Site iconSite icon Janayugom Online

മഹാരഥന്മാരുടെ കരുത്തില്‍ ഊർജ്ജസ്വലമായ ഉയർച്ചയിലേക്ക്

യ്യന്‍കാളിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ സാമുദായിക ഉച്ചനീചത്വം കഴിഞ്ഞാൽ മറ്റെന്തിനേക്കാളും നാം പ്രാധാന്യം കൊടുക്കേണ്ടത് വിദ്യാഭ്യാസത്തിനാണ്. അറിവിന്റെ തുല്യമായ വിതരണവും പഠിക്കുന്നതിനുള്ള തുല്യമായ അവകാശവും ചേരുമ്പോഴേ വിദ്യാഭ്യാസം എന്ന സങ്കല്പം സഫലമാകൂ എന്ന ചിന്തയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

‘പാഠമില്ലെങ്കിൽ പാടത്തേക്കില്ല’ എന്നതായിരുന്നു ഒരു ഘട്ടത്തിൽ അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം. വിദ്യാഭ്യാസം ഔദാര്യമല്ലെന്നും അവകാശമാണെന്നുമുള്ള ചിന്തയ്ക്ക് ആ പ്രഖ്യാപനം അടിവരയിടുന്നു. ജാതിയെ സാമൂഹികവും സാമ്പത്തികവുമായ അടിച്ചമർത്തലുകൾക്കുള്ള ആയുധമായികണ്ട് അതിനെതിരെ കൃത്യമായ പ്രതിഷേധങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണ്. ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വന്ന ഈ വ്യത്യാസമാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് ശക്തി കൂട്ടിയത്. അതിൽ അയ്യന്‍കാളിയെപ്പോലുള്ള മഹാന്മാർ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.

1908 ൽ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ പണിമുടക്ക് നടത്തിയ ധീരസമര നായകനാണ് അയ്യന്‍കാളി. ആ പണിമുടക്ക് സമരമാണ് വലിയ ഒരു വിഭാഗം കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. വേലയ്ക്ക് കൂലി പണമായി തന്നെ വേണം, ജോലി ഉദയം മുതൽ അസ്തമയം വരെ മാത്രമേ പാടുള്ളു, കുട്ടികളെയും ഗർഭിണികളെയും കഠിനമായ ജോലിക്കിറക്കരുത് എന്നൊക്കെയുള്ള നിലപാടുകൾ അംഗീകരിപ്പിച്ചതും ആ സമരത്തിലാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പോരാട്ടങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുന്നതായിരുന്നു വില്ലുവണ്ടി സമരം.

ജാതിക്കതീതമായി മനുഷ്യാവസ്ഥയുടെ അന്തസുയർത്തിപ്പിടിക്കുന്നതും വർണവിവേചനത്തിന്റെ കോട്ടകളിൽ നടുക്കം സൃഷ്ടിക്കുന്നതുമായ ചരിത്ര സംഭവമായിരുന്നു ആ വില്ലുവണ്ടിയാത്ര. പൊട്ടുകുത്തിയും തലപ്പാവ് വച്ചും കോട്ട് ധരിച്ചുമാണ് അയ്യന്‍കാളി അന്ന് വില്ലുവണ്ടിയിൽ യാത്ര ചെയ്തത്. ജാതിയുടെ അടിസ്ഥാനത്തിൽ മാറ്റിനിർത്തപ്പെട്ടവർക്ക് നിഷേധിക്കപ്പെട്ട കാര്യങ്ങളായിരുന്നു പൊട്ടും തലപ്പാവും കോട്ടും. കോട്ട് ധരിക്കുന്നത് ഒരു രാഷ്ട്രീയ അടയാളമായി അംബേദ്കർ സ്വീകരിക്കുന്നതിനും എത്രയോ മുൻപാണ് ഇതെന്നോർക്കണം.

പ്രാകൃതാചാരങ്ങളുടെ, അയിത്തത്തിന്റെ, അനാചാരങ്ങളുടെ ദുരന്തകാലമുണ്ടായിരുന്നു ഇവിടെ. ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെയാണ് അത് മാറ്റിയെടുത്തത്. ആ സമരപരമ്പരകളിലൂടെയാണ് നാം ഇന്നു കാണുന്ന ഈ കേരളത്തെ രൂപപ്പെടുത്തിയെടുത്തത്. ആ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അയ്യന്‍കാളിയുടെ ജീവിതം. പഞ്ചമിക്ക് പഠിക്കാൻ അവസരം നിഷേധിക്കപ്പെട്ടപ്പോൾ അയ്യന്‍കാളി ആ പെൺകുട്ടിയെയും കൂട്ടി നേരെ സ്കൂളിലേക്കു പാഞ്ഞുചെന്നു. അന്നത്തെ സാമുദായിക പ്രമാണിമാർ ബെഞ്ചിനും ക്ലാസ്‌മുറിക്കും തീവച്ചു. ഊരൂട്ടമ്പലം എലമെന്ററി സ്കൂളിൽ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് പാതി കത്തിക്കരിഞ്ഞ ആ ബെഞ്ച്.

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ എന്താണ് അയ്യന്‍കാളി അടക്കമുള്ളവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നു പരിശോധിക്കാൻ കൂടി നാം ഈ അവസരം ഉപയോഗിക്കണം. അധഃസ്ഥിതർക്കുനേരെ അതിക്രമങ്ങളും അടിച്ചമർത്തലുകളും വർധിക്കുമ്പോൾ മനസിലാക്കേണ്ടത്, ഭരണഘടനയും ജനാധിപത്യവും അപകടത്തിലാകുന്നു എന്നതാണ്. എല്ലാവരെയും ജാതിമത ലിംഗ നിരപേക്ഷമായി ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കാതൽ. ആരും അതിനു പുറത്തല്ല.

ചില ആളുകൾ വർണം, ജാതി, മതം, സമ്പത്ത് എന്നിവയുടെ പേരിൽ പ്രത്യേക വിഭാഗങ്ങളെ പുറത്താക്കുവാൻ ശ്രമിക്കുന്ന കാഴ്ച നമുക്കു കാണാം. അതായത്, സമഗ്രതയുടെ നേരെ എതിർദിശയിലേക്കു കാര്യങ്ങൾ നീങ്ങുന്നു എന്നർത്ഥം. ഈയവസരത്തിലാണ് അയ്യന്‍കാളിയും ശ്രീനാരായണഗുരുവും അംബേദ്കറും എല്ലാം ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ പ്രസക്തമാകുന്നത്. നമ്മുടെ ചെറുത്തുനിൽപ്പുകളിലേക്ക് ഇവയെ സന്നിവേശിപ്പിക്കുവാനുള്ള അവസരമായിക്കൂടി ഇത്തരം സ്മരണകളെ ഉപയോഗപ്പെടുത്തണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തുടർഭരണം ലഭിച്ച ചരിത്ര ഘട്ടമാണിത്. ഈ തുടർച്ച ഇന്നാട്ടിലെ ജനങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമാണ്. കോവിഡ് മഹാമാരി കഠിനമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഈ ഘട്ടത്തിലും ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള അവിശ്രമ പ്രവർത്തനത്തിലാണ് സർക്കാർ. അതിന്റെ ഭാഗമായാണ് നൂറുദിന പരിപാടികളുടെ സാക്ഷാത്കരണത്തിനുള്ള ഇടപെടൽ. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സാന്നിധ്യത്തിലൂടെ ഭരണസംവിധാനത്തിലും ജനാധിപത്യ പ്രക്രിയയും പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ പങ്കും ഗണ്യമായി ഉയർന്നു. ഇതിനൊക്കെ പുറമെ പട്ടികജാതി പട്ടികവർഗ പദ്ധതികൾക്ക് ജനസംഖ്യാനുപാതത്തിൽ മാത്രം ഉപപദ്ധതി വിഹിതം അനുവദിക്കുന്ന രീതിക്കും ഈ ഘട്ടത്തിൽ വ്യത്യാസമുണ്ടായി. ജനസംഖ്യാനുപാതത്തിൽ കൂടുതലായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച പങ്ക്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ആരംഭിച്ച വിവിധ ഭവനപദ്ധതികളുടെ ഗുണഫലവും ചരിത്രത്തിൽ അരികുവത്കരിക്കപ്പെട്ടുപോയ ജനതയ്ക്ക് ലഭിച്ചു. അതോടൊപ്പം ഭൂമി വാങ്ങുന്നതിനുള്ള ധനസഹായവും സർക്കാർ നൽകുന്നുണ്ട്. കുട്ടികൾക്കായി അവരവരുടെ വീടുകളിൽ തന്നെ പ്രത്യേക പഠന മുറികളും ഒരുക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ആകട്ടെ സ്മാർട്ട് ക്ലാസ്‌മുറികളോടു കൂടിയ റെസിഡൻഷ്യൽ സ്കൂളുകൾ അടക്കം നിരവധി മാർഗങ്ങളിലൂടെയാണ് സർക്കാർ ഇടപെടലുകൾ നടത്തുന്നത്.

അങ്ങനെ അരികുവൽക്കരിക്കപ്പെട്ടവരുടെയുൾപ്പെടെ സമസ്ത വിഭാഗങ്ങളുടെയും സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ് ഈ സർക്കാർ. പാർശ്വവത്കൃത സമൂഹത്തിൽ പുരോഗതി ഉണ്ടായി എങ്കിലും ആ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്. പാർപ്പിട പ്രശ്നങ്ങൾ, ഭൂവിതരണ പ്രശ്നങ്ങൾ എന്നിവയൊന്നും ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വ്യാവസായികരംഗത്ത് കാര്യമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്. അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തണം. പഠനരംഗത്തുനിന്നും പാർശ്വവത്കൃത സമൂഹങ്ങളുടെ കൊഴിഞ്ഞുപോക്കിനെയും നാം ഗൗരവമായി കാണേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വിഭാഗത്തിൽ നിന്ന് എൻ റോൾ ചെയ്യുന്നവരുടെ എണ്ണം നന്നേ കുറവ് എന്നതാണ് വസ്തുത. അതിന് അറുതി വരുത്താനായാൽ മാത്രമേ നമ്മുടെ മുന്നേറ്റം പൂർണമാവൂ. ‘സ്വസമുദായത്തിൽ പത്തു ബിഎക്കാരെ’ കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ച അയ്യൻകാളിയുടെ ആശയങ്ങൾ അതിനായി മുറുകെപ്പിടിക്കേണ്ടതുണ്ട്.

സാങ്കേതിക വിപ്ലവത്തിന്റെ യുഗത്തിൽ പാർശ്വവത്കൃത ജനത പുറംതള്ളപ്പെട്ടുപോകാതിരിക്കുവാനുള്ള പ്രത്യേകമായ കരുതൽ ആവശ്യമാണ്. അതിനുള്ള ആദ്യ ചുവടുവയ്പ് എന്ന നിലയ്ക്കാണ് ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത്. ഒരു കുട്ടിപോലും ഡിജിറ്റൽ വിദ്യാഭ്യാസത്തിനു പുറത്തു പോകുന്നില്ല എന്നുറപ്പുവരുത്താനുള്ള നടപടികളാണ് മുന്നേറുന്നത്.

ഈ അയ്യൻകാളി സ്മൃതിദിനം കേവലമായ ഒരു ദിനാഘോഷം മാത്രമായല്ല കടന്നുപോകുന്നത്. അരികുവത്കരിക്കപ്പെട്ടവരെ കൂടുതൽ അപ്രസക്തരാക്കിക്കൊണ്ട് ചങ്ങാത്ത മുതലാളിത്തം ലോകത്തെയാകെ വിഴുങ്ങുമ്പോൾ അതിനു ഒരു ബദൽ ഉണ്ടെന്ന് തെളിയിച്ച ജനതയാണ് നാം. ജനകീയബദൽ എന്ന ആശയം കേരളം പ്രാവർത്തികമാക്കുകയാണ്. നമ്മുടെ അടിസ്ഥാന സൗകര്യ മേഖലകളിലാകെ ഇതു കൊണ്ടുവന്ന മാറ്റം എല്ലാവർക്കും മനസിലാകുന്നതാണ്. വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കുതിക്കുവാൻ ഒരുങ്ങി നിൽക്കുകയാണ് നാം. ഈ രണ്ടാം തലമുറ വികസനത്തിനും ജനകീയമായ ഒരു ബദൽ പരിപ്രേക്ഷ്യം ആവശ്യമാണ്.

ഭരണത്തിന്റെ തുടർച്ചയിൽ ഇടർച്ചയും പതർച്ചയുമല്ല ഉർജ്ജസ്വലമായ ഉയർച്ചയിലേക്കാണ് നാട് നീങ്ങുന്നത്. എല്ലാ പ്രതിസന്ധിയും തരണംചെയ്ത് മുന്നേറാൻ നമുക്ക് കരുത്തുപകരുന്നത് അയ്യന്‍കാളിയെപ്പോലുള്ള മഹാരഥന്മാരുടെ സ്മരണകളാണ്.

Exit mobile version