക്കുള്ള കേന്ദ്ര ജീവനക്കാരുടെ കണക്കുള്‍ 2014 ഏപ്രിലിലാണ് പുറത്തുവന്നത്. അന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിൽ ‘എല്ലാവർക്കും അന്തസോടെയുള്ള ജോലി‘യാണ് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തത്. 2011ൽ കേന്ദ്ര സർക്കാരിൽ ഏകദേശം 30.87 ലക്ഷം ജീവനക്കാർ ഉണ്ടായിരുന്നു. അതിൽ 10. 93 ശതമാനം സ്ത്രീകളായിരുന്നു.
2019–20 ലെ ഇടക്കാല ബജറ്റില്‍ കേന്ദ്ര സർക്കാർ ജീവനക്കാരുടെ എണ്ണം 2019 മാർച്ച് ഒന്നു വരെ 36.15 ലക്ഷത്തിലേറെയാണെന്നും 2017 മാർച്ചിനെ അപേക്ഷിച്ച് 12 ശതമാനം വർധനവുണ്ടെന്നും അവകാശപ്പെട്ടിരുന്നു. വനിതാ ജീവനക്കാരെ വർധിപ്പിക്കുന്നതിനുള്ള മാർഗരേഖ രൂപീകരിക്കാനുള്ള പ്രകടനപത്രികയും ബിജെപി പുറത്തിറക്കി. എന്നാല്‍ 2023–24 ലെ ബജറ്റ് രേഖകള്‍ പ്രകാരം 2022 മാർച്ച് ഒന്നു വരെ മൊത്തം ജീവനക്കാരുടെ എണ്ണം 31.69 ലക്ഷമായി കുറഞ്ഞു. എങ്കിലും 2024 മാർച്ചിനുള്ളില്‍ 35.55 ലക്ഷമായും ഉയരുമെന്ന പ്രതീക്ഷയും ബജറ്റിലുണ്ടായിരുന്നു. 40.35 ലക്ഷം അനുവദനീയ തസ്തികകൾ ഉണ്ടായിരുന്നിട്ടും 2021 മാർച്ച് വരെ 30.55 ലക്ഷം പേർ മാത്രമാണ് നിലവിലുണ്ടായിരുന്നതെന്ന് ചെലവ് വകുപ്പിന്റെ വാർഷിക റിപ്പോർട്ട് കാണിക്കുന്നു. അതായത് 9.79 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നാലിലാെന്നു തസ്തികകള്‍ നികത്താതെ കിടക്കുകയാണ്.
സ്ത്രീകളുടെ തൊഴിൽ സ്ഥിതി വളരെ മോശമാണെന്ന് കണക്കുകള്‍ പറയുന്നു. 2021–22ൽ കേന്ദ്ര പൊതുമേഖലയില്‍ മൊത്തം ജീവനക്കാരുടെ 9.1 ശതമാനം സ്ത്രീകളായിരുന്നു. 2020–21ൽ 80,525 പേരുണ്ടായിരുന്നത് 2021–22ൽ 76,678 ആയി കുറഞ്ഞു. 2016ൽ ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കുമ്പോള്‍, 33 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ ശുപാർശ ബാധകമാകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ സാമൂഹിക സുരക്ഷാ വ്യവസ്ഥകളോടെ ഗുണനിലവാരമുള്ള മാന്യമായ ജോലികൾ നൽകുന്ന രാജ്യത്തെ സംഘടിത തൊഴിലാളികളുടെ 8.5 ശതമാനം മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ ജീവനക്കാരുടെ എണ്ണം. അതായത് 2021 ആകുമ്പോഴേക്ക് ആറ് വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ ഏകദേശം മൂന്നുലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കി.
രാജ്യത്തെ സ്ത്രീ തൊഴിൽ പങ്കാളിത്തം 1999–2000 മുതൽ കുത്തനെ കുറഞ്ഞുവരികയാണ്. 2011–12ൽ ഇത് 34.1 ശതമാനമായിരുന്നത് 27.2 ശതമാനമായാണ് കുറഞ്ഞത്.
2023 ജനുവരി-മാർച്ച് മാസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞ് 18 ശതമാനമായി. സ്ത്രീ ശാക്തീകരണത്തിനും തൊഴിലിൽ വനിതകളുടെ പങ്ക് വർധിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും നടത്തിയ വാഗ്ദാനം വെറും പൊള്ളയാണെന്ന് തെളിയുന്നു. നിലവിലുള്ള സ്ത്രീ തൊഴിലാളികളിൽ ഭൂരിഭാഗവും നിലവാരം കുറഞ്ഞ സ്വകാര്യ ജോലികളിലാണെന്നതും രേഖകള്‍ തെളിയിക്കുന്നു. രാജ്യത്ത് മൊത്തം തൊഴിൽ മേഖലയില്‍ ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തുന്നത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന തൊഴിൽ മേളകള്‍. ഒരു വർഷം കൊണ്ട് 10 ലക്ഷം തൊഴില്‍ നൽകുമെന്നാണ് പ്രഖ്യാപനം. കേന്ദ്രത്തിന്റെ രേഖകള്‍ അനുസരിച്ചു തന്നെ നിലവില്‍ 9.79 ലക്ഷം ഒഴിവുകളുള്ളപ്പോള്‍ എവിടെയാണ് പുതിയ തൊഴില്‍?.
English Sammury: 9.79 lakh vacancies in the country; No new appointment, Article by Dr. Gyan Pathak
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.