18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 10, 2024
October 31, 2024
October 28, 2024
October 21, 2024
September 21, 2024
September 15, 2024

ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

webdesk
മലപ്പുറം
July 7, 2023 7:55 am

പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ചിത്രകല പഠിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി 1960‑ല്‍ മാതൃഭൂമിയില്‍ രേഖാ ചിത്രകാരനായതോടെ പ്രശസ്തിയാര്‍ജിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിനു രേഖാചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്.‘നമ്പൂതിരിച്ചിത്രംപോലെ സുന്ദരം’ എന്ന ശൈലി തന്നെ മലയാളത്തില്‍ ഉണ്ടായിരുന്നു.

വരയിലും പെയിന്റിങ്ങിലും ശില്‍പവിദ്യയിലും തിളങ്ങിയ അദ്ദേഹം, കലാസംവിധാന രംഗത്തും ശ്രദ്ധേയനായിരുന്നു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. തകഴി, എംടി. ബഷീര്‍, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. വരയുടെ പരമശിവന്‍ എന്നാണ് വികെഎന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത്. എംടിയുടെ രചനകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയ വരകളാണ്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്. രാജാ രവിവര്‍മ്മാ പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓർമ്മിക്കുന്നതും ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണ്.

രേഖാചിത്രകാരനായും പെയിന്ററായും ശിൽപിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരംവക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Eng­lish Sam­mury: artist nam­boothiri passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.