22 December 2024, Sunday
KSFE Galaxy Chits Banner 2

ഭാസ്കര ഗാനങ്ങളിലെ ഗ്രാമീണ ചാരുതയും നാട്ടറിവുകളും

Janayugom Webdesk
February 24, 2022 9:08 pm

ലയാളികളുടെ വരാനിരിക്കുന്ന തലമുറകൾക്ക് കൂടി യുഗദീർഘമായ ഓർമ്മകളുടെ വസന്തം സൃഷ്ടിച്ചു നൽകിയ മഹാ പ്രതിഭയാണ് പി ഭാസ്കരൻ.ഏതുകാലത്തും പ്രയോഗിക്കാവുന്ന വിശ്വ പ്രേമത്തെ മനസ്സിൽ നിറച്ചു കൊണ്ടാണ് അദ്ദേഹംഇങ്ങനെ എഴുതിയത് “ലോകം മുഴുവൻ സുഖം പകരനായി സ്നേഹദീപമേ മിഴി തുറക്കൂ ” എന്ന്. കേരളത്തിന്റെ പ്രകൃതി ഭംഗിയിൽ മുങ്ങി നീരാടി തുവർത്തിയ നാട്ടറിവുകളും, നാട്ടഴകുകളും നിറഞ്ഞു തുളുമ്പുന്ന ഗാന വിസ്മയങ്ങളുടെ അപൂർവ്വ ശേഖരത്തിലേയ്ക്ക് എത്തി നോക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകാറില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ദേശങ്ങളും, നാട്ടിടവഴികളും, പുഴകളും പൂക്കളും, പൂമരങ്ങളും, കടലും, കായലും, കാനനവും,മലയും, നാട്ടു വഴക്കങ്ങളും, വാമൊഴി ഭേദങ്ങളും കൊണ്ട് സമൃദ്ധമായ ഗാന പ്രപഞ്ചമാണ് അദ്ദേഹത്തിന്റേത്.

 

“പത്തു വെളുപ്പിന് മുറ്റത്തു നിൽക്കുന്ന കസ്തൂരി മുല്ലയ്ക്ക് കാത് കുത്ത് ” എന്ന പാട്ടിൽ വില്വദ്രി നാഥനും, ആ കുന്നിൻ ചെരിവും, കല്ലടിക്കോടും, കിള്ളികുറിശ്ശിയും പ്രഭ ചൊരിഞ്ഞു നിൽക്കുന്നു. ശാലീന ലാവണ്യം വഴിയുന്ന നിളാ തീരാ ദേശ വർണ്ണനകൾ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ എമ്പാടും കാണാം.
കന്നിരാവിന്റെ കളഭക്കിണ്ണം വീണ പൊന്നാനിപ്പുഴ ഭാസ്കര ഗാനങ്ങളിൽ കരഞ്ഞു, ചിരിച്ചു, കണ്ണീരുമൊലിപ്പിച്ചു കൈവഴികളായി പിരിഞ്ഞു പോകുമ്പോൾ നമ്മുടെ ഉള്ളിലും ഒരു കണ്ണീർ നനവ് അറിയാതെ പടരുന്നു. ആയില്യപ്പൂനിലാവിൽ, ആമ്പൽപ്പൂങ്കടവിൽ പുലയനാർ മണിയമ്മ, പൂമുല്ല കാവിലമ്മ ആളിമാരോടൊത്തു കുളിക്കാനിറങ്ങി, അന്തിയ്ക്ക് പടിഞ്ഞാറ് ചെന്തെങ്ങിൻ കുലവെട്ടി, തൂമുല്ല പന്തലു കെട്ടിയ കല്യാണ വീട്, കാർത്തിക രാത്രിയിലെ മഞ്ഞുതുള്ളിയും, മണിമലയാറിൻ തീരത്ത് നാലുമണിപ്പൂ നുള്ളി നടന്ന നാടൻപെണ്ണും, അല്ലിയാമ്പൽക്കടവും, വൽക്കലമൂരിയ വാസന്തയാമിനിയും, എള്ളെണ്ണ മണം വീശുന്ന മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരനും, കുഞ്ഞു മേഘങ്ങളെ മുല കൊടുത്തുറക്കിയ മഞ്ഞണിക്കുന്നുകളും, ഏഴിലം പാലയാൽ താലം ചൂടിയ കോമള യാമിനിയും, പിച്ചക പ്പൂവുമായി ഇറങ്ങി വന്ന സംക്രമപ്പൂനിലാവും, പൂവണിക്കുന്നുകൾ പീലിനിർത്തുന്ന പുഴത്തീരം, ചൈത്ര വൃന്ദത്തിന്റെ താലവൃന്ദത്തിൻ കീഴെ മയങ്ങുന്ന മദ്ധ്യാഹ്ന മനോഹരി, ഇടവപ്പാതിയ്ക്ക് കുടയില്ലാതെ നിന്ന ഇലഞ്ഞി മരച്ചുവട്. ഈ പാട്ടുകളിലെല്ലാം കേരളത്തിന്റെ ഗ്രാമീണ പ്രകൃതിയുടെ ദൃശ്യ ഭംഗികൾ ആവാഹിച്ചെടുത്തിരിക്കുന്നത് കാണാൻ സാധിക്കും.
കേരളത്തിലെ പൂക്കളും, മരങ്ങളും താലമെടുക്കുകയാണ് എപ്പോഴും അദ്ദേഹത്തിന്റെ കൃതികളിൽ. വെള്ളാരം കല്ലുകൊണ്ട് വെണ്ണിലാവാൽ മെഴുകിയ വെണ്ണക്കൽകൊട്ടാരം കെട്ടാൻ ഭാസ്കരന്റെ ഭാവനയ്ക്കേ കഴിയൂ. കടമ്പും, വനമുല്ലയും, കൊന്നയും എഴിലം പാലയും, ഇലഞ്ഞിയും മാത്രമല്ല പരുക്കൻ മുള്ളുള്ള മുരിക്ക് മരം വരെ അദ്ദേഹത്തിന്റെ വരികൾക്ക് ലാസ്യ ലാവണ്യം പകരുന്നു. കിഴക്ക് ദിക്കിലെ ചെന്തെങ്ങിൽ കരിക്ക് പൊന്തിയ നേരത്ത് മുരിക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ മുറുക്കി തുപ്പിയതാരാണ് എന്ന് ചോദിക്കുന്നേടത്ത് കാവ്യവൃക്ഷം മുരിക്കാവുമ്പോഴുള്ള സൗന്ദര്യദർശനം എത്ര മനോഹരമാണ്!!!
ആറു നാട്ടിൽ നൂറു ഭാഷയുണ്ടെന്നും, അതിലൊക്കെ കവിതയുണ്ടെന്നും ഭാസ്കരന്റെ വരികൾ നമ്മെ പഠിപ്പിച്ചു. “വെറുതെ ഞാനെന്തിനെരിയും വെയിലത്തു കയ്യിലും കുത്തി നടക്ക്ണ് “എന്നെഴുതിയപ്പോൾ കൊടുങ്ങല്ലൂർക്കാരന്റെ കോഴിക്കോടൻ ‘ഭാഷ ‘കണ്ട് രാഘവൻ മാഷ് അന്തം വിട്ടു പോയി എന്നാണ് പിന്നീട് എഴുതിയിട്ടുള്ളത്.
ഗ്രാമീണതയുടെ അനന്ത ശാലീനത വഴിയുന്ന നാട്ടു പച്ചയും, നാട്ടിടവഴികളും, നാട്ടറിവും, മലയാള ഭാഷയുടെ നാനാർത്ഥങ്ങളും, പ്രയോഗങ്ങളും ഋതു സങ്കീർത്തനങ്ങളും ഗാനങ്ങളാക്കി നമുക്ക് നീട്ടി തന്ന മഹാകവിയാണ് പി ഭാസ്കരൻ. ഇതിനു പുറമെ പ്രണയവും, സമരവും മുഖ്യ വിഷയമാക്കി പാട്ട് നവോഥാനത്തിന്റെ പടയണി നയിച്ചു. പ്രണയത്തെ ജാതി മത നിരപേക്ഷമാക്കി. ഇതിന്റെ ഉത്തമോദാഹരണമാണ് നീലക്കുയിൽ എന്ന സിനിമ.മലയാള പ്രകൃതിയിലെ അനന്ത ലാവണ്യ സ്ഥലങ്ങളിൽ ജാതി മത വ്യത്യാസമില്ലാതെ എണ്ണമറ്റ കാമുകി കാമുകന്മാർ അനുരാഗത്തിന്റെ താമര പൊയ്കയിൽ നീന്തി തുടിച്ചു. പ്രണയത്തിന്റെ കരിക്കിൻ വെള്ളം നുണഞ്ഞു. അങ്ങനെ പ്രണയം ഭാസ്കര ഗാനങ്ങളുടെ മുഖമുദ്രയായി.ഉമ്മാച്ചു എന്ന നോവൽ നാലുവരി പാട്ട് കൊണ്ടാണ് ഭാസ്കരൻ സംഗ്രഹിച്ചത്.“കല്പകത്തോപ്പന്യനൊരുവന് പതിച്ചു നൽകി, നിന്റെ ഖൽബിലാറടി മണ്ണിലെന്റെ ഖബറടക്കി”. ഇവിടെ പ്രണയം കേൾവിക്കാരന്റെ ഹൃദയം കവർന്നെടുക്കുന്നു. ഭൂമിയിൽ പ്രണയം ജീവിച്ചിരിക്കുന്ന കാലം വരെ നിലനിൽക്കുന്ന പ്രാദേശിക ഭൂപ്രകൃതികളോടിണക്കി ചേർത്ത അനുരാഗ പ്രപഞ്ചങ്ങൾ തന്നെയാണ് പി ഭാസ്കരന്റെ ഗാനങ്ങൾ.അതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്.

  • പ്രാണ സഖി ഞാൻ
  • അന്ന് നിന്റെ നുണക്കുഴി
  • താമസമെന്തേ വരുവാൻ
  • അന്ന് നിന്നെ കണ്ടതിൽ പിന്നെ
  • അല്ലിയാമ്പൽക്കടവിൽ
  • എങ്ങനെ നീ മറക്കും
  • പൂർണ്ണേന്ദു മുഖിയോട്
  • കന്നി നിലാവാത്തു കസ്തുരി
  • പകൽക്കിനാവിൻ സുന്ദരമാകും
  • കുങ്കുമപൂവുകൾ പൂത്തു
  • ഒരു കൊച്ചു സ്വപ്നത്തിൻ
  • എൻ പ്രാണ നായകനെ
  • ഇന്നലെ മയങ്ങുമ്പോൾ
  • മധുര പ്രതീക്ഷതൻ
  • സ്വർഗ്ഗഗായികേ
  • നീ മധു പകരൂ
  • എല്ലാരും ചൊല്ലുണ്‌
  • നാളികേരത്തിന്റെ നാട്ടിൽ
  • ഗോപുര മുകളിൽ
  • ഈ വഴിയും ഈ മരത്തണലും
  • സ്വപ്നങ്ങളൊക്കെയും
  • വൃശ്ചികപ്പൂനിലാവേ
  • അനഘ സങ്കല്പ ഗായികേ
  • മാനത്തെ കായലിൻ
  • പ്രിയമുള്ളവളെ നിനക്കുവേണ്ടി
  • മാനെന്നും വിളിക്കില്ല
  • അറബിക്കടലൊരു
  • വാസന്ത പഞ്ചമി നാളിൽ
  • നിദ്ര തൻ നീരാഴി
  • ഒരു പുഷ്പം മാത്രമെൻ
  • പൊൻകിനാവിൻ പുഷ്പരഥത്തിൽ
  • അറിയുന്നില്ല ഭവാൻ
  • കണ്ണീരും സ്വപ്നങ്ങളും
  • മല്ലിക ബാണൻ
  • വൽക്കലമൂരിയ വസന്തയാമിനി

ഇത്‌ വളരെ കുറച്ചു മാത്രം. തന്റെ ഗാനങ്ങളിൽ പ്രദേശനാമങ്ങൾ സ്വയം സൃഷ്ടിക്കുന്നതും ഭാസ്കരന് ഹരമായിരുന്നു. “താന്നിയൂരമ്പലത്തിൽ കഴകക്കാരനെപ്പോലെ താമര മാലയുമായ്‌ ചിങ്ങമെത്തുമ്പോൾ” എന്ന ഗാനത്തിൽ ഈ താന്നിയൂർ എവിടെയാണെന്ന എം ടി യുടെ ചോദ്യത്തിന് “വാസുവിന് പരിചിതമായി തോന്നുണ്ടല്ലേ” എന്നാണ് ഭാസ്കരൻ തമാശയായി മറുപടി പറഞ്ഞത്. എം ടി യുടെ കഥകളിലെ താന്നിക്കുന്നും, കൂടല്ലൂരും കൂട്ടിച്ചേർത്ത് ഭാസ്കരൻ സൃഷ്ടിച്ചതാണ് താന്നിയൂർ.അത് പോലെ “ഏകാന്തതയുടെ അപാര തീരം ” എന്ന ഭാർഗവി നിലയത്തിലെ ഗാനത്തിൽ ബഷീറിന്റെ കഥയിൽ നായകൻ അനുഭവിക്കുന്ന ഭയങ്കരമായ ഏകാന്തത മുഴുവൻ ഭയാനകമായിത്തന്നെ അനുഭവഭേദ്യമാകുന്നു.
അക്കാലത്തു മലബാറിൽ പ്രശസ്തമായിക്കൊണ്ടിരുന്ന മാപ്പിള പ്പാട്ട് രീതിയിൽ ഒരു പാട് പാട്ടുകൾ അദ്ദേഹം രചിച്ചു. കായലരികത്തു, ആട്ടെപോട്ടെ ഇരിക്കട്ടെ ലൈലെ, അരപ്പിരിയിളകിയതാർക്കാണ്, ഹാല് പിടിച്ചൊരു പുലിയച്ചൻ, കണ്ടംബെച്ചൊരു കോട്ട്, പാലാണ് തേനാണ്, ഉമ്മായ്ക്കും ബാപ്പയ്ക്കും ആയിരമായിരം, വെളിക്കു കാണുമ്പോ നിനക്ക് ഞാനൊരു, ഒരു കുടുക്ക പൊന്നു തരാം, പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ, വെളുക്കുമ്പോ കുളിക്കുവാൻ, ഇതെല്ലാം തന്നെ നാട്ടു മൊഴി മലയാളത്തിന്റെ നാട്ടു വഴികളിലൂടെ നടന്ന് പച്ചയായ ഗ്രാമീണ ജീവിതത്തിന്റെ കഥ പറയുന്നതാണ്.
കേരളത്തിന്റെ ദേശ ‑ദേശാന്തര പെരുമകളും, ഗ്രാമ പ്രകൃതി സൗന്ദര്യവും കോർത്തു കോർത്തു ഭാസ്കരൻ ഉണ്ടാക്കിയെടുത്ത ചന്തം തികഞ്ഞ വരികളാണ് ഈ പാട്ടുകളിൽ. നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം നടത്താനും കദളി വാഴക്കയ്യിലിരുന്നു വിരുന്നു വിളിക്കാനും, പൊന്നണി പ്പാടങ്ങളിൽ പഞ്ചാര പനം തത്ത വിരുന്നു വരുന്നതും , പാട്ടിന്റെ പൂമാരി വിത്ത് വീണ് കാട്ടിലെ മുളങ്കാട് പീലി നീർത്തുന്നതും, വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടുന്നു കല്യാണമാവുന്നതും, കടത്താനാടൻ കന്യക അഞ്ജനകണ്ണെഴുതി അറപ്പുര വാതിലിൽ കാത്തിരിക്കുന്നതും ഭാസ്കര ഗാനങ്ങളുടെ കുലീനമായ സൗന്ദര്യ സമ്പത്താണ്.ആധുനിക മലയാളി സമൂഹത്തിന്റെ സാംസ്കാരിക സ്വത്വ പ്രതിസന്ധികൾ മറികടക്കാൻ ഈ സമ്പാദ്യം നൽകുന്ന സംഭാവന ചെറുതല്ല.നാളികേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണിൽ കാടും തൊടികളും കനക നിലാവത്തു കൈകൊട്ടി കളിക്കുമ്പോൾ, പതിവായി പൗർണ്ണമിതോറും ഇന്നും നമുക്ക് ഭാസ്കര ഗീതികൾ കണിവെള്ളരി കാഴ്ചവെയ്ക്കുന്നുണ്ട്.
ഭാസ്കരന്റെ ഗാനാംഗനയെ ഈണം കൊണ്ട് പട്ടുടുപ്പിച്ച സംഗീത സംവിധായകരും, അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പ്രദേശികതയ്ക്ക് രൂപ ലാവണ്യം നൽകാൻ ഏറെ സഹായിച്ചിട്ടുണ്ട്. മണ്ണിന്റെ ഗന്ധമുള്ള കാവ്യബിംബങ്ങളും, മലയാളത്തനിമയുള്ള പദ വിന്യാസങ്ങളും കൊണ്ട് കടത്താനാടൻ കളരിയുടെ കരുത്തു കാട്ടുന്ന പാട്ടുകളും കുറവല്ല. പ്രതികാര ദുർഗേ, ഉടവാളേ പടവാളേ, അനുരാഗക്കളരിയിൽ, ആയിരം ഫണമെഴും, പഞ്ചവർണ്ണക്കിളി വാലൻ, അന്ന് നിന്നെ കണ്ടതിൽ പിന്നെ എന്നിവ അവയിൽ ചിലതാണ്.
സിനിമയിലെ കഥാപാത്രങ്ങളുടെ നാടും, വീടും ഭാഷാന്തരങ്ങളും, ആത്മ നൊമ്പരങ്ങളും ഭാസ്കരന്റെ തൂലിക ഏറ്റെടുക്കുകയായിരുന്നു. കരിമുകിൽ കാട്ടിലെ, ആറ്റിനക്കരെ, ഹൃദയമുരുകി നീ, എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, സ്വർണമുകിലേ, പത്തുവെളുപ്പിന്, നഗരം നഗരം മഹാസാഗരം, കായൽക്കരയിൽ എന്നിവ അവയിൽ ചിലതു മാത്രം. പ്രണയമുൾപ്പെടെയുള്ള എല്ലാ ഭാവങ്ങളും അതി തീവ്രമായിത്തന്നെ അനുവാചകരിലേക്കെത്തിക്കാൻ ഭാസ്കര ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രണയം എപ്പോഴും ഒരു തൂവൽ സ്പർശത്തിന്റെ അനുഭൂതിപ്രദാനം ചെയ്യുന്നു. ആ ഈരടികൾ ഒരിക്കലും വയലാറിന്റെ വരികളെപ്പോലെ വിപ്രലംഭശൃംഗാരത്തിലേയ്ക്കും, മദാലസ ഭാവത്തിലേയ്ക്കും ഊളിയിട്ട് പോകുന്നില്ല.
ദൃശ്യ ബിംബങ്ങളുടെ അസാമാന്യമായ ആവിഷ്ക്കാരം ആചാരാനുഷ്ടാനങ്ങളെക്കുറിച്ചുള്ള അറിവ്, മതാതീത ദർശനം അപാരമായ പദ സ്വാധീനം, മ്യൂസിക്കൽ സെൻസ് ഈ ഘടകങ്ങളെല്ലാം ഒന്നിച്ചു ചേരുമ്പോൾ ഭാസ്കര ഗാനങ്ങൾ കാലത്തെ പുണർന്നു നിൽക്കുന്നു. ആ സ്‌മൃതികൾ സൂര്യപ്രകാശം പോലെ ചുറ്റിലും പരന്നു കിടക്കുന്നു. ഒരിക്കലും മങ്ങാതെ… മായാതെ… ഭൂമി നിലനിൽക്കുന്നിടത്തോളം….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.