പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 140 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 18 എആര്‍ടി ലെവല്‍ വണ്‍ ക്ലിനിക്കുകള്‍ക്കും 78 എആര്‍ടി ലെവല്‍ ടു ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എആര്‍ടി ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങള്‍ തടയുന്നതിനും പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും പരാതികള്‍ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.
പരിശോധന നടത്തി നാല് തരത്തിലുള്ള ക്ലിനിക്കുകള്‍ക്കാണ് അംഗീകാരം നല്‍കി വരുന്നത്. സറോഗസി ക്ലിനിക്, എആര്‍ടി ലെവല്‍ വണ്‍ ക്ലിനിക്, എആര്‍ടി ലെവല്‍ ടു ക്ലിനിക്, എആര്‍ടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡും അപ്രോപ്രിയേറ്റ് അതോറിട്ടിയുമുണ്ട്. സ്റ്റേറ്റ് ബോര്‍ഡിന്റെ മേധാവി ആരോഗ്യ മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിട്ടിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമാണ്. സ്റ്റേറ്റ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിട്ടിയാണ് അംഗീകാരം നല്‍കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അപ്രോപ്രിയേറ്റ് അതോറിട്ടി നടപടി സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.