5 November 2024, Tuesday
KSFE Galaxy Chits Banner 2

എംടി: അക്ഷര പ്രകാശജ്വാലകളുടെ നവതി

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
July 14, 2023 4:15 am

ലയാളത്തിന്റെ നന്മയും തേജസും വിളിച്ചോതിയ മഹാകഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ നവതിയുടെ നിറവിലാണ്. എംടി സാഹിത്യത്തില്‍ പ്രണയകാന്തിയുടെയും ആനന്ദത്തിന്റെയും ദുഃഖത്തിന്റെയും നൊമ്പരങ്ങളുടെയും സാക്ഷ്യപത്രങ്ങള്‍ കൂടി വായിച്ചെടുക്കാനാവും. പ്രേമം ഒരു പാപമാണെങ്കില്‍ പാപങ്ങള്‍ കുടിച്ചുതീര്‍ക്കാന്‍ കാലഭൈരവന് ബ്രഹ്മാണ്ഡത്തെക്കാള്‍ വലിയ വയറുണ്ടാവണം എന്ന് ‘വാരാണസി’ എന്ന നോവലിലെ കഥാപാത്രം പറയുമ്പോള്‍ പ്രണയം എന്ന അനുപമ വികാരത്തിന്റെ സാര്‍വലൗകിക സവിശേഷ സ്വഭാവമാണ് എംടി പറഞ്ഞുതരുന്നത്. കഥകളിലൂടെ, നോവലുകളിലൂടെ, ലേഖനങ്ങളിലൂടെ സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ജന്മിത്വനിരാകരണത്തിന്റെയും സന്ദേശം പകര്‍ന്നു എംടി എന്ന മഹാപ്രതിഭ. ‘കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാണ്’ എന്ന് മഞ്ഞിലെ കഥാപാത്രം ഓർമ്മിപ്പിക്കുന്നുണ്ട്. ആത്മാവിൽ നിന്നൊഴുകിയ അനവധി എംടി കഥകളിലൂടെ, നോവലുകളിലൂടെ പ്രണയത്തിന്റെ സുഖവും നൊമ്പരവും മലയാള വായനക്കാരിലേക്ക് എത്രയെത്ര, വഴിഞ്ഞൊഴുകിയില്ല. നിരര്‍ത്ഥകമായ വിവാദങ്ങളിൽ കൊമ്പുകോർക്കാനല്ല, അസംബന്ധ സംവാദങ്ങളിലെ വിജയകേസരിയാവാനല്ല, പകരം നിശബ്ദമായി എംടി പ്രണയത്തിന്റെ അനിർവചനീയമായ അനുഭവ ലോകത്തിലേക്ക് മലയാളിയുടെ സർഗാത്മക മനസിനെ കൈപിടിച്ചു കൊണ്ടുപോയി.


ഇതുകൂടി വായിക്കൂ: എംടിയ്ക്ക്


”വരാതിരിക്കില്ല… വരാതിരിക്കില്ല” എന്നു കരുതി കാത്തിരുന്നവരുടെ ഹൃദയവ്യഥ അവർ അനുഭവിച്ചതുപോലെ വായനക്കാരെയും അനുഭവിപ്പിക്കാൻ എംടിയുടെ മാസ്മരിക പ്രതിഭയ്ക്ക് കഴിഞ്ഞു. നിനക്കാരോടും സ്നേഹം തോന്നിയിട്ടില്ലേ എന്ന് തന്നോടുതന്നെ ചോദിക്കാൻ, പ്രണയവഴികളിൽ നിന്ന് നിസംഗതയോടെ മാറിനടക്കാൻ നിർബന്ധിതരായ പരശ്ശതം വായനക്കാരെ പ്രണയത്തിന് സ്വയംപ്രേരിതരാക്കാൻ എംടിയുടെ കഥകളിലെയും നോവലുകളിലെയും പ്രണയത്തിൽ ജീവിക്കുന്ന, സുഖ‑ദുഃഖ സമ്മിശ്രമായ പ്രണയഭംഗത്തിലും പ്രേമനിരാസത്തിലും കഴിഞ്ഞുകൂടുന്ന കഥാപാത്രങ്ങൾക്ക് കഴിഞ്ഞു. ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ഒരുവളിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളെ അഭിമുഖീകരിക്കാത്ത ഹൃദയാലുക്കൾ ആരുണ്ട്. അവർ അവരെ എംടിയുടെ സാഹിത്യ പ്രപഞ്ചത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടി. ഇതുവരെ കണ്ടെത്താത്ത വലിയ അത്ഭുതമായി അവനും അവളും പരസ്പരം വിലയിരുത്തിയ അനർഘ നിമിഷങ്ങൾ അനുഭവിക്കാത്തവർ ആരുണ്ട്! ആർക്കും ഇനി അവളെ തൊടാൻ അധികാരമില്ല. അവൾ എന്റേതുമാത്രമെന്നും നിനക്ക് ഞാൻ മാത്രമെന്നും പറയുന്ന പ്രണയ പാരമ്യതയുടെ സുഖവും നൊമ്പരവും അറിഞ്ഞവർ എത്രയെത്ര! കഥാ-നോവൽ പാരായണക്കാർ തന്റെ, തന്റേതു മാത്രമായ അനുഭവത്തിന്റെ വാങ്മയ ചിത്രമായി എംടി സാഹിത്യത്തിൽ അഭിരമിക്കുമ്പോൾ അവർ സ്വാർത്ഥരായിപ്പോകുന്നത് ഒരു എഴുത്തുകാരന്റെ മഹത്തായ വിജയമാണ്. പ്രിയപ്പെട്ടവളുടെ, പ്രിയപ്പെട്ടവന്റെ കാലടിയൊച്ചകൾക്കുവേണ്ടി കാതോർത്ത് കാത്തിരുന്ന നിമിഷങ്ങൾ കഥയായി, നോവലായി അനുഭവിച്ചറിയുമ്പോൾ ആനന്ദതുന്ദിലിതരാകാത്ത ഏത് ഹൃദയാലുവുണ്ടാവും! “ഒന്നുമില്ല. ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഞാൻ പ്രഖ്യാപിക്കും; ഇവൾ എന്റേതാണ്!’’ എന്ന ആത്മധൈര്യം വിടർന്നു പരിലസിക്കുന്ന നിമിഷങ്ങൾ ആത്മാർത്ഥമായ പ്രണയത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. അവരെയും നാം എംടി സാഹിത്യത്തിലെ പ്രണയലോകത്തിൽ വച്ച് കണ്ടുമുട്ടുന്നു, സ്നേഹിക്കുന്നു, ആദരിക്കുന്നു. “ഞാൻ കെട്ടിപ്പിടിച്ചു, ഞാൻ അവളെ തൊട്ടുരുമ്മി” എന്ന് ലോകത്തോട് ഉച്ചത്തിൽ വിളിച്ചുപറയാൻ കൊതിച്ചവർ എത്രയെത്രയാണ്? അതിനു കഴിഞ്ഞവരും കഴിയാതെ പോയവരും എംടി സാഹിത്യത്തിലൂടെ സഞ്ചരിക്കുമ്പോൾ ഏതോ മനോഹരമായ ഭൂതകാലത്തിലേക്ക് ഗൃഹാതുരത്വത്തോടെ ഊളിയിട്ടു പോകുന്നു. പ്രണയഭാവനകളുടെ ലോകത്ത് നിസഹായതയോടെ നിശബ്ദരാകേണ്ടി വന്നവരും പ്രണയത്തിന്റെ വിവിധ ലോകങ്ങളും വ്യത്യസ്ത ഭാവങ്ങളും പീലിവിരിച്ചു നൃത്തമാടുന്ന എംടി സാഹിത്യത്തിൽ നിർവൃതി തേടി ധന്യരാവുന്നു.


ഇതുകൂടി വായിക്കൂ: വരകളിലെ എംടി


‘ആരും കാണരുത്, ഇതു തന്റെ, തന്റെ മാത്രം രഹസ്യമാണ്’ എന്നു വിചാരിച്ചു കഴിഞ്ഞവരെയും താളംതെറ്റുന്ന നെഞ്ചിടിപ്പുകളുമായി പ്രണയത്തെ അനുഭവിച്ചവരെയും നിഗൂഢമായ ഒരാഹ്ലാദമായി, അതിന്റെ ലഹരി നുരഞ്ഞുപൊങ്ങുന്നതിന്റെ അനുഭവവുമായി കഴിഞ്ഞുകൂടുന്നവരെയും നാം ഈ സാഹിത്യ ലോകത്തിൽ വച്ച് കണ്ടുമുട്ടുന്നു. പലർക്കും അത് തന്നെത്തന്നെ കണ്ടെത്തലായി തീരുന്നു. ആനന്ദത്തിന്റെയും നൊമ്പരത്തിന്റെയും അണയാത്ത ഓർമ്മകളുടേയും പ്രണയ സാക്ഷ്യപത്രങ്ങളായി എംടിയുടെ കഥാപാത്രങ്ങൾ അനശ്വരരായി നമ്മുടെ ജീവിതപന്ഥാവിൽ ശിരസുയർത്തി, പ്രഭാകാന്തിയോടെ നിൽക്കുന്നു. പ്രണയം അനിർവചനീയമായ അനുഭൂതിയും അതിരുകളില്ലാത്ത വേദനയുമാണെന്ന് എംടി സാഹിത്യം ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. ആനന്ദഭരിതമായ ജീവിത നാളുകളിലേക്കും അവിസ്മരണീയമായ വികാര നിമിഷങ്ങളിലേക്കും പ്രണയം കൈപിടിച്ചു കൊണ്ടുപോകുന്നു. മറ്റൊരുവേള ഒരിക്കലും വിട്ടുമാറാത്ത നൊമ്പരമായി, ലഹരിപിടിപ്പിക്കുന്ന വേദനയായി പരിണമിക്കുകയും ചെയ്യുന്നു. എങ്കിലും പ്രേമം ഒരു പുണ്യമാണെന്ന് എംടിയുടെ കഥാപാത്രങ്ങൾ പറയാതെ പറയുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നു. എംടിയെ മാത്രമല്ല ലോകത്തെവിടെയുമുള്ള കഥാകാരന്മാരെയും കവികളെയും പ്രണയം എന്ന വികാരം ഉത്തേജിതരാക്കിയിരുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീർണമായ കെട്ടുപാടുകൾ ഹൃദയാവർജകമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനാണ് എംടി വാസുദേവൻ നായർ. അപാരതയുടെ തലങ്ങൾ സ്പർശിച്ചറിയാനാവുന്ന എംടി സാഹിത്യത്തിൽ പ്രണയത്തിന്റെ സംഗീതം ഉൾച്ചേർന്നിരിക്കുന്നു. ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള ജീവിതത്തിന്റെ കൂട്ടിമുട്ടിക്കലിൽ മനുഷ്യൻ എത്ര നിസഹായനും വിഷാദഭരിതനും സ്വാർത്ഥനും നല്ലവനുമായി തീരുന്നുവെന്നും ധർമ്മസങ്കടങ്ങളുടെ ആഴിക്കെത്ര ആഴമുണ്ടെന്നും എംടി സാഹിത്യം മലയാളികളോട് പറഞ്ഞുതരുന്നു. ഒരിക്കലും വിട്ടുമാറാത്ത വേദനയുടെ മുൾച്ചെടികൾ ആ സാഹിത്യസാഗരത്തിലുണ്ട്. ‘ദുഃഖം ഹൃദയത്തിന്റെ സംഗീത’മാണെന്ന് എഴുതിയ എംടി പ്രണയത്തിന്റെ, ഹൃദയത്തെ മുറിപ്പെടുത്തുന്ന വിഷാദമാത്രകൾ തന്റെ കഥകളിലും നോവലുകളിലും സന്നിവേശിപ്പിച്ചിരിക്കുന്നു. ആത്മനൊമ്പരത്തിന്റെ വിരലടയാളങ്ങളാണ് അവയൊക്കെയും. എംടിയുടെ കഥാപാത്രങ്ങളുടെ വാക്കുകൾക്കിടയിലെ നിശബ്ദത പോലും വേദന ഉണർത്തുന്നു. എംടി സാഹിത്യത്തിലെ പ്രണയത്തിൽ കാത്തിരിപ്പിന്റെ നൊമ്പരമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, വേരറ്റൊടുങ്ങലുണ്ട്. തങ്ങളുടെ വഞ്ചനയെക്കുറിച്ചോർത്ത് പശ്ചാത്തപിക്കുന്നവരുണ്ട്. ചതിയുടെ ക്രൂരമുഖങ്ങളുണ്ട്. പ്രണയത്തകർച്ചകളുടെ ഘോഷയാത്രകളുണ്ട്. പിടികിട്ടാത്ത ഒട്ടേറെ ജീവിത സമസ്യകളുണ്ട്. ജീവിതഗന്ധിയായ തൂവൽസ്പർശങ്ങളാണവ. കാത്തുനിൽക്കാൻ എന്തെങ്കിലുമൊന്നുണ്ടാവുമ്പോൾ മറ്റെല്ലാം മറക്കാനാവുന്നുവെന്ന് എംടിയുടെ കഥാപാത്രം ആശ്വാസത്തോടെ പറയുന്നുണ്ട്. ഏറ്റവും അദമ്യമായി സ്നേഹിക്കുന്നവളുടെ കൈവിരൽ തൊടാൻ കഴിയണമെന്നത് പ്രാർത്ഥനയായി കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളുണ്ട് ഈ സർഗ സാഗരത്തിൽ. ഒടുവിൽ യാദൃച്ഛികമായി കരസ്പർശം സാധ്യമാകുമ്പോൾ ‘വർഷങ്ങൾക്കുമുമ്പ്; ഈ നിമിഷത്തിനുവേണ്ടി രാജ്യം മുഴുവൻ ദാനം ചെയ്യാൻ തയ്യാറായ ദരിദ്രനായ രാജകുമാരനായിരുന്നു ഞാൻ’ എന്ന് കാമുകൻ ഓർമ്മിക്കുന്നു. പണ്ടു കാണാത്ത ഭംഗികൾ പൂത്തുവിരിഞ്ഞതും പിന്നീടൊരിക്കലും കണ്ടെത്താത്ത കോരിത്തരിപ്പുകൾ സമ്മാനിച്ചതുമായ വഴിവക്കുകളുണ്ട്’ എംടിയുടെ കഥാപ്രപഞ്ചത്തിൽ. “കാണുമ്പോൾ ഒന്നു ചിരിക്കുക; പിന്നെ മറക്കുക” എന്ന് പറഞ്ഞ് വഴിപിരിഞ്ഞു പോയവരുണ്ട്. പ്രേമംകൊണ്ട് പന്താടി സർവതും നഷ്ടപ്പെട്ട് ഒരുപിടി ഓർമ്മകൾ മാത്രമായി നിൽക്കുമ്പോഴും “എന്റെ മനസിൽ കോരിത്തരിക്കുന്ന വികാരമുണർത്തിയ ആദ്യത്തെ സ്ത്രീ നീയായിരുന്നു എന്ന് വാടിക്കരിഞ്ഞു നിൽക്കുന്ന പെൺകിടാവിനെ നോക്കി വിളിച്ചു പറയുന്നവരുണ്ട്…” ‘ക്ഷമിക്കൂ ഞാൻ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ’ എന്നു പറ‍ഞ്ഞ് പിരിഞ്ഞുപോയവരുണ്ട്.


ഇതുകൂടി വായിക്കൂ: മൗനത്തിന്റെ മഹാധ്യാനങ്ങൾ


കാലം മറയ്ക്കാത്ത അക്ഷരങ്ങളിൽ ഒരു പാറക്കെട്ടിൽ കൊത്തിവയ്ക്കാനാഗ്രഹിച്ച പേരുമായി ആയിരം രാത്രികളിൽ സ്വപ്നം കണ്ടുറങ്ങുന്നവരുണ്ട്. ആ സ്വപ്നം പുഷ്പംപോലെ മടിത്തട്ടിലേക്ക് അടർന്നു വീഴാറായ പ്പോൾ ഓടിയൊളിച്ചവരും, സ്നേഹം, പ്രണയം പാപമല്ലെന്ന് ഉദ്ഘോഷിച്ചവരുമുണ്ട്. ലാഭം നോക്കി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പറന്നവരുണ്ട്. ‘കടന്നുപോകുന്ന അപരിചിതാ, ഞാൻ പ്രേമത്തോടെ നിന്നെ നോക്കുന്നതറിയുന്നില്ല’ എന്ന് വേദനിച്ചവരുണ്ട്. ഹൃദയമുള്ളവർക്ക് വരാതിരിക്കാനാവുന്നതെങ്ങനെയെന്ന് വിശ്വസിച്ച് ജീവിതം മുഴുവൻ പ്രിയപ്പെട്ടവനെ/പ്രിയപ്പെട്ടവളെ കാത്തിരിക്കുന്നവരുണ്ട്. ഹൃദയമുറിവുകളുമായി ജീവിച്ചവരുണ്ട്. നഷ്ടസൗഭാഗ്യങ്ങളെ താലോലിച്ചും ധീരത നഷ്ടപ്പെട്ടുപോയ നിമിഷങ്ങളെ പഴിച്ചും കഴിഞ്ഞവരുണ്ട്. എംടി സാഹിത്യത്തിൽ പ്രണയിനികളുടെ മൗനം നൊമ്പരച്ചാലുകൾ കീറുന്നു. ആവർത്തിച്ചാവർത്തിച്ചുള്ള വായനയിൽ എംടി സാഹിത്യത്തിലെ പ്രണയപാഠങ്ങൾ മനസിനെ വിഹ്വലപ്പെടുത്തുകയും ഹൃദയത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം ആനന്ദവും അനുഭൂതിയും പകരുകയും ചെയ്യുന്നു. എംടിയുടെ കഥകളുടെയും നോവലുകളുടെയും പാരായണം ആനന്ദിപ്പിക്കുകയും വ്യസനവും വേദനയും സ്വന്തമെന്നതുപോലെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. വിമലയും സേതുവും സുമിത്രയും ഗ്ലോറിയയും തങ്കമണിയും സുധാകരനും ജാനമ്മയും അനിയനും ഭാഗിയും പിന്നെ പേരില്ലാത്തവരും പകർന്നുതന്ന പ്രണയനൊമ്പരങ്ങൾ അടുക്കിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇതിൽ എന്റേതായ സംഭാവനകളൊന്നുമില്ല. പുതിയ കൂട്ടിച്ചേർക്കലുകളില്ല. എല്ലാം എംടി യുടെ സാഹിത്യ സാഗരത്തിൽ നിന്ന് തപ്പിയെടുത്ത പ്രണയചിത്രങ്ങളുടെയും മൊഴിമുത്തുകളുടെയും അവതരണം മാത്രം. എംടി, കഥയുടെ ഘടനയ്ക്കും ശില്പഭദ്രതയ്ക്കും ഗുണകരമായ വിധത്തിൽ അനന്യസാധാരണമായ കരവിരുതോടെ തുന്നിച്ചേർത്തിരിക്കുന്ന പ്രണയചിത്രങ്ങളെ, നൊമ്പരത്തിന്റെ പാടുകളെ ഒന്നിനുപിന്നിലൊന്നായി അടുക്കിച്ചേർക്കുക മാത്രമേ ചെയ്യുന്നുള്ളു. ഇത് ഒരു പ്രണയ സ്നേഹിയുടെ കേവലമായ ആസ്വാദനം മാത്രം. എംടി അനുപമമായ സിദ്ധിവിശേഷങ്ങളോടെ അനുഭവിപ്പിക്കുന്ന പ്രണയമനോഹാരിതയുടെ അനന്തമായ ഭാവതലങ്ങളുടെ പരിമിതമായ ആസ്വാദനം. നവതിയുടെ നിറവിൽ മഹാ കഥാകാരന് നമോവാകം.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.