22 December 2024, Sunday
KSFE Galaxy Chits Banner 2

സ്വാതന്ത്ര്യത്തിന്റെ അരുണാഭമായ പാഠങ്ങള്‍

കാനം രാജേന്ദ്രന്‍
August 14, 2021 5:26 am

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു എഴുപത്തിയഞ്ച് വയസ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനത സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കുകയാണ്. ഒരു ജനതയുടെ ആത്മബോധത്തിന്റെ ഏറ്റവും നിറവാർന്ന പ്രകാശനമാണ് സ്വാതന്ത്ര്യദാഹവും സ്വാതന്ത്ര്യ അഭിനിവേശവും. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ പോരാട്ടത്തിൽ പരസഹസ്രം ജനത ത്യാഗപൂർണമായ ജീവിതം സമർപ്പിച്ചിട്ടാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കരഗതമാകുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മഹാസമരത്തിൽ ജീവാർപ്പണം ചെയ്യുമ്പോൾ സ്വാതന്ത്ര്യസാക്ഷാത്കാരത്തിന്റെ അനഘമായ സായൂജ്യമാണ് ധീരരക്തസാക്ഷികൾ അനുഭവിച്ചത്. ഭഗത്‌സിങ്, ചന്ദ്രശേഖർ, സുഖദേവ് സിങ് തുടങ്ങിയവരുടെ അന്ത്യനിമിഷങ്ങൾ അതാണ് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നത്.

അസംഘടിതവും സംഘടിതവും ഒറ്റപ്പെട്ടതും രക്തരൂക്ഷിതവും അതിസാഹസവും അതുപോലെതന്നെ ഏകോപിതവും സമാധാനപരവുമായ പ്രക്ഷോഭത്തിന്റെ ബഹുസ്വരത ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നമുക്ക് ദർശിക്കാം. പക്ഷേ, സാമ്പ്രദായിക ചരിത്രനിർമ്മിതി ഈ ബഹുസ്വരതയെ നിഷേധിച്ച് കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധിനായകത്വത്തിൽ നടന്ന സമരമായി സാമാന്യവല്ക്കരിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല, ഇന്ത്യയിലെ സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തവർ എന്ന വിശേഷണവും കമ്മ്യൂണിസ്റ്റുകാരിൽ ചാർത്തിവരുന്നു.

ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അതിന്റെ മതേതര ജനാധിപത്യഘടകങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രോജ്വലമായ പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിർണായക പങ്കാണ് വഹിച്ചിട്ടുണ്ടെന്നുള്ളത് ചരിത്രയാഥാർത്ഥ്യമാണ്. ആ പൈതൃകത്തെ ഉൾക്കൊള്ളാനും മുന്നോട്ടു കൊണ്ടുപോകാനുമുള്ള കടമയെ ഓർമ്മിപ്പിക്കുന്നതാണ് ഈ സ്വാതന്ത്ര്യദിനം. ദേശീയപ്രക്ഷോഭത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും സ്വാതന്ത്ര്യസ്മരണ പുതുക്കാനും മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും സർവോപരി ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാനുമുള്ള ദിനമായാണ് സിപിഐ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആചരിക്കുന്നത്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബോംബെയിലെ സിപിഐ ആസ്ഥാനത്ത് ത്രിവർണപതാകയുയർത്തി-സ്വാതന്ത്ര്യദിനത്തിന്റെ മധുരം പങ്കു് വച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയും അതിലേക്കു നയിച്ച ബഹുസ്വര-ബഹുരൂപിയായ പ്രക്ഷോഭങ്ങളും ഇന്ത്യയിൽ മാത്രമൊതുക്കി നിർത്തികാണുന്നത് ചരിത്രത്തോട് കാണിക്കുന്ന നിഷേധമാണ്. കാരണം നാം പോരാടിയത് സാമ്രാജ്യത്വശക്തിയായ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയായിട്ടായിരുന്നു. നമ്മുടെ സ്വാതന്ത്ര്യസമരം ശക്തി പ്രാപിക്കുന്നതിനനുസരിച്ച് ലോകത്ത് കൊളോണിയൽ വിരുദ്ധസമരങ്ങൾ കരുത്താർജ്ജിക്കുകയായിരുന്നു. “ഇന്ത്യയുടെ ഒന്നാമത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം (ദി ഫസ്റ്റ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്) തുടങ്ങിയ ഗ്രന്ഥങ്ങളിൽ മുതലാളിത്തവ്യവസ്ഥ എങ്ങനെയാണ് കോളനിരാജ്യങ്ങളെ കൊള്ളചെയ്യുന്നതെന്ന് കാറൽമാർക്സ് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മാർക്സിനു ശേഷം ലെനിൻ, മുതലാളിത്തം അതിന്റെ സാമ്രാജ്യത്വ ഘട്ടത്തിലേക്ക് എങ്ങനെ വികസിച്ചെന്നും സാമ്രാജ്യത്വ ഘട്ടത്തിൽ സാമ്രാജ്യത്വത്തിനെതിരെ കോളനിരാജ്യങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും എങ്ങനെ രൂപംകൊള്ളുമെന്നും പ്രവചനാത്മകമായി വിശദീകരിച്ചു.

അങ്ങനെ ലോകമെങ്ങും തൊഴിലാളി കർഷക ബഹുജന സാമാന്യം ഒരു പുതിയ ശക്തിയായി ഉയർന്നുവന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലും തൊഴിലാളി-കർഷക ജനതയുടെ സജീവസാന്നിധ്യം വിളംബരം ചെയ്യും വിധം പ്രക്ഷോഭങ്ങളും കലാപങ്ങളും നടന്നത്. ഗാന്ധിജി രാഷ്ട്രീയപ്രവേശം ചെയ്യുന്നത് ചംബാരനിലെ നീലം കൃഷിക്കാരുടെ സമരത്തിലൂടെയാണെന്നത് നമുക്കറിയാം. ബാലഗംഗാധരതിലകന്റെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചപ്പോൾ ഒരു ലക്ഷത്തിലധികം ടെക്സ്റ്റൈൽ തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരവും ഹർത്താലും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ നിർണായക പ്രാധാന്യമുള്ള സംഭവമായിരുന്നു. ആറു ദിവസത്തോളം നീണ്ടുനിന്ന ഈ തൊഴിലാളിസമരത്തിന്റെ ഫലമായി ആറുവർഷത്തേക്കു തിലകനെ ജയിലിലടയ്ക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ വിധിമാറ്റിയെഴുതിക്കാനും സാധിച്ചു. ഈ സംഭവം നടന്നത് ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്തതിനും വർഷങ്ങൾക്കുമുമ്പാണെന്നോർക്കണം. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ തൊഴിലാളി വർഗത്തിനും കർഷക ജനസാമാന്യത്തിനുമുള്ള സജീവ പങ്കാളിത്തമാണ് ദേശീയപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിനു അടിത്തറയുണ്ടാക്കിക്കൊടുത്തതെന്ന കാര്യം മനപൂർവം വിസ്മരിക്കുകയാണ് ബൂർഷ്വാ ചരിത്രകാരന്മാർ.

ഒക്ടോബർ വിപ്ലവം മാനവരാശിക്കുമുമ്പാകെ തുറന്നിട്ട പുതുയുഗത്തിലാണ് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരവും ശക്തിപ്രാപിക്കുന്നത്. 1920‑ൽ മഹാത്മാഗാന്ധി കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തു. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആരംഭിച്ച 1920–22 കളിലെ ചരിത്രപ്രസിദ്ധമായ ആദ്യത്തെ നിസഹരണ പ്രസ്ഥാനത്തിലൂടെ ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധ സമരത്തിന് പുതിയ ബഹുജനസ്വഭാവമാർന്ന മാനങ്ങളാർജിച്ചു. എല്ലാ വിഭാഗം ജനങ്ങളും പ്രത്യേകിച്ച് യുവാക്കൾ, തൊഴിലാളികൾ, കർഷകർ, മഹിളകൾ ദേശാഭിമാനബോധത്താൽ ആകൃഷ്ടരായി, ദേശവ്യാപകമായി വലിയ കോളിളക്കം സൃഷ്ടിക്കുന്ന സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി. ഈ കാലയളവിലാണ് ഒക്ടോബർ വിപ്ലവത്തിന്റെ സ്വാധീനത്തിൽ ശാസ്ത്രീയ സോഷ്യലിസമാണ് ലക്ഷ്യം എന്ന് തീരുമാനിച്ച കമ്മ്യൂണിസ്റ്റുകാരുടെ ഉദയംചെയ്യൽ. എന്നാൽ ഗാന്ധിജി നിസഹരണപ്രസ്ഥാനം നിർത്തിവയ്ക്കാൻ പെട്ടെന്ന് ആഹ്വാനംചെയ്തു. പൊടുന്നനെ, വലിയ ആവേശത്തിരയിളക്കി വന്ന ഈ സമരത്തിൽ നിന്നുള്ള ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും പിന്മാറ്റം വലിയ നൈരാശ്യമാണ് യുവാക്കളിലും മറ്റും സൃഷ്ടിച്ചത്. യഥാർത്ഥത്തിൽ ഇത് കൂടുതൽ ഊർജസ്വലവും വിപ്ലവകരവുമായ പാത തിരഞ്ഞെടുക്കാൻ ഒരുവിഭാഗം ഉല്പതിഷ്ണുക്കളായവരെ പ്രേരിപ്പിക്കുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ സമ്മേളനം 1921ൽ അഹമ്മദാബാദിൽ നടന്നത്.

ഈ സമ്മേളനത്തിൽ എം എൻ റോയിയും അബനി റോയിയും പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള മാനിഫെസ്റ്റോ കോൺഗ്രസ് പ്രതിനിധികൾക്കിടയിൽ വിതരണം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മൗലാനാ ഹസ്രത്ത് മൊസാനീ, സ്വാമി കുമാരാനന്ദ് എന്നിവർ സമ്മേളനത്തിൽ “പൂർണസ്വാതന്ത്ര്യം (സ്വരാജ്) ഇന്ത്യയ്ക്ക്” എന്ന പ്രമേയം അവതരിപ്പിച്ചു. എന്നാൽ പ്രതിനിധികളിൽ ഭൂരിഭാഗവും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതുകൊണ്ട് പ്രമേയം തള്ളിപ്പോയി. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുന്നതിനു മുമ്പു തന്നെ നമ്മുടെ രാജ്യത്തിലെ കമ്മ്യൂണിസ്റ്റുകാർ ഒറ്റയ്ക്കൊറ്റയ്ക്കും ഗ്രൂപ്പുകളായും ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ച അവസാനിപ്പിക്കണമെന്നും ഇന്ത്യ പൂർണസ്വാതന്ത്ര്യം നേടണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാത മർദ്ദന നടപടികൾ അനുഭവിക്കേണ്ടിവന്നു. സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ മേലുള്ള പരമാധികാരം നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യത്തിനുവേണ്ടി ഗൂഢാലോചന നടത്തുകയായിരുന്നു എന്ന കുറ്റം ചുമത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റുകാരായ എം എൻ റോയ്, എസ് എ ഡാങ്കേ, മുസാഫിർ അഹമ്മദ്, നളിനി ഗുപ്ത, ഷൗക്കത്ത് ഉസ്മാനി, ശിങ്കാരവേലുച്ചെട്ടിയാർ, ഗുലാം ഹുസൈൻ തുടങ്ങിയവർക്കെതിരെ പ്രസിദ്ധമായ കാൺപൂർ ഗൂഢാലോചനക്കേസ് ചാർജ് ചെയ്യുകയും ജയിലടക്കുകയും ചെയ്തു. ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണ് സിപിഐ. 1925‑ലെ കാൺപൂരിൽ വച്ചു നടന്ന, ഇന്ത്യയിലെയും ലോകത്തെ മറ്റിടങ്ങളിൽ ചിന്നിച്ചിതറിക്കിടന്ന കമ്മ്യൂണിസ്റ്റുകാരുടെ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സ്ഥാപിതമാകുന്നത്. ഇതിന്റെ ഫലമായി 1929 മാർച്ച് ബ്രിട്ടീഷ് ഭരണകൂടം കമ്മ്യൂണിസ്റ്റുകാരും ട്രേഡ് യൂണിയൻ പ്രവർത്തകരുമായ 31 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വീണ്ടും കേസെടുത്തു. മീററ്റ് ഗൂഢാലോചനക്കേസ് എന്നറിയപ്പെടുന്ന ഈ കേസിലും കാൺപൂർ ഗൂഢാലോചനക്കേസിന്റെ ചാർജ്ജ് ഷീറ്റിലെ കുറ്റങ്ങൾ തന്നെയാണുണ്ടായിരുന്നത്.

എസ് എ ഡാങ്കേ, മുസാഫിർ അഹമ്മദ്, ജി അധികാരി, പി സി ജോഷി, എസ് എസ് മിറാജ്കർ തുടങ്ങിയവരായിരുന്നു “പ്രതികൾ”. സിപിഐ നിലവിൽ വന്ന് നാല് വർഷം കഴിഞ്ഞാണ് കോൺഗ്രസിന്റെ ലാഹോർ സമ്മേളനം 1929–30 ൽ ജവഹർലാ‍‍ൽനെഹ്റുവിന്റെ അധ്യക്ഷതയിൽ നടക്കുന്നത്. ഈ സമ്മേളനത്തിൽ വച്ചാണ് “പൂർണസ്വരാജ്” കോൺഗ്രസ് ലക്ഷ്യമായി അംഗീകരിച്ചത്. അതായത് 1921ൽ കമ്മ്യൂണിസ്റ്റ്കാരനായ ഹസ്രത്ത് മൊസാനി അവതരിപ്പിച്ച പൂർണ സ്വാതന്ത്യം എന്ന പ്രമേയം അംഗീകരിക്കാൻ എട്ടു വർഷം വരെ വേണ്ടി വന്നു ഇന്ത്യൻനാഷണൽ കോൺഗ്രസിന്. 1920 ൽ രൂപീകൃതമായ എഐടിയുസി, 1934 ൽ സ്വാമി സഹജാനന്ദ സരസ്വതി, ഇന്ദുലാൽ തുടങ്ങിയ വിപ്ലവകാരികൾ ചേർന്ന് അഖിലേന്ത്യാ കിസാൻസഭ, 1936 ൽ വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ തുടങ്ങിയവ സ്ഥാപിതമായി. പുരോഗമന സാഹിത്യ സംഘടന 1936 ൽ രൂപീകരിച്ചു. 1943 ൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ എന്ന കലാകാരന്മാരുടെ സംഘടന രംഗത്തുവന്നു. അതിശക്തമായ കർഷക സമരങ്ങളും തൊഴിലാളി പണിമുടക്കങ്ങളും വിദ്യാർത്ഥി യുവജന സമരങ്ങൾക്ക് വഴിയൊരുക്കിയതും ഈ ബഹുജന സംഘടനകളെ അണിനിരത്തിക്കൊണ്ടാണ്. കോൺഗ്രസിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ വ്യത്യസ്തമാക്കുന്നത് ഈ കാര്യത്തിലാണ്. 1934 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സാമ്രാജ്യത്വ ഭരണകൂടം നിരോധിച്ചു. ഇന്ത്യ 1947 ലാണ് സ്വാതന്ത്ര്യം നേടുന്നതെങ്കിലും 1950 ജനുവരി 26ന് ഒരു പരമാധികാര റിപ്പബ്ലിക് ആയി രൂപം കൊള്ളുന്നത്.

ഈ പരമാധികാര രാഷ്ട്രം എന്ന രാഷ്ട്രീയ സങ്കല്പനവും ഇന്ത്യയിൽ ആദ്യമായി മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്തു പ്രവർത്തിച്ച കമ്മ്യൂണിസ്റ്റുകാരായിരുന്നു. 1940 ൽ വീണ്ടും പാർട്ടിയുടെമേൽ നിരോധനം പുനഃസ്ഥാപിക്കപ്പെടുകയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഒളിവില്‍ പോവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കാനും കമ്മ്യൂണിസ്റ്റ് നേതാക്കളെ വേട്ടയാടാനും നിരോധിക്കാനും ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചത് 1927 നും 1931 നും ഇടയിൽ രേഖപ്പെടുത്തിയ വിപ്ലവ പരിപാടിയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രായപൂർത്തി വോട്ടവകാശം, ജന്മിത്വം അവസാനിപ്പിക്കൽ, ബ്രിട്ടീഷ് ഫാക്ടറികളും തോട്ടങ്ങളും പിടിച്ചെടുത്ത് ദേശസാൽക്കരിക്കുക ബാങ്ക് ദേശസാൽക്കരണം തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നുവെന്നുള്ളതു കൊണ്ടാണ്. എന്നാൽ 1942 ലെ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിൽ നിന്നൊഴിഞ്ഞു മാറിയത് ദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു തിരിച്ചടിയായി. ഫാസിസ്റ്റ് വിരുദ്ധ സമരത്തെ ദേശീയ വിമോചന സമരവുമായി സംയോജിപ്പിക്കാതിരുന്നത് 1942 ൽ പറ്റിയ അബദ്ധമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സാർവദേശീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നയം ഗൗരവതരമായ പാളിച്ചയായിരുന്നുവെന്നു സ്വയം വിമർശനപരമായി അംഗീകരിക്കുകയുണ്ടായി.

എ ബി ബർധൻ ചോദിച്ചതുപോലെ ഒരു തെറ്റും ചെയ്തില്ലെന്ന് പറയാൻ കഴിയുന്ന ഏത് പാർട്ടിയുണ്ട്? തെറ്റുപറ്റിയാൽ തിരുത്തുകയാണ് വിപ്ലവ പാർട്ടിയുടെ കടമ. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത അരുണ ആസഫലി, ക്രാന്തി സിൻഹ പോലുള്ള നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയായിരുന്നു. കാരണം ക്വിറ്റിന്ത്യാ സമരത്തിനു മുമ്പും പിമ്പും സിപിഐ എണ്ണമറ്റ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ചിറ്റഗോംഗ് സൈനിക കലാപം, തെലങ്കാന, തെഭാഗ, പുന്നപ്രവയലാർ, കയ്യൂർ, കരിവള്ളൂർ തുടങ്ങിയ കർഷക‑തൊഴിലാളി സമരങ്ങൾ ജന്മിത്വ നാടുവാഴിത്തവുമായി സന്ധിചെയ്യുന്ന ബ്രിട്ടീഷ്ഭരണത്തിനെതിരായിരുന്നു. ബോംബെയിലെ നാവിക കലാപത്തിനു നേതൃത്വം നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരായിരുന്നു. കോൺഗ്രസും മറ്റ് പാർട്ടികളും ഇത്തരം സമരങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുകയായിരുന്നു.

ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊള്ളാതെ അവർക്ക് ദാസ്യവേല ചെയ്ത ആർഎസ്എസും അതിന്റെ രാഷ്ട്രീയ പാർട്ടിയായ ബിജെപിയും ഇന്ന് ഇന്ത്യയെ ഒരു ഹൈന്ദവ രാഷ്ട്രമാക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് തീവ്ര ഹിന്ദുത്വ മതവികാരം ഉണർത്തിവിട്ടും മറുഭാഗത്ത് നവലിബറൽ മുതലാളിത്ത ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിച്ചാണ് മോഡി ഇന്ത്യയെ നയിക്കുന്നത്. രാഷ്ട്രപിതാവിനെ വധിച്ച നാഥുറാം വിനായ് ഗോഡ്സെ ആരാധ്യ പുരുഷനായി പരസ്യമായി തന്നെ മോഡിയുൾപ്പെടെയുള്ളവർ പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താനും സമുചിതമായി ആഘോഷിക്കാനും സിപിഐ വളരെ നേരത്തെ തീരുമാനിച്ചതാണ്.

1948–50 ലെ കൽക്കത്ത തീസിസിന്റെ കാലത്ത് പാർട്ടി മുഴക്കിയ മുദ്രാവാക്യമാണ് ദിസ് ഫ്രീഡം ഈസ് ഫാല്‍സ് ഈ സ്വാതന്ത്ര്യം മിഥ്യയാണെന്ന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നുള്ള അധികാര കൈമാറ്റമാണ് 1947 ആഗസ്റ്റ് 15ന് നടന്നതെന്നാണ്. യഥാർത്ഥ സ്വാതന്ത്യം ജനകീയ വിപ്ലവത്തിലൂടെ സാധ്യമാകൂ എന്ന് സിപിഐ ജനറൽ സെക്രട്ടറി ആയിരുന്ന ബി ടി രണദിവേ അവതരിപ്പിച്ച് അംഗീകരിച്ച കൽക്കത്ത തീസിസിൽ പറഞ്ഞു.

1950 ൽ ഈ ഇടതു സാഹസികനയം തിരുത്തുകയുണ്ടായി. 1958 സിപിഐ അമൃത്‌സർ പാർട്ടി കോൺഗ്രസ് അംഗീകരിച്ച പാർട്ടി പരിപാടിയിൽ 1947 ഓഗസ്റ്റ് 15 ന് നേടിയ സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കത്തെ അംഗീകരിക്കുകയുണ്ടായി. ഇതിനുശേഷം സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നു് പാർട്ടി തീരുമാനിക്കുകയുണ്ടായി. അതനുസരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സിപിഐ സ്വാതന്ത്യദിനം ആചരിച്ചിരുന്നു. എന്നാൽ ഒരു ഏകീകൃത സ്വഭാവത്തോടെ സ്വാതന്ത്ര്യദിനം എല്ലാ ഘടകങ്ങളും ആചരിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. എന്നാൽ 2015 ൽ ജനുവരി 26 ന് നരേന്ദ്രമോഡി പാർലമെന്റിൽ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിച്ചപ്പോൾ അതിനകത്തുണ്ടായിരുന്ന മതേതരത്വം, സോഷ്യലിസം, എന്നീവാക്കുകൾ മനഃപൂർവം ഒഴിവാക്കി.

ഈ സാഹചര്യത്തിൽ അതിനുശേഷം ചേർന്ന സിപിഐ നാഷണൽ എക്സിക്യൂട്ടീവ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഉല്പന്നമായ ഭരണഘടനയേയും മതേതരത്വത്തേയും പരമാധികാരത്തേയും സോഷ്യലിസത്തേയും മുറുകെപ്പിടിച്ചുകൊണ്ട് നമ്മുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനും അതിന്റെ ദീപശിഖയെ മുന്നോട്ടു കൊണ്ടുപോകുന്നതിനുതകുന്ന തരത്തിൽ റിപ്പബ്ലിക്ദിനം, സ്വാതന്ത്ര്യദിനം, അംബേദ്കർദിനം എന്നിവ ആചരിക്കാൻ തീരുമാനിച്ചു. മറ്റേതൊരു പ്രസ്ഥാനത്തെക്കാളും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഹൃദയരക്തം ചൊരിഞ്ഞത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നത് ചരിത്രയാഥാർത്ഥ്യമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ പങ്കെടുത്തു ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ അവിരാമം പ്രവർത്തിക്കുക എന്നതാണ് സിപിഐ ഈ ദിനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ജീവിതത്തിന്റെ സർവ മണ്ഡലങ്ങളിൽ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആത്യന്തികമായി പരിഹരിക്കപ്പെടണമെങ്കിൽ ജനാധിപത്യത്തിൽ അടിയുറച്ച ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് സിപിഐ ഈ അവസരത്തിൽ ഓർമ്മിപ്പിക്കുകയാണ്. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.