24 December 2024, Tuesday
KSFE Galaxy Chits Banner 2

വരകളിലെ എംടി

മാങ്ങാട് രത്നാകരൻ
July 9, 2023 12:16 pm

എം ടി വാസുദേവൻ നായർക്ക് ചാർത്താറുള്ള വിശേഷണങ്ങളിലധികവും ആവർത്തിച്ചുള്ള ഉപയോഗത്താൽ തേഞ്ഞുപോയി. എംടി എന്ന രണ്ടക്ഷരം പക്ഷേ പഴകാതെ, നിത്യയൗവ്വനം സൂക്ഷിക്കുന്നു, തൊണ്ണൂറാം വയസ്സിലും.
ശബ്ദായമാനമായ എഴുത്തുകളിൽ എംടിയെ എഴുത്തുകാർ ആവിഷ്കരിക്കുന്നതോടൊപ്പം തന്നെ നിശബ്ദകലയായ ചിത്രകലയിലും ഫോട്ടോഗ്രഫിയിലും കലാകാരന്മാർ എംടിയെ സവിശേഷമായ കണ്ണുകൾകൊണ്ടു കണ്ടു, രേഖപ്പെടുത്തി. എംടിയെ വരയിലും വർണത്തിലും പകർത്തിയ പ്രഗല്ഭരായ ചില ചിത്രകാരന്മാരുടെ രചനകളിലൂടെ സഞ്ചരിക്കട്ടെ. കാണാനുള്ള ചിത്രത്തിന് വാക്കുകളുടെ പകിട്ട് ആവശ്യമില്ലെങ്കിലും പശ്ചാത്തലവും ചില സൂചനകളും ഈ ചിത്രങ്ങളെ കുറെക്കൂടി തിളക്കിക്കാട്ടിയേക്കും.
അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുന്ന ചിത്രകാരനാണ് യൂസഫ് അറക്കൽ (1945–2016). ഫ്ളോറൻസ് ബിനാലെയിൽ ‘ലോറൻസോ ഡി മെഡിച്ചി’ സ്വർണമെഡൽ നേടിയ കലാകാരൻ. ന്യൂയോർക്ക് തൊട്ട് സിംഗപ്പൂർ വരെ ലോകത്തിന്റെ വിവിധ നഗരങ്ങളിൽ ഏകാംഗകലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിനു പുറത്ത് ബംഗളുരുവിൽ കലാപ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോഴും ജനിച്ച നാടിനെയും മലയാളത്തെയും തനിക്കു പ്രിയപ്പെട്ട എഴുത്തുകാരെയും മനസ്സിൽ കൊണ്ടുനടന്ന യൂസഫ്, തൊണ്ണൂറുകളിൽ വൈക്കം മുഹമ്മദ് ബഷീറിനെ ഒരു ചിത്രപരമ്പരയിലൂടെ ആദരിച്ചിരുന്നു, ബഷീറിനെ മാത്രമല്ല കഥാപാത്രങ്ങളെയും. ചാരുകസേരയിൽ ചാരിക്കിടന്ന് ഗ്രാമഫോണിൽ പാട്ടുകേൾക്കുന്ന ബഷീർ, ആടുമായി പാത്തുമ്മ, അങ്ങനെ വിഖ്യാതമായ യൂസഫ് ശൈലിയിൽ കുറേയേറെ ചിത്രങ്ങൾ.
2014‑ൽ എംടിയെ ആദരിക്കുന്ന ഒരു ചടങ്ങിന്റെ ഭാഗമായുള്ള ചിത്ര‑ഫോട്ടോപ്രദർശനത്തിനായാണ് യൂസഫ്, ‘വാസ്വേട്ടൻ’ എന്ന് താൻ സ്നേഹാദരങ്ങളോടെ വിളിക്കുന്ന എംടിയെ വരയ്ക്കുന്നത്. യൂസഫ് മുദ്രയുള്ള, ചാരനിറമാർന്ന പശ്ചാത്തലത്തിൽ, ശുഭ്രവസ്ത്രധാരിയായ എംടി, വിദൂരതയിലേക്ക് കണ്ണുപായിച്ചിരിക്കുന്ന ചിത്രത്തിൽ, ചിത്രകലയുടെയും ഫോട്ടോഗ്രഫിയുടെയും അതിരുകൾ മായ്ച്ച് പുതിയൊരു ദൃശ്യഭാഷ സൃഷ്ടിക്കുകയാണ്. സർഗകർമ്മത്തിൽ വാക്കുകൾ കൊരുത്ത് നക്ഷത്രമാക്കുന്ന അതേ കലാവിദ്യ.


ഇതുകൂടി വായിക്കൂ: നവ സിനിമയുടെ പെരുന്തച്ചൻ


കെ എം ആദിമൂലം (1938–2008) തമിഴകത്തെ ഏറ്റവും അറിയപ്പെടുന്ന, ‘ദ്രാവിഡക്കരുത്തുള്ള’ ചിത്രകാരന്മാരിൽ ഒരാൾ. വർണത്തിലും വരയിലും ഒരുപോലെ കൃതഹസ്തൻ. വർണചിത്രങ്ങളിൽ നിറങ്ങളുടെ സ്വഭാവം തേടി അമൂർത്തതയിലേക്കു പ്രയാണം ചെയ്തുവെങ്കിൽ, വരകളിൽ മൂർത്തമായ രൂപങ്ങളെ സവിശേഷമായി വ്യാഖ്യാനിക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ രേഖാചിത്രങ്ങളിലൂടെയാണ് ആദിമൂലത്തെ കലാസ്വാദർക്ക് കൂടുതൽ പരിചിതം. പല്ലില്ലാച്ചിരിയിലും ഊന്നുവടിയിലും ‘ജീവനുള്ള ഊന്നുവടി‘കളുടെ താങ്ങിലും ഗോപുരം പോലുള്ള ഖാൻ അബ്ദുൾ ഗാഫർഖാനൊപ്പവും ഉള്ള നിരവധി സവിശേഷ ഗാന്ധിമുഹൂർത്തങ്ങൾ. കരുത്തുറ്റ രേഖകളിൽ എം ഗോവിന്ദന്റെ ക്ഷോഭവും ചിന്താമഗ്നതയും ആവിഷ്കരിക്കുന്ന ചിത്രവും ഏറെ പരിചിതം.
എംടിയുടെ രേഖാചിത്രം ആദിമൂലം വരക്കുന്നത് എംടിയുടെ സാന്നിധ്യത്തിലാണ്. രണ്ടായിരമാണ്ടിന്റെ ആദ്യദശകത്തിന്റെ ആദ്യപാദത്തിൽ നമ്പൂതിരിയുടെ ‘മഹാഭാരതം’ അർധശില്പങ്ങളുടെ പ്രദർശനം കോഴിക്കോട്ട് ഒരുക്കിയപ്പോൾ ഉദ്ഘാടനം ചെയ്തത് ആദിമൂലമായിരുന്നു. തമിഴ് ചുവയുള്ള മലയാളത്തിൽ, എംടിയോടുള്ള ആദരവ് ചുരുക്കം വാക്കുകളിൽ അർപ്പിച്ചതിനുശേഷം, ആദിമൂലം കാൻവാസിൽ ചാർക്കോൾ കൊണ്ട് എംടിയുടെ രേഖാചിത്രം തീർത്തു.

 

ഇരയെ നോക്കുന്ന ഒരു കടുവയെപ്പോലെയായിരുന്നു ആദിമൂലത്തിന്റെ വരക്കുമ്പോഴത്തെ ഭാവം, അന്ന് ആദിമൂലത്തിന് സ്വാഗതഭാഷണം നടത്തിയ ഇതെഴുന്നയാൾക്ക് നല്ല ഓർമ്മയുണ്ട്. എംടിയുടെ മൗനമുദ്രിതമായ ഭാവത്തെ ആവിഷ്കരിക്കുന്ന ആ രചന എംടിക്കും ഏറെ പ്രിയപ്പെട്ടതായിരിക്കണം. കൊട്ടാരം റോഡിലെ ‘സിതാര’യുടെ സ്വീകരണമുറിയുടെ ചുവരിൽ തൂങ്ങുന്ന ഒരേയൊരു ചിത്രം ആദിമൂലത്തിന്റേതാണ്.
കെ എം വാസുദേവൻ നമ്പൂതിരി എന്ന നമ്പൂതിരിയും എംടിയും തമ്മിലുള്ള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘മാതൃഭൂമി ആഴ്ചപ്പതിപ്പി‘ൽ അവർ ഒരുമിച്ചായിരുന്നു. ‘മാതൃഭൂമി‘യിൽ എംടിയുടെ കഥകൾക്ക് നമ്പൂതിരി വരച്ചിട്ടില്ല. ‘വളർത്തുമൃഗങ്ങൾ’ തൊട്ട് ‘വാനപ്രസ്ഥം’ വരെ പത്തോളം കഥകൾ മാത്രമേ എംടി ‘മാതൃഭൂമി‘യിൽ എഴുതിയിട്ടുള്ളൂ. എം വി ദേവൻ തൊട്ട് ടോം ജെ വട്ടക്കുഴി വരെയുള്ള ചിത്രകാരന്മാരാണ് ആ കഥകൾക്ക് വരച്ചത് (‘നാലുകെട്ടി‘ന്റെ പിൽക്കാല പതിപ്പുകൾക്കും ‘വാനപ്രസ്ഥ’ത്തിനും നമ്പൂതിരി പിന്നീട് വരച്ചിട്ടുണ്ട്. ) ‘കലാകൗമുദി‘യിൽ ‘രണ്ടാമൂഴ’ത്തിനാണ് നമ്പൂതിരിയുടെ പ്രസിദ്ധവും സംസ്തുതവുമായ ചിത്രീകരണം വരുന്നത്, തുടർന്ന് ‘വാരാണസി‘ക്കും.


ഇതുകൂടി വായിക്കൂ: ജനകീയ കലയുടെ ഇതിഹാസമാനം


ഞാനോർക്കുന്നു, ഒരിക്കൽ നമ്പൂതിരിയുമായി ഒരഭിമുഖത്തിനുശേഷം ചില രേഖാചിത്രങ്ങൾ വരച്ചുതരാൻ അഭ്യർത്ഥിച്ചു. നമ്പൂതിരി ആദ്യം വരച്ചത് എം. ടിയെയായിരുന്നു, നമ്പൂതിരിയുടെ ഉള്ളിൽത്തന്നെ എംടിയുടെ രൂപം കൊത്തിവച്ചിട്ടുണ്ട്, അതിനെ ഉൾക്കണ്ണുകൊണ്ട് കണ്ട് വരച്ചെടുത്താൽ മാത്രം മതി, എന്നു തോന്നിയിരുന്നു.
കെ പ്രഭാകരൻ (1949–2020) ആധുനിക ഇന്ത്യൻ ചിത്രകലയിലെ പ്രധാനപ്പെട്ട ഒരു പേരാണ്. ഇന്ത്യൻ ഗ്രാമീണജീവിതവും ജീവിതസന്ദർഭങ്ങളും മിഴിവോടെ, വിശദാംശങ്ങളോടെ അവതരിപ്പിച്ച ചിത്രകാരൻ. മെക്സിക്കൻ ആധുനികകലാത്രയങ്ങൾ (ഓറെസ്കോ, റിവേറ, സിക്വിറോസ്) ആവിഷ്കരിച്ച മട്ടിലുള്ള ജനപക്ഷ കാഴ്ചപ്പാടും ആദിമവും മായികവുമായ ശൈലിയുമാണ് പ്രഭാകരനെ പ്രചോദിപ്പിച്ചത്. എംടിയുടെ ഛായാചിത്രത്തിലും നിറങ്ങളുടെ കുത്തൊഴുക്കും ഭാവവ്യഞ്ജകമായ സംലയവും കാണാം.
പരസ്യചിത്രകാരൻ എന്ന നിലയിലാണ് പി ശരത്ചന്ദ്രന് (1943–2022) പ്രസിദ്ധി, വിശേഷിച്ചും റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ എന്ന വിഖ്യാത സിനിമയുടെ പോസ്റ്റർ രൂപകല്പന ചെയ്ത കലാകാരനെന്ന നിലയിൽ. തലശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്സിൽ, കലാഗുരു സി വി ബാലൻ നായരുടെ കീഴിൽ പഠിച്ച ശരത്ചന്ദ്രൻ യഥാതഥമായ രീതിയിൽ ‘ജീവൻതുടിക്കുന്ന’ നിരവധി ഛായാചിത്രങ്ങൾ വരച്ചു, അതിലേറെയും താൻ തൊഴിൽനോക്കിയ മുംബൈയിലേയും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേയും ജീവിതരംഗങ്ങളും മുഖങ്ങളും. നിഴലും വെളിച്ചവും ലയിച്ചുചേരുന്ന കാല്പനികശൈലിയും വർണങ്ങളുടെ അതിസൂക്ഷ്മമായ ഉപയോഗവുമാണ് അവയുടെ മുഖമുദ്ര. എംടിയുടെ ഛായാചിത്രത്തിലും ആ കൈത്തഴക്കം കാണാം.


ജലച്ചായ ചിത്രകാരൻ എന്ന നിലയിൽ ആഗോളപ്രശസ്തനാണ് സദു അലിയൂർ (1963–2020). ശരത്ചന്ദ്രനെപ്പോലെ തന്നെ തലശ്ശേരി സ്കൂളിൽ നിന്നാണ് സദുവും കലാജീവിതം തുടങ്ങിയത്. ജലച്ചായമാണ് തന്റെ വഴിയും ലക്ഷ്യവുമെന്ന് സദു കണ്ടെത്തുകയായിരുന്നു. അന്തർദ്ദേശീയ ജലച്ചായ സൊസൈറ്റിയുടെ നിരവധി പ്രദർശനങ്ങളിൽ സദുവിന്റെ ചിത്രങ്ങൾ സ്ഥാനംപിടിച്ചു; സമ്മാനിതമായി. ‘കളറിംഗ് ഇന്ത്യാ ഫൗണ്ടേഷൻ’ എന്ന കലാസംഘടനയുടെ സ്ഥാപകാംഗമായിരുന്നു. സദുവിന്റെ എംടി ഛായാചിത്രം ലളിതവും ഹൃദ്യവുമാണ്. ജലത്തിന്റെ നൈർമ്മല്യം പോലെ, തെളിമപോലെ.
എംടിയുടെ വാക്കുകൾ വായനക്കാരുടെ മനസിൽ നിറം ചാർത്താറുണ്ട്. അവ വർണശബളമല്ല, വർണരഹിതവുമല്ല. ജീവിതത്തിന്റെ സകലമാന നിറങ്ങളിലൂടെയുമുള്ള സഞ്ചാരമാണ് ആ വാങ്മയം. ഈ ചിത്രകാരന്മാർ എംടിയെ കാണുമ്പോൾ ആ വാങ്മയങ്ങൾ ഓർമ്മിച്ചിരിക്കാം.

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.