22 December 2024, Sunday
KSFE Galaxy Chits Banner 2

നവോത്ഥാന ചരിത്രത്തിന്റെ ഇടിമുഴക്കം

ഡോ. ടി ഗംഗ
(റിസർച്ച് ഓഫീസർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
August 27, 2021 8:45 pm

കേരളീയ നവോത്ഥാന ചരിത്രത്തിൽ വില്ലുവണ്ടിയുടെ ഇടിമുഴക്കവുമായ് കടന്നുവന്ന ശ്രദ്ധേയനായ സാമൂഹിക പരിഷ്കർത്താവായിരുന്നു മഹാത്മാ അയ്യൻകാളി. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം ജന്മിത്തത്തിലും ജാതിവ്യവസ്ഥയിലും അധിഷ്ഠിതമായിരുന്നു. ഭൂമി കേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയിൽ ജന്മി-നാടുവാഴി മേൽക്കോയ്മയാണ് നിലനിന്നിരുന്നത്. പൗരോഹിത്യം ഉൾപ്പെട്ട സവർണരും സമ്പത്ത് നിഷേധിക്കപ്പെട്ട അവർണരും ഇതിനെല്ലാം പുറമേ അസ്പൃശ്യരും ചേർന്നതായിരുന്നു കേരളത്തിലെ സാമൂഹികാന്തരീക്ഷം. ഇതിൽ താഴെത്തട്ടിലുള്ള അടിയാള വിഭാഗത്തിൽപ്പെട്ടവരെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചും കൊടിയ പീഡനങ്ങൾക്കു വിധേയമാക്കിയും ജാതി എന്ന ഉപകരണമുപയോഗിച്ച് തീണ്ടാപ്പാടകലെ നിർത്തിയിരുന്നു. കോളനിവാഴ്ചയുടെ ഉത്തുംഗഘട്ടത്തിലാണ് പാശ്ചാത്യബോധത്തിൽ നിന്ന് ഉയർന്നുവന്ന നവ ഉല്പാദനബന്ധങ്ങൾ ഉണ്ടാവുകയും കാർഷികമേഖലയിൽ കുടിയാൻമാരെ സൃഷ്ടിക്കുകയും ചെയ്തത്. അങ്ങനെ 1865‑ൽ തിരുവിതാംകൂറിലെ പണ്ടാരവകഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യാൻ കുടിയാൻമാർക്ക് അവകാശമുണ്ടായത്. ഇതിനെത്തുടർന്ന് അവർണവിഭാഗങ്ങൾക്കിടയിൽ സാമ്പത്തികസ്ഥിതി കൈവരുകയും അവർ വിദ്യാഭ്യാസത്തിന്റെ രുചി നുകരുകയും പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്തു അങ്ങനെ താഴ്ന്ന ജാതിക്കാർക്കിടയിൽ ഒരു മധ്യവർഗസമൂഹം രൂപപ്പെടുകയുണ്ടായി. ഇവരുടെ സാമൂഹികസ്ഥിതി മെച്ചപ്പെടുത്താനും അവയ്ക്ക് തടസമായി നിന്ന വ്യവസ്ഥകളെ ചോദ്യം ചെയ്യാനും തുടങ്ങി. അങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമൂഹികപരിഷ്കരണം ആരംഭിച്ചു വൈകുണ്ഠസ്വാമികൾ, തൈക്കാട് അയ്യാഗുരു, ആറാട്ടുപുഴ വേലായുധപ്പണിക്കർ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയവർ മാറ്റത്തിന്റെ അലയൊലികളുമായി സാമൂഹിക രംഗത്തേക്ക് കടന്നുവന്നു.

അധഃസ്ഥിത വർഗത്തിൽപ്പെട്ട ഒരു ജനതയുടെ കരുതലും വെളിച്ചവുമായി 1863‑ൽ തിരുവനന്തപുരം വെങ്ങാനൂരിൽ അയ്യൻകാളി ജനിച്ചു. ചെറുപ്പത്തിൽതന്നെ തന്റെ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് അസമത്വത്തിന്റെയും അവഗണനയുടെയും കയ്പ്പുനീർ കുടിച്ചു വളർന്ന അദ്ദേഹത്തിന് എന്തിനെയും നേരിടാനും ചോദ്യം ചെയ്യാനുമുള്ള കഴിവുണ്ടായിരുന്നു. പൊതുവഴികളിൽ കൂടി സഞ്ചരിക്കാൻ അന്നത്തെക്കാലത്ത് അയിത്തജാതിക്കാർക്ക് കഴിഞ്ഞിരുന്നില്ല. നിയമപ്രകാരം അതു സാധ്യമെങ്കിലും സവർണവിഭാഗം ഇതിനെ എതിർത്തിരുന്നു. ഇതു മനസിലാക്കിയ അയ്യൻകാളി 1893 ൽ രണ്ട് വെള്ള ഇരട്ടക്കാളകളെപൂട്ടി അലങ്കരിച്ച വില്ലുവണ്ടിയിൽ മോടിയുള്ള വസ്ത്രം ധരിച്ച് സഞ്ചാരസ്വാതന്ത്യ്രത്തിനുവേണ്ടി വില്ലുവണ്ടി സമരം നടത്തി. സവർണമേധാവിത്തത്തിനുമേൽ പതിച്ച ചാട്ടവാറടികളായി അതു മുഴങ്ങിക്കേട്ടു.

കീഴാളവിഭാഗങ്ങളിൽ വിവിധതട്ടുകളിൽ കഴിഞ്ഞിരുന്നവരെ ഏകീകരിക്കുന്നതിനായി 1907‑ൽ “സാധുജനപരിപാലനസംഘം” രൂപീകരിച്ചു. ഇതിനായി 24വകുപ്പുകളുള്ള ഒരു നിയമാവലി എഴുതിയുണ്ടാക്കി. ശുചിത്വം, അച്ചടക്കം എന്നിവയ്ക്കു പുറമേ സഞ്ചാരസ്വാതന്ത്യ്രവും വിദ്യാഭ്യാസ അവകാശവും നേടിയെടുക്കാൻ മുൻതൂക്കം നൽകി. ദലിത് വിഭാഗങ്ങൾ വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യം നിരക്ഷരനായ അയ്യൻകാളി മനസിലാക്കിയിരുന്നു. പഞ്ചമിയെന്ന പെൺകുട്ടിയുമായി ബാലരാമപുരം ഊരൂട്ടമ്പലം സ്കൂളിൽ ചേർക്കാൻ ചെന്നെങ്കിലും സവർണർ തടയുകയും സ്കൂൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. അതിനെത്തുടർന്ന് വെങ്ങാനൂരിൽ സ്കൂൾ സ്ഥാപിച്ചെങ്കിലും അതും തീവച്ചു നശിപ്പിക്കപ്പെട്ടു.

എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ സമ്മതിച്ചില്ലെങ്കിൽ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും” എന്ന് അയ്യൻകാളി ഉഗ്രശപഥം ചെയ്തു. സ്കൂൾപ്രവേശനം സാധ്യമാക്കുന്നതിനൊപ്പം കൂലിവർധിപ്പിക്കുക, ജോലിസ്ഥിരത, തൊഴിൽസമയം കുറയ്ക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 1913ലെ ഈ കർഷകസമരം ഒരു വർഷത്തോളം നീണ്ടു. രക്തച്ചൊരിച്ചിലുകളും പട്ടിണിയും ഉണ്ടായിട്ടും സമരം ചടുലമായിത്തന്നെ മുന്നോട്ടുപോയി. അന്ന് മാർക്സിയൻ ചിന്താഗതിയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും കേരളത്തിന് അന്യമായിരുന്ന കാലവും റഷ്യൻ വിപ്ലവത്തിന്റെ ശൈശവകാലഘട്ടമായിരുന്നു. കർഷകരുടെ പട്ടിണിയകറ്റാനായ് അയ്യങ്കാളി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുമായി ചേർന്ന് സഖ്യമുണ്ടാക്കുകയും അവരോടൊപ്പം ചേർന്ന് മത്സ്യബന്ധനത്തിൽ ഏർപ്പെടുകയും ചെയ്തു.

അയ്യൻകാളിയുടെ പ്രവർത്തനമികവുകൊണ്ട് 1911 ൽ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാനജനവിഭാഗങ്ങൾക്ക് കൃഷിഭൂമി ലഭ്യമാക്കണമെന്നും വിദ്യാഭ്യാസം ചെയ്യുന്നതിന് ഫീസ് ആനുകൂല്യം, സ്കോളർഷിപ്പ്, ഹോസ്റ്റൽ സൗകര്യം വിദേശവിദ്യാഭ്യാസം നടത്തുന്നതിനുള്ള അവസരം എന്നീ ആവശ്യങ്ങൾക്കുവേണ്ടി പ്രജാസഭയിൽ ഹർജി സമർപ്പിച്ചു. അയ്യൻകാളിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി വെള്ളിക്കരചോതി, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, കുറുമ്പർ ദൈവത്താർ, കണ്ടൻകുമാരൻ എന്നീ സാമുദായിക നേതാക്കളും സമരമുഖത്തേക്കിറങ്ങി. ഇവയെല്ലാം തന്നെ നവോത്ഥാനത്തിന് മാറ്റു കൂട്ടി.

അയ്യൻകാളിക്ക് കാറൽ മാർക്സിനെയോ വർഗസമരങ്ങളെയോ പരിചയമുണ്ടായിരുന്നില്ല. എങ്കിലും നിരക്ഷരനായ അയ്യൻകാളിയുടെ ദീർഘവീക്ഷണവും വിശകലനബുദ്ധിയും ആരെയും അമ്പരപ്പെടുത്തുന്നതായിരുന്നുവെന്ന് നിസംശയം പറയാം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവയ്ക്കുള്ളിൽ ശക്തമായ സൈദ്ധാന്തികത കാണാൻ കഴിയും. “തല്ലിനു തല്ല്, പല്ലിനു പല്ല്” എന്നതായിരുന്നു അയ്യൻകാളിയുടെ പ്രവർത്തനരീതി. രക്തരൂക്ഷിതമായ വിപ്ലവങ്ങൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്തു. കല്ലുമാല സമരം, തൊണ്ണൂറാമാണ്ട് ലഹള, പുല്ലാട് ലഹള, പെരിനാട് ലഹള എന്നിവ അക്കാലങ്ങളിൽ ഉണ്ടായ ശക്തമായ സമരങ്ങളായിരുന്നു.

നവോത്ഥാന നായകരിൽ നിന്നു അയ്യൻകാളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം നിരക്ഷരനായിരുന്നു എന്നതായിരുന്നു. എങ്കിലും വിശാലമായ ദീർഘവീക്ഷണവും ബുദ്ധിവൈഭവവുംകൊണ്ട് തന്റെ ജനതയെ കൈപിടിച്ചുയർത്താൻ അയ്യൻകാളിക്ക് കഴിഞ്ഞു. നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ അയ്യൻകാളിയിൽ വലിയ ഊർജമാണ് നൽകിയത്. അസമത്വങ്ങളെ കായികമായി നേരിടാനുള്ള ശേഷി നേടിയെടുത്തത് വൈകുണ്ഠ സ്വാമികളുടെ സ്വാധീനമായും കരുതാവുന്നതാണ്. തൈക്കാട് അയ്യാഗുരു, സദാനന്ദസ്വാമികൾ, ആത്മാനന്ദസ്വാമികൾ എന്നിവരെല്ലാം അയ്യൻകാളിയുടെ പ്രവർത്തനങ്ങളിൽ സ്വാധീനം വഹിച്ചിട്ടുണ്ട്.

അയ്യൻകാളി ഉയർത്തിവിട്ട ആശയങ്ങളും സമരങ്ങളും ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദളിതർ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തി വായിക്കപ്പെടേണ്ടതാണ്. തികഞ്ഞ പ്രായോഗികവാദിയായ അയ്യൻകാളി ഇന്നുണ്ടായിരുന്നെങ്കിൽ എങ്ങനെ പ്രവർത്തിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. അയിത്തജാതിക്കാരുടെ ജീവിതത്തെ മാത്രമല്ല കേരളത്തിന്റെ ജനാധിപത്യ സങ്കൽപ്പത്തെ ഉടച്ചുവാർക്കുക കൂടിയാണ് അയ്യൻകാളി ചെയ്തത്. മഹാത്മാ അയ്യൻകാളിയുടെ 158-ാമതു ജന്മവാർഷികം ആചരിക്കുന്ന ഈ വേളയിലും ജനമനസുകളിൽ അദ്ദേഹം ഇന്നും സൂര്യതേജസായി നിലകൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.