10 January 2026, Saturday

Related news

January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

കൃത്രിമ മഴ പരീക്ഷണം; പാഴാക്കിയത് 38 ലക്ഷം രൂപ, വിവരാവകാശ രേഖ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2025 8:40 pm

വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാർ നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടെന്നും ഇതിനായി ഖജനാവിൽ നിന്ന് 38 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നും വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകനായ അജയ് ബോസിന് ലഭിച്ച മറുപടിയിലാണ് പരീക്ഷണത്തിനായി ഐഐടി കാൺപൂരിന് 37.9 ലക്ഷം രൂപ കൈമാറിയ വിവരം പുറത്തുവന്നത്.
കൃത്രിമ മഴ പെയ്യിക്കാൻ രേഖ ഗുപ്ത സര്‍ക്കാര്‍ 37,93,420 രൂപ ഐഐടി കാൺപൂരിന് അനുവദിച്ചതായാണ് രേഖ. ഒക്ടോബർ 28‑നായിരുന്നു പരീക്ഷണം. വിമാനം ഉപയോഗിച്ച് ഡൽഹിയിലെ ബുരാരി, മയൂർ വിഹാർ, കരോൾ ബാഗ് എന്നിവിടങ്ങളിൽ സിൽവർ അയോഡൈഡ് മിശ്രിതം വിതറി. എന്നാൽ രണ്ട് തവണ ശ്രമിച്ചിട്ടും പ്രതീക്ഷിച്ച ഫലം കണ്ടില്ല. നഗരത്തിലെ വായു ഗുണനിലവാരം ‘വളരെ മോശം’ എന്ന വിഭാഗത്തിൽ തന്നെ തുടർന്നു.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ കുറവാണ് പദ്ധതി പരാജയപ്പെടാൻ കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. കൃത്രിമ മഴ പെയ്യിക്കാൻ മേഘങ്ങളിൽ കുറഞ്ഞത് 50 ശതമാനം ഈർപ്പം ആവശ്യമാണ്. എന്നാൽ പരീക്ഷണം നടന്ന ദിവസം ഇത് 15 ശതമാനം മാത്രമായിരുന്നു. നോയിഡ അതിർത്തിയിൽ നേരിയ തോതിൽ മഴ രേഖപ്പെടുത്തിയെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ അവകാശപ്പെട്ടെങ്കിലും മഴ മാപിനികളിലൊന്നും രേഖപ്പെടുത്തിയില്ല.
ഡൽഹിയിലെ ശൈത്യകാലം കൃത്രിമ മഴയ്ക്ക് അനുയോജ്യമല്ലെന്ന് ഐഐടി ഡൽഹി നേരത്തെ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചും മലിനീകരണം രൂക്ഷമാകുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ അന്തരീക്ഷ ഈർപ്പം കുറവായതിനാൽ ക്ലൗഡ് സീഡിങ് പ്രായോഗികമല്ലെന്നാണ് ഗവേഷകർ നൽകിയ മുന്നറിയിപ്പ്. ഈ റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ലക്ഷങ്ങൾ മുടക്കി സർക്കാർ പരീക്ഷണത്തിന് മുതിർന്നത്.
പൂർണതോതിലുള്ള കൃത്രിമ മഴ പദ്ധതി നടപ്പിലാക്കാൻ ഒരു ശൈത്യകാലത്ത് ഏകദേശം 25 കോടി രൂപ വരെ ചെലവ് വരുമെന്നാണ് ഐഐടി കാൺപൂർ ഡയറക്ടർ മനീന്ദ്ര അഗർവാൾ നൽകുന്ന സൂചന. നിലവിൽ 3.2 കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗം പരാജയപ്പെട്ട പരീക്ഷണത്തിനായി ചെലവഴിച്ചു കഴിഞ്ഞു. ചൈനയിലും യുഎഇയിലും ഇത്തരം പദ്ധതികൾ വിജയിച്ചിട്ടുണ്ടെന്നും വിവരശേഖരണത്തിനായാണ് പരീക്ഷണം നടത്തിയതെന്നുമാണ് ഐഐടി കാൺപൂരിന്റെ വിശദീകരണം. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് നടത്തിയ നീക്കം പൊതുപണം ധൂർത്തടിക്കലാണെന്ന വിമർശനം ശക്തമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.