19 December 2024, Thursday
KSFE Galaxy Chits Banner 2

കറുത്ത രാമകൃഷ്ണനും വെളുപ്പിന്റ വിദ്വേഷവും

ജനറൽ സെക്രട്ടറി, സാംബവ മഹാസഭ
രാമചന്ദ്രൻ മുല്ലശ്ശേരി
March 26, 2024 12:32 pm

ഡോ.ആർ.എൽ.വി. രാമകൃഷ്ണനെ ലക്ഷ്യമിട്ട് സത്യഭാമ എന്ന നർത്തകി നടത്തിയ വംശീയ അവഹേളനത്തെയും ജാതി അധിക്ഷേപത്തെയും ലിംഗപരമായ വിവേചനത്തെയും കേരളം ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു.
അകാലത്തിൽ അസ്തമിച്ച അതുല്യതാരം കലാഭവൻ മണിയുടെ ഇളയ സഹോദരൻ ഡോ. ആർ.എൽ.വി.രാമകൃഷ്ണനോടാണ് കേരള കലാമണ്ഡലത്തിൽ പഠിച്ചു നർത്തകിയായിത്തീർന്ന സത്യഭാമ തൻ്റെ സാംസ്ക്കാരിക ശൂന്യതയും സവർണ്ണനയുടെ ആഢ്യത്തവും ഗർവ്വും വെളുപ്പെടുത്തിയത്. കേരളം ഒന്നടങ്കം പ്രതിഷേധത്തിൻ്റെ കൊടുങ്കാറ്റുതീർത്തിട്ടും കൂസലന്യേ തൻ്റെ ധാർഷ്ട്യം ഉയർത്തിപ്പിടിച്ച് സമൂഹത്തെ വെല്ലുവിളിക്കുകയാണ് അവർ.
കേരളത്തിൻ്റെ തനത് കലയായ മോഹിനിയാട്ടത്തിൽ ഡോ.ആർ.എൽ.വി.രാമകൃഷ്ണനോളം അക്കാദമിക് ബിരുദം കരസ്ഥമാക്കിയ വേറൊരാൾ ഇല്ലായെന്ന്തന്നെ പറയാം.കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കാലടി ശ്രീശങ്കരാ യൂണിവേഴ്സിറ്റികളിൽ നിന്നായി മോഹിനിയാട്ടത്തിൽ എം.എ ‚എംഫിൽ, ‘മോഹിനിയാട്ടത്തിലെ പുരുഷ രംഗാവതരണം’ എന്ന വിഷയത്തിൽ പി.എച്ച്.ഡി എന്നിവയിലൊക്കെ ഒന്നാം റാങ്കും ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ ബിരുദങ്ങൾക്കൊപ്പം യു.ജി.സി.യുടെ നെറ്റ് പരീക്ഷ പാസ്സായതും ദൂരദർശൻ്റെ എ ഗ്രേഡ് ആർട്ട്സ്റ്റ് എന്നീ ബഹുമതികളൊക്കെ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ്റെ പേരിനൊപ്പം ചേർക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സത്യഭാമയുടെ നൃത്ത യോഗ്യത രാമകൃഷ്ണൻ ആർജ്ജിച്ചതിൻ്റെ എത്ര കാതം താഴെയാണ് !!

മുമ്പ് (28–9- 2020 )കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച് അതിനുള്ള അപേക്ഷ തയ്യാറാക്കി അക്കാദമിയിൽ എത്തിയ ഡോ.രാമകൃഷ്ണനോട് ജോലിയുള്ളവർക്ക് നൃത്തോത്സവത്തിൽ അവസരം ഇല്ലെന്നു പറഞ്ഞ് നിഷേധിച്ചിരുന്നു. താൻ കാലടി സർവ്വകലാശാലയിലും തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജിലും കഴിഞ്ഞ പന്ത്രണ്ട് വർഷമായി താല്ക്കാലിക അദ്ധ്യാപകൻ മാത്രമാണെന്നും സാമ്പത്തിക നേട്ടമല്ല തൻ്റെ ലക്ഷ്യമെന്നും ഒരു നൃത്തകലാകാരൻ ആയ തനിക്ക് ഓൺലൈൻ നൃത്തോത്സവത്തിൽ അക്കാദമിക്ക് വേണ്ടി ചിലങ്കയണിയുക എന്നത് മാത്രമാണ് ആഗ്രഹമെന്നും മുൻ കാലങ്ങളിൽ താൻ അക്കാദമിയുടെ നൃത്തോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞതും അന്ന് മുഖവിലയ്ക്കെടുത്തില്ല.
പുരുഷന്മാർ മോഹിനിയാട്ടത്തിൽ പങ്കെടുക്കുന്നത് അക്കാദമിയുടെ കീഴ് വഴക്കമല്ലെന്നും അത് ലംഘിക്കാൻ പറ്റില്ലെന്നുമായിരുന്നു അടുത്ത വാദം. ചുരുക്കത്തിൽ ഡോ. ആർ.എൽ.വി.രാമകൃഷ്ണൻ എന്ന സർവ്വഥാ യോഗ്യനായ അഥവാ സർഗ്ഗധനനായ ആ കലാകാരനോട് കേരള സംഗീത നാടക അക്കാദമി അന്ന് കാട്ടിയത് മൂന്ന് തരത്തിലുള്ള അനീതിയും വിവേചനവുമായിരുന്നു. ഒന്ന് ടിയാൻ പട്ടികജാതിയിൽ പിറവി കൊണ്ടു. രണ്ടാമത് ലിംഗവിവേചനം. മൂന്ന് അവസരതുല്യതയുടെ നിഷേധം. ഇവ മൂന്നും ഇന്ത്യൻ ഭരണഘടന വ്യവസ്ഥകളെ ലംഘിക്കുന്നതും കേരളം ആർജ്ജിച്ച നവോത്ഥാനമൂല്യങ്ങളെ പിന്നോട്ടടിക്കുന്നതുമായിരുന്നു. ഏതായാലും ചെറുത്തു നില്പിനും പോരാട്ടങ്ങൾക്കുമൊടുവിൽ അന്നത്തെ വകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെടലിൽ രാമകൃഷ്ണന് നീതി ലഭ്യമാക്കി.
കല — സാംസ്കാരിക — സാഹിത്യ — സിനിമ മേഖലകളിൽ നടമാടുന്ന ജാതീയമായ വേർതിരിവുകളും സവർണ്ണ ബോധത്തിൻ്റെ തലക്കനവും അത്രരഹസ്യമല്ല. തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ താരമൂല്യമേറിയ നടനായിരുന്നിട്ടും കലാഭവൻ മണിയോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച വെളുത്തനടിമാരെ കേരളീയർ അത്ര പെട്ടന്ന് മറക്കില്ല.

നമ്മുടെ സാംസ്ക്കാരിക പൈതൃകത്തെയും ഗരിമയേയും ജീർണ്ണതയിലേക്ക് നയിക്കുന്ന ഇത്തരം ആപത്ക്കരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് ഈ നാടിൻ്റെ കടമയാണ്. ഒരു ഭാഗത്ത് സമത്വ ദർശനത്തിൻ്റെ സൈദ്ധാന്തികവാദം ഉത്ഘോഷിക്കുകയും അതേ മാത്രയിൽ സവർണ്ണതയുടെ ഉരുക്കുകോട്ട കൊത്തളങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന പൊയ്മുഖങ്ങളുടെ പകർന്നാട്ടമാണ് ആ മേഖലയിൽ കാണാൻ കഴിയുക.
ദേശീയ അന്തർദ്ദേശീയ തലത്തിൽ അനവധി അംഗീകാരങ്ങൾ വാങ്ങി കൂട്ടിയിട്ടുള്ള ഡോ. ബിജുവിനെപ്പോലെയുള്ള പ്രതിഭാശാലിയായ സിനിമാ സംവിധായകനോട് മലയാള ചലച്ചിത്രലോകം പുലർത്തുന്ന സമീപനം ജാതിയും വർഗ്ഗവും വർണ്ണവും ഉൾക്കൊള്ളാൻ ഇപ്പോഴും പാകമാകാത്ത, സാംസ്ക്കാരിക, പുരോഗമനമനസ്സാണ് കേരളത്തിൻ്റേതെന്ന് അടിവരയിട്ടു പറയുന്നു. പ്രേക്ഷക ലക്ഷങ്ങളെ ആനന്ദലഹരിയിൽ ആറാടിക്കുന്ന ഡോ. പന്തളം ബാലനെപ്പോലെ തലയെടുപ്പുള്ള ഗായകന്മാരും ഗായികമാരും ചലച്ചിത്ര മേഖലയിൽ നേരിടുന്ന ജാതീയ വിവേചനങ്ങൾ വിവരണങ്ങൾക്കതീതമാണ്. സിനിമയ്ക്ക് വേണ്ടി റിക്കാർഡ് ചെയ്ത പാട്ടുകൾ പോലും ചിത്രത്തിൽ ഉൾപ്പെടുത്താതെ അവഗണിക്കപ്പെട്ട ഗായകനാണ് പന്തളം ബാലൻ. പാടാൻ എഗ്രിമെൻ്റ് വച്ച് റിക്കാർഡിംഗ് സമയം നിശ്ചയിച്ച ശേഷം അവസരം നിഷേധിച്ചതുമായ എത്രയോ അനുഭവങ്ങൾ .….…..കോട്ടയം ആലീസും മിൻമിനി തുടങ്ങിയുള്ള ശബ്ദ സൗകുമാര്യങ്ങൾ ഇന്നെവിടെയാണ് ! 

നാടകമേഖലയിൽ ജാതീയത പൂർണ്ണമായും മുക്തമല്ലെങ്കിലും സ്ഥിതി വളരെ മെച്ചമാണ്. കലാ-സാഹിത്യ — സാംസ്ക്കാരിക ഇടങ്ങളിലെ വരേണ്യവർഗ്ഗ ആധിപത്യവും പാരമ്പര്യ കുത്തകയും വാർപ്പ് മാതൃകകളെയും ശ്ലഥം ശ്ലഥങ്ങളാക്കുകയും പുനർനിർമ്മിക്കപ്പെടുകയും വേണം. പേരിനൊപ്പം വാലില്ലെങ്കിൽ അച്ഛൻ്റെ പേരിനൊപ്പമെങ്കിലും അതുണ്ടായിരുന്നിരിക്കണമെന്നും മറ്റുമുള്ള അലിഖിത വ്യവസ്ഥയും തൊലിപ്പുറം വെളുത്തതായിരിക്കണമെന്ന നിബന്ധനയും കലയുടെയും സംഗീതത്തിൻ്റെയും സാഹിത്യത്തിൻ്റെയും സാമ്പ്രദായിക കാഴ്ചപ്പാടുകളാണെങ്കിൽ അവ അറുത്തെറിയണം. നെയ്യാറ്റിൻകര വാസുദേവന്മാർ ഇനിയുമിവിടെ ഉണ്ടാകണം.
ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ അഭിനയ സിദ്ധികൊണ്ട് വിസ്മയിപ്പിക്കുന്ന വിനായകന്മാരും കലാഭവൻ മണിമാരും അരങ്ങത്ത് പ്രശോഭിക്കുന്നത് ജാതിയുടെ ആനുകൂല്യത്താലല്ല അവർ ആർജ്ജിച്ച കലാമൂല്യങ്ങളുടെ കരുത്തിൽത്തന്നെയാണ്.

കാക്കയെപ്പോലെ കറുത്തവനെന്നും ദൈവവും പെറ്റ തള്ളയും പൊറുക്കില്ലെന്നും സൗന്ദര്യം ഇല്ലെന്നും മറ്റും അപഹസിക്കുന്ന, കലയോട് കൂറും ആത്മാർത്ഥതയും സാംസ്ക്കാരിക ബോധവുമില്ലാത്ത — ജാതിക്കുശുമ്പും അസൂയയും മാത്രം കൈമുതലായുള്ള സത്യഭാമമാർ വാഴുന്ന കേരളമല്ല നമുക്ക് വേണ്ടത്.
ഗുരു ഗോപിനാഥും തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനും കോട്ടയം ചെല്ലപ്പനുമൊക്കെ ചടുല നൃത്തങ്ങളിലൂടെ, ദ്രുതചലനങ്ങളിലൂടെ, തനത് ലാസ്യനൃത്തത്തിലൂടെ, നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാവണ്യ സമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളിലൂടെ മലയാളികളെ മോഹിപ്പിച്ചത് കാലുകൾ ഇറുക്കിപ്പിച്ചായിരുന്നില്ല.
മോഹിനിയാട്ടം പഠിപ്പിക്കുന്ന ഒട്ടെല്ലാ അദ്ധ്യാപകരും പുരുഷന്മാരാണെന്നിരിക്കെ മോഹിനിയാട്ടം അവതരണത്തിൽ സ്ത്രീ ആധിപത്യം മാത്രം മതിയെന്ന നർത്തകി സത്യഭാമയുടെ നിലപാട് കലാകാരൻ്റെ മൗലികാവകാശത്തിന്മേലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേലുമുള്ള കടന്നുകയറ്റമാണ്. കറുപ്പ് നിറം അപകർഷതയുടെതല്ല. കറുപ്പ് അഴകാർന്ന നിറമാണ്. കറുപ്പ് കരുത്തിൻ്റെ പ്രതീകമാണ്. അദ്ധ്വാനിക്കുന്നവരുടെ സിംബലാണ് കറുപ്പ്. പരമ്പരയാ പകർന്നു കിട്ടുന്ന നിറമാണ് കറുപ്പ് രാമകൃഷ്ണൻ്റെ കറുപ്പ് പൂർവ്വീക സിദ്ധിയാണ്. അത് അഭിമാനമാണ്.
സവർണ്ണ മനോഭാവത്തോടെ സത്യഭാമ നടത്തിയ പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും കാലത്തിനും യോജിക്കാത്ത നിയമവിരുദ്ധവുമായ ശകാരങ്ങളും ആക്ഷേപങ്ങളും അവഹേളനവുമാണ്. അതിനാൽ അവർക്കെതിരെ പട്ടികജാതി അതിക്രമങ്ങൾ തടയൽ നിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

രാമചന്ദ്രൻ മുല്ലശ്ശേരി
ജനറൽ സെക്രട്ടറി, സാംബവ മഹാസഭ
ജനറൽ സെക്രട്ടറി, ദലിത് ആദിവാസി മഹാസഖ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.