5 May 2024, Sunday

ചെറുപ്പത്തിലേ പിടികൂടുന്ന സംഘ്പരിവാര ഫാസിസ്റ്റുകള്‍

വി പി ഉണ്ണികൃഷ്ണന്‍
മറുവാക്ക്
May 5, 2023 4:30 am

“ആരുവായിക്കുമീ
മായുമെഴുത്തുകള്‍
ആരുടെ നാവിലു-
യിര്‍ക്കുമീച്ചൊല്ലുകള്‍
നാളെയീകുട്ടികള്‍
ചോദിക്കുമോ ‘നമ്മ-
ളാരുടെ കുട്ടികള്‍?
ആരുടെ നോവുകള്‍?
തായ്‌മൊഴി തന്നീണ-
മെങ്ങനെ? നാവെടു-
ത്തോതുന്നതെങ്ങനെ?”

എഴുത്തുകള്‍ മായുകയും ചൊല്ലുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യുകയാണ് നരേന്ദ്രമോഡി നേതൃത്വം നല്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളുടെ സ്വേച്ഛാധിപത്യ വാഴ്ചയില്‍. ഭാരതീയ സാംസ്കാരിക പൈതൃകത്തെക്കുറിച്ച്, ഭൗതിക ശാസ്ത്രീയ ചിന്തകളെക്കുറിച്ച്, മതേതര‑മാനവിക സംസ്കാരത്തെക്കുറിച്ച്, സ്വാതന്ത്ര്യസമ്പാദന പോരാട്ടങ്ങളെക്കുറിച്ച്, ധീരരക്തസാക്ഷിത്വങ്ങളെക്കുറിച്ച് ചൊല്ലാന്‍ ആരു ബാക്കിയുണ്ടാവും? തായ്‌മൊഴികളുടെ ഈണം മറന്നുപോകുന്നവരും നാവെടുത്തോതാന്‍ കഴിയാത്തവരുമുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടാല്‍ ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രം എവിടെയെത്തും? മോഡിഭരണത്തില്‍ ജനാധിപത്യവും ഭരണഘടനയും മതനിപേക്ഷതയും അഭംഗുരം അട്ടിമറിക്കപ്പെടുന്നു.
‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന് ആഹ്വാനം ചെയ്തത് നാസിസത്തിലൂടെ ഫാസിസം ഊട്ടിയുറപ്പിച്ച അഡോള്‍ഫ് ഹിറ്റ്ലറാണ്. ഹിറ്റ്ലറായിരിക്കണം മാതൃകയെന്ന് സംഘ്പരിവാര അനുയായികളെ ഉദ്ബോധിപ്പിച്ചത് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലകായ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറാണ്. ഗോള്‍‍വാള്‍ക്കറുടെ ആഹ്വാനപ്രകാരം ഹിറ്റ്ലറെ മാതൃകയാക്കുന്ന നരേന്ദ്രമോഡിയും സംഘവും ചെറുപ്പത്തിലേ പിടികൂടുക എന്ന ഹിറ്റ്ലര്‍ തത്വം രാജ്യത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയെ അട്ടിമറിച്ചുകൊണ്ട് പ്രാവര്‍ത്തികമാക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 


ഇതുകൂടി വായിക്കു;മോഡി പ്രസംഗിച്ചു, പെണ്ണു പ്രസവിച്ചു!


വിദ്യാഭ്യാസ കാവിവല്‍ക്കരണം എന്നു പറഞ്ഞാല്‍ ഗൗരവം കുറയും. വിദ്യാഭ്യാസ വര്‍ഗീയ ഫാസിസവല്‍ക്കരണമാണ് അരങ്ങേറുന്നത്. ബിജെപി അധികാരാരോഹണം നടത്തിയപ്പോഴെല്ലാം വിദ്യാഭ്യാസ മണ്ഡലത്തെ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ ദുരുപയോഗം ചെയ്തിരുന്നു. എ ബി വാജ്പേയ് പ്രധാനമന്ത്രിയും മുരളീ മനോഹര്‍ജോഷി മാനവവിഭവശേഷി വകുപ്പ് മന്ത്രിയുമായിരിക്കുമ്പോഴാണ് ജ്യോതിശാസ്ത്രമല്ല, ജ്യോതിഷമാണ് കലാലയങ്ങളില്‍ പഠിപ്പിക്കേണ്ടത് എന്ന കല്പന പുറത്തുവന്നത്. വരാഹമിഹിരന്റെ ജീവിതവും ശാസ്ത്രപരമായി അബദ്ധജടിലമായ ജ്യോതിഷവും പഠിപ്പിക്കണമെന്ന ശാഠ്യം വിദ്യാഭ്യാസത്തെ മതവല്‍ക്കരിക്കുന്ന ഫാസിസ്റ്റ് അജണ്ടയായിരുന്നു. മോഡിഭരണത്തില്‍ വിഖ്യാത ചരിത്രകാരന്മാരായ റൊമീലാഥാപ്പറിന്റെയും ബിപിന്‍ ചന്ദ്രയുടെയും യശ്പാലിന്റെയും പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് പുറത്തായി. പകരം ആര്‍എസ്എസ് ദാസന്‍മാരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഇടം പിടിച്ചു. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും വേണമെന്ന് നിഷ്കര്‍ഷിച്ചു. സര്‍വകലാശാലകളുടെയും ചരിത്രഗവേഷണ കൗണ്‍സിലിന്റെയും സാഹിത്യ‑സംഗീത അക്കാദമികളുടെയും അമരത്ത് സംഘ്പരിവാര്‍ വാഴ്ത്തുപാട്ടുകാരെ നിയോഗിക്കുകയും ആ സവര്‍ണപൗരോഹിത്യ പ്രതിനിധികള്‍ രോഹിത് വെമുലമാരെ പോലുള്ള രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കുമാറേണ്ടത് കേരളമല്ല മോഡിജീ …


 

വിഖ്യാതമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയെപ്പോലും വര്‍ഗീയ അജണ്ടകളുടെ കുരുതിക്കളമാക്കുന്നു. ഇന്ത്യ ദര്‍ശിച്ച ഏറ്റവും മഹാനായ മതനിരപേക്ഷചിന്തകനായ നെഹ്രുവിന്റെ നാമധേയത്തിലുള്ള സര്‍വകലാശാലയെയാണ് വര്‍ഗീയ ഭ്രാന്തിന്റെ കേന്ദ്രമാക്കി പരിണമിപ്പിക്കുന്നത് എന്നത് ചരിത്രത്തിലെ വൈരുധ്യം.  ചരിത്രത്തെ വക്രീകരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുമാണ് മോഡി ഭരണകൂടം. അതിന്റെ ഏറ്റവും ഒടുവിലത്തെ അടയാളപ്പെടുത്തലാണ് എന്‍സിഇആര്‍ടിയുടെ പുസ്തക പരിഷ്കരണം. 1948 ജനുവരി 30ന് ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും സൂര്യജ്വാലയായിരുന്ന മഹാത്മാഗാന്ധിയുടെ വധത്തെ പാഠപുസ്തകത്താളില്‍ നിന്ന് പുറംതള്ളി. ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സേയ്ക്കുവേണ്ടി അമ്പലങ്ങള്‍ സ്ഥാപിക്കുകയും പ്രതിമകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നവര്‍ക്ക് ഗാന്ധി ജീവിതം കുട്ടികള്‍ പഠിക്കുന്നത് എങ്ങനെ സഹിക്കാനാവും? സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സ്വാതന്ത്ര്യസമ്പാദന പോരാട്ടത്തിലെ മുന്‍നിര നായകനായിരുന്ന അബ്ദുള്‍ കലാം ആസാദ്. ഭരണഘടനാ നിര്‍മ്മാണസഭയിലെ സുപ്രധാന കമ്മിറ്റിയുടെ അധ്യക്ഷന്‍മാരുടെ പട്ടികയില്‍ നിന്ന് പതിനൊന്നാം ക്ലാസ് രാഷ്ട്രീയ ശാസ്ത്രപുസ്തകത്തില്‍ നിന്ന് സംഘ്പരിവാര കുടിലശക്തികള്‍ പുറംതള്ളി. മുഗള്‍ഭരണ ചരിത്രമാകെ പാഠപുസ്തകങ്ങളില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു.
നരേന്ദ്രമോഡിയുടെ ഭരണത്തില്‍ മതേതര ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഏറ്റവും കുറവാണെന്ന് യുഎസ് പാനല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി മതസ്വാതന്ത്ര്യവിലക്കിനെക്കുറിച്ച് യുഎസ് പാനല്‍ ചൂണ്ടിക്കാട്ടുന്നു. മോഡിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും അവരുടെ സ്ഥിതി അത്യന്തം ശോചനീയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷ ഇന്ത്യ ലോകത്തിന്റെ മുന്നില്‍ ശിരസ് കുമ്പിട്ടു നില്‍ക്കേണ്ടിവരുന്നു. ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുകൂടി റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, ലോകനേതാവ് എന്ന് ബിജെപിക്കാര്‍ വിശേഷിപ്പിക്കുന്ന നരേന്ദ്രമോഡി ഇന്ത്യയെ എവിടെയെത്തിച്ചു എന്ന് നാം തിരിച്ചറിയണം.
ഫാസിസ്റ്റ് ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യം എല്ലായ്പ്പോഴും വിലക്കപ്പെടും. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തെ ഏകാധിപത്യ‑ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഭയപ്പെടും. ഇക്കാലത്ത് കോര്‍പറേറ്റ് മുതലാളിമാര്‍ നയിക്കുന്ന മാധ്യമങ്ങളാകെ ആര്‍എസ്എസ്-മോഡി സ്തുതിപാഠകരാണ്. മറ്റുള്ളവരെ വേട്ടയാടി കീഴ്പ്പെടുത്തുകയെന്നതാണ് മോഡി ഭരണത്തിന്റെ തന്ത്രമുറകള്‍. മാധ്യമ സ്വാതന്ത്ര്യം നിരാകരിക്കപ്പെടുന്നതിലും ഇന്ത്യ മുന്നിലാണെന്ന ആഗോള സര്‍വേ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ടു. 180 രാഷ്ട്രങ്ങളിലെ മാധ്യമസ്വാതന്ത്ര്യ പട്ടികയില്‍ 161-ാം സ്ഥാനത്താണ് ഇന്ത്യ. നിശബ്ദത നിഷ്പക്ഷ മാധ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം. പ്രതികരണത്തെയും പ്രതിരോധത്തെയും പ്രക്ഷോഭങ്ങളെയും അവര്‍ വെറുക്കുന്നു.
‘അമ്മേ, നിന്നസ്ഥികള്‍ പോലും
തിന്നുന്ന തിരക്കിനിടയില്‍
നിന്‍ മേനിയില്‍ നിധികള്‍ തേടി-’
ഇന്ത്യയുടെ അസ്ഥികള്‍ തിന്നുന്ന തിരക്കിലാണ് മോഡിയും കൂട്ടരും. അവര്‍ കോര്‍പറേറ്റുകള്‍ക്കായി നിധികള്‍ തേടിയലയുമ്പോള്‍ ഭാരതഭൂമി വിവസ്ത്രയാവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.