23 July 2024, Tuesday
KSFE Galaxy Chits Banner 2

വനിതകള്‍, അമ്മമാര്‍ അവഹേളിതരാകുന്നു

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
October 20, 2023 4:30 am

തിരുവള്ളുവര്‍ ‘തിരുക്കുറളി‘ല്‍ എഴുതി;
‘ഉഴുതുണ്ടു വാഴ്‌വോരേ വാഴ്‌വോര്‍, മറ്റെല്ലാരും
തൊഴുതുണ്ടു പിന്‍ചെല്ലുവോര്‍’.

‘ഉഴുത്, ഉണ്ടു ജീവിക്കുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളു. മറ്റുള്ളവരെല്ലാം അവനെ തൊഴുത്, ഉണ്ടു ജീവിക്കുന്നു’ എന്ന് സാരം. തൊഴുത് ഉണ്ടു ജീവിക്കുന്ന അപസ്മാരകാലത്തെ കവികള്‍ പാടിയ അമ്മയും പെങ്ങളും നിത്യകാമിനിയുമായ വനിതകള്‍ മറികടന്നു മുന്നേറുന്ന നവപുരോഗമന രാഷ്ട്രീയ ജീവിതത്തിന്റെ കാലത്താണിപ്പോള്‍ നാം. ഋഷിവര്യനും കാവ്യപ്രതിഭയുമായിരുന്ന തിരുവള്ളുവര്‍ തിരുക്കുറളിലൂടെ പുരോഗമനാശയങ്ങള്‍ മുന്നോട്ടുവച്ചു. അത് നവോത്ഥാനത്തിന്റെയും അനാചാര–ജാതി-മത വിദ്വേഷ പ്രചാരണത്തിനെതിരായ സാംസ്കാരിക കലഹത്തിന്റേതുമായിരുന്നു.


ഇതുകൂടി വായിക്കൂ: അനാഥ ബാല്യങ്ങള്‍ക്ക് സംവരണം


അമ്പലങ്ങള്‍ക്ക് മുന്നിലൂടെ വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ദുരുപദിഷ്ട കാലമുണ്ടായിരുന്നു ഈ കേരളത്തില്‍. സ്ത്രീകള്‍ക്ക് വഴികളും ക്ഷേത്രകവാടങ്ങളും നിഷിദ്ധമായിരുന്ന ദുരിത കഷ്ടകാലം. വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും പാലിയം സമരവുമെല്ലാം ചരിത്രാധ്യായങ്ങളിലെ അതുല്യ ഏടുകളാണ്. ജാതിയുടെ പേരിലും മാസമുറയുടെ പേരിലും അമ്പലവളപ്പുകളില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട സ്ത്രീജനങ്ങള്‍ ഇന്ന് അമ്പലങ്ങളില്‍ പൂജാരികളായി മാറുന്ന പരിഷ്കൃത സംസ്കാരം അവതരിപ്പിക്കപ്പെടുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഈ വിധം പ്രസ്താവിച്ചു; ”പൈലറ്റുമാരും ബഹിരാകാശ യാത്രികരും എന്ന നിലയില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച്, സ്ത്രീ ദേവതകള്‍ ഉള്ള ക്ഷേത്രങ്ങളില്‍ പോലും അശുദ്ധരായി കണക്കാക്കപ്പെട്ട് ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് അവരെ വിലക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ മാറ്റം വന്നിരിക്കുന്നു, തമിഴ്‌നാട്ടില്‍ എല്ലാ ജാതിയിലുമുള്ള ആളുകളെ പൂജാരിമാരായി നിയമിച്ച് നമ്മുടെ മാതൃകാ സര്‍ക്കാര്‍ പെരിയോറിന്റെ ഹൃദയത്തിലെ ആ വേദനയെ നീക്കിയപ്പോള്‍. സ്ത്രീകളും ഇപ്പോള്‍ സന്നിധാനങ്ങളില്‍ കാലുകുത്തുകയാണ്”. സന്നിധാനങ്ങളില്‍ നമ്മുടെ അമ്മമാര്‍, പെങ്ങളുമാര്‍ പൂജാരികളായി കാലുകുത്തുമ്പോള്‍ നവോത്ഥാനത്തിന്റെ, നവീന ചിന്തയുടെ പ്രകാശഗോപുരം സൃഷ്ടിക്കപ്പെടുകയാണ്. വര്‍ണാവര്‍ണ ധര്‍മ്മങ്ങളുടെ സംഘടിതസൃഷ്ടിയുടെ കോട്ടകള്‍ പൊളിച്ചടുക്കുകയാണ്. ഇവിടെ അമ്മയും പെങ്ങളും ഉണരുകയാണ്, ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. സവര്‍ണ പൗരോഹിത്യം സൃഷ്ടിച്ച മതമൗലിക ജാതിമേല്‍ക്കോയ്മാ കോട്ടകള്‍ നിലംപതിക്കുകയാണ്.


ഇതുകൂടി വായിക്കൂ: വനിതാ സംവരണവും തുടര്‍ നടപടികളും


വനിതാ സംവരണം നരേന്ദ്ര മോഡി ഭരണത്തിന്റെ ഒമ്പതര വര്‍ഷത്തില്‍ നടത്തുന്ന ഔദാര്യമല്ല. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായാണ് മോഡി സര്‍ക്കാര്‍ 33 ശതമാനം സംവരണവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. സെന്‍സസ് പൂര്‍ത്തീകരിച്ചതിനും മണ്ഡലം പുനര്‍നിര്‍ണയത്തിനും ശേഷമേ വനിതാ സംവരണം സാധ്യമാകൂ എന്ന് നരേന്ദ്ര മോഡി പറയുന്നു. 2029ല്‍ പോലും ഇത് യാഥാര്‍ത്ഥ്യമാവില്ലെന്ന് വ്യക്തം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കി രാഷ്ട്രത്തിന് മാതൃകയായ മണ്ണാണ് കേരളം. പക്ഷേ, ഇന്ത്യയിലെ സംഘ്‌പരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം സ്ത്രീ സമൂഹത്തെ അവഹേളിക്കുകയും നിന്ദിക്കുകയും പീഡിപ്പിക്കുകയും ബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്യുന്നതിന് കൂട്ടുനില്‍ക്കുന്നു.


ഇതുകൂടി വായിക്കൂ: വനിതാ സംവരണ ബിൽ പോരാട്ടം അവസാനിക്കുന്നില്ല


ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്‍കൊടിയുടെ ദീനരോദനം നമ്മുടെ കാതുകളില്‍ ഇപ്പോഴും ഇരമ്പിയാര്‍ക്കുന്നു. രക്ഷിതാക്കളെയോ ബന്ധുമിത്രാദികളെയോ അവസാനമായി ഒരു നിമിഷം കാണാന്‍ അനുവദിക്കാതെ ഭരണകൂടം ചുട്ടുകൊന്നു. അതേ യുപിയില്‍ ദീപാവലിയുടെ തലേന്നാള്‍ പിഞ്ചു ദളിത് ബാലികയെ മധുരം വാങ്ങിനല്‍കാം, പടക്കം വാങ്ങിനല്‍കാമെന്ന് പറ‍ഞ്ഞ് പ്രലോഭിപ്പിച്ച് കരളും ആമാശയവും അറുത്തെടുത്തു. കാപട്യം ബാധിച്ച സന്ന്യാസിയുടെ നിര്‍ദേശമായിരുന്നു സന്താന സൗഭാഗ്യം ലഭിക്കുവാന്‍ പിഞ്ചുകുഞ്ഞിന്റെ കരള്‍ ഭക്ഷിച്ചാല്‍ മതിയെന്നത്. അവര്‍ കരളിന്റെ അഗ്രഭാഗം മാത്രം ഭക്ഷിച്ച് തെരുവു നായ്ക്കള്‍ക്ക് വലിച്ചെറിഞ്ഞുകൊടുത്തു. ദളിത് പെണ്‍കുട്ടികളെ തീകൊളുത്തി കൊല്ലുന്നു. ആദിവാസി സ്ത്രീകളെ മാനഭംഗം ചെയ്തു കൊലചെയ്യുന്നു. ഇതാണ് സംഘ്‌പരിവാര്‍ ഫാസിസ കാലത്തെ വനിതാ സംരക്ഷണം.
അമ്മയാണ്, പെങ്ങളാണ്, ഭര്‍തൃമതിയാണ് സ്ത്രീയെന്ന ചിന്ത എവിടെയുമെന്നപോലെ ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ക്കുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.