18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 4, 2024
September 20, 2024
September 15, 2024
September 13, 2024
September 5, 2024
July 29, 2024
July 12, 2024
June 26, 2024
June 25, 2024

കെജ്‌രിവാളിന്റെ അറസ്റ്റും തെരഞ്ഞെടുപ്പ് ഫലവും

സുശീൽ കുട്ടി
March 26, 2024 4:45 am

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച പിൻവലിച്ചു. കോടതി ഹർജി കേൾക്കാൻ തയ്യാറായപ്പോഴാണ് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി തീരുമാനം പ്രഖ്യാപിച്ചത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വിഷയം കോടതി തീർപ്പാക്കുന്നതുവരെ കെജ്‌രിവാളിനെ റിമാൻഡിനായി ഹാജരാക്കരുതെന്ന് ഇഡിയോട് നിര്‍ദേശിച്ചിരുന്നുവെന്നും മേത്ത പറഞ്ഞു. റിമാന്‍ഡ് ഹര്‍ജിയുമായി കൂടിക്കുഴയാതിരിക്കാനാണ് ഹർജി പിൻവലിക്കുന്നതെന്ന് സിംഘ്‌വി നേരത്തെ പറഞ്ഞിരുന്നു. നാടകീയതകളില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ അറസ്റ്റ് ആം ആദ്മിയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു ഘട്ടത്തിൽ എത്തില്ലായിരുന്നു. ആരാണ് പകരം മുഖ്യമന്ത്രി എന്നതായിരുന്നു കെജ്‌രിവാളിന്റെ ആശങ്ക. തികച്ചും നിയമപരമായ കാര്യമാണ് അറസ്റ്റെന്ന് ബിജെപി പറയുന്നു. അതേസമയം ലോക്‌സഭാ സീറ്റുകളിൽ തങ്ങളുടെ വെല്ലുവിളി തടയാനുള്ള രാഷ്ട്രീയ കുതന്ത്രമാണ് ബിജെപിയുടേത് എന്ന് എഎപി പറയുന്നു. 2014ലും 19ലും നേടിയ ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകൾ നിലനിർത്താനാകുമോ എന്ന കാര്യത്തിൽ ബിജെപിക്ക് ഉറപ്പില്ല എന്നത് എടുത്തുപറയേണ്ടതാണ്. കെജ്‌രിവാളിന്റെ അറസ്റ്റ്, പ്രതീക്ഷിക്കുന്ന സ്വര്‍ണ നേട്ടത്തിനു പകരം നരേന്ദ്ര മോഡിക്ക് മുക്കുപണ്ടം നൽകുമോ? ഡൽഹിയിലെ വോട്ടർമാർ കെജ്‌രിവാളിനോ­­ടുള്ള അവരുടെ സഹതാപം വോട്ടിലൂടെ പ്രകടിപ്പിച്ചേക്കാം.

പ്രതിസന്ധി ഘട്ടമെന്ന ഇരുണ്ട മേഘത്തില്‍ പ്രതീക്ഷയുടെ വെള്ളിരേഖയിലേക്കാണ് എഎപി നീങ്ങുന്നത്. സാഹചര്യത്തിന്റെ സമ്മർദത്തിൽ എഎപി തകരുമോ എന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്ക് നേതൃത്വ ശൂന്യതയുണ്ട്. കെജ്‌രിവാൾ, പാർട്ടിയുടെ തലപ്പത്ത് തനിക്ക് പകരം തുല്യമായ ഒരാളെ അവരോധിച്ചിട്ടില്ല. യോഗേന്ദ്ര യാദവ്, കിരൺ ബേദി, പ്രശാന്ത് ഭൂഷൺ, കുമാർ വിശ്വാസ് എന്നിവരില്‍ നിന്ന് പകരക്കാരനെ കണ്ടെത്തിയില്ലെങ്കിൽ ആംആദ്മി പാർട്ടിക്ക് തിരിച്ചടിയാകും. വിശ്വസ്തരായവരെ അല്ലെങ്കിൽ ഭാര്യയെ അധികാരമേല്പിക്കണം. എഎപി മന്ത്രി അതിഷി മർലിനയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും ചേര്‍ന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണം. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ഇതിലും സന്ദിഗ്ധമായ സമയം കേന്ദ്രത്തിന് കണ്ടെത്താനാകുമായിരുന്നില്ല. ഇഡിയുമായി കെജ്‌രിവാൾ കളിച്ച ‘സമൻസ് ഗെയി‘മിന്റെ അനന്തരഫലവുമായിരുന്നു അറസ്റ്റ്. ഡൽഹിയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ തകര്‍ച്ചയെക്കുറിച്ച് ബിജെപി പറയുന്നുണ്ടെങ്കിലും നരേന്ദ്ര മോഡിയുടെ ഭൂതമാണ് എഎപിയെ വേട്ടയാടുന്നതെന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ വോട്ടർമാർ ഇപ്പോൾ ഒരുതരത്തില്‍ ഉണര്‍വിലാണ്. കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം, ആര്‍ക്കാണ് വോട്ട് എന്ന് തീരുമാനമില്ലാതിരുന്ന വലിയ വിഭാഗം സമ്മതിദായകരും തീരുമാനമെടുത്തിരി‌ക്കുന്നു എന്നതാണ് ചിത്രം. പുതുക്കിയ ഡൽഹി മദ്യനയമാണ് പ്രശ്നങ്ങളുടെയെല്ലാം കാരണമെന്നതും വാസ്തവമാണ്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ആരെയാണ് ജനം പുറത്താക്കുകയെന്ന് സങ്കല്പിക്കാൻ പ്രയാസമാണ്.


ഇതുകൂടി വായിക്കൂ:കെജ്‌രിവാളിന്റെ അറസ്റ്റും മോഡി സര്‍ക്കാരിന്റെ ഹീനതന്ത്രങ്ങളും


കടലാസിലെ കണ‌ക്കില്‍ മോഡിക്കാണ് മുൻതൂക്കം. പക്ഷേ, ജൂൺ നാലിന് ബിജെപിക്ക് ഡൽഹിയിൽ 7/7 എന്ന പഴയനിലയില്‍ എത്താനാകില്ല. പ്രത്യേകിച്ച് ആംആദ്മിയോടൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുമ്പോൾ. ഇത്തവണ ബിജെപിയെ സംബന്ധിച്ചിടത്തോളം പഴയ ഫലം ആവര്‍ത്തിക്കില്ല. കോൺഗ്രസ്-എഎപി സഖ്യം തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കും. കോൺഗ്രസിനോടൊപ്പമാണ് മുസ്ലിം വോട്ടുകളില്‍ ഭൂരിപക്ഷം. അവര്‍ എഎപിക്കും വോട്ടുചെയ്യാൻ സാധ്യതയുണ്ട്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ, മുസ്ലിം വോട്ടർമാർ കോൺഗ്രസിനൊപ്പമാണെന്ന് ഉറപ്പായിട്ടുണ്ട്. സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലുമുള്ള മുന്നേറ്റം ആംആദ്മി പാർട്ടിയുടെ വോട്ടുബാങ്കുകളായും പ്രതിഫലിക്കും. പ്രതിപക്ഷത്തിന്റെ നില ഉയരുന്നത് തടയാന്‍ ബിജെപി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുമുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം, മത്സരം ആംആദ്മിക്ക് അനുയോജ്യമാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും കെജ്‌രിവാളിന്റെ അഭാവം തെരഞ്ഞെടുപ്പില്‍ അനുഭവപ്പെടും. കാരണം ഒരു പാർട്ടിക്കും അതിന്റെ നേട്ടങ്ങള്‍ കൊണ്ടു മാത്രം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല. മാത്രമല്ല, മാറിയ സാഹചര്യം മുതലെടുക്കാൻ മോഡിയുടെ പാര്‍ട്ടി ശക്തമായ നീക്കം നടത്തുകയും ചെയ്യും. എന്തുചെയ്യണമെന്നും എങ്ങനെ പ്രതിരോധിക്കുമെന്നും വിജയിക്കാന്‍ വേണ്ടതെന്തെന്നും ആംആദ്മി ‌കണ്ടെത്തുന്നില്ലെങ്കിൽ, അധികാരം കൊണ്ട് കൂടുതൽ ശക്തരായ ബിജെപി മുന്നേറ്റം നിലനിര്‍ത്തും. കെജ്‌രിവാളിന്റെ ചില കണക്കുകൂട്ടലുകള്‍ തെറ്റിയതു മൂലമാണ് ഇപ്പോൾ, അഴിമതിയുടെ ഇരുള്‍മൂലയിലേക്ക് തള്ളപ്പെട്ടത്. ഇത് രാഷ്ട്രീയ നീക്കങ്ങളിലെ അനൗചിത്യത്തിന്റെ ലക്ഷണമാണ്. കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുകയും തിഹാറിൽ നിന്ന് ഡൽഹി ഭരിക്കുകയും ചെയ്യുമെന്നത് ഒരു മണ്ടൻ നിർദേശമാണ്. എഎപി സർക്കാരിനെ ഒഴിവാക്കാനുള്ള മോഡിയുടെ അവസരം കൂടും.

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തി എഎപി ഡൽഹി ഭരണം തുടരണം. തിഹാറിൽ നിന്ന് ഭരിക്കുന്നത് കേന്ദ്ര ഇടപെടലിന്റെ അപകടസാധ്യതകൾ നിറഞ്ഞതാണ്. എഎപിക്ക് വിശാലമായ നേതൃത്വ അടിത്തറ കെട്ടിപ്പടുക്കാനുള്ള അവസരം കൂടിയാണിത്. തൽക്കാലം എതിര്‍പ്പില്ലാത്ത ഒരു നേതാവുണ്ടാകണം. ഡൽഹി സ്വപ്‌നം സാക്ഷാത്ക്കരിച്ചുവെന്ന ആശ്വാസത്തിലാണ് ബിജെപി. സർക്കാരിനെ അഴിമതിക്കേസിൽ പ്രതിയാക്കാനുള്ള അവരുടെ തന്ത്രം ഫലിച്ചു. എക്സൈസ് നയത്തിലും ഡൽഹി ജൽ ബോർഡ് അഴിമതിയിലും സ്വീകരിച്ച നടപടികൾ കൃത്യമായി ആസൂത്രണം ചെയ്തതാണ്. ജല്‍ ബോര്‍ഡ്, മദ്യനയ അഴിമതികളുടെ പേരില്‍ കെജ്‌രിവാൾ എപ്പോഴും മോഡി സർക്കാരിന് ‘താല്പര്യമുള്ള വ്യക്തി’ ആയിരുന്നു. ജല്‍ ബോര്‍ഡ് അഴിമതിക്കേസിലും ഡൽഹി മുഖ്യമന്ത്രിക്ക് സമൻസ് അയച്ചിട്ടുണ്ട്. കെജ്‌രിവാളിനെ അഴിമതിയുടെ മുഖമായി ചിത്രീകരിക്കാനാണ് ബിജെപിയുടെ പദ്ധതി, കെജ്‌രിവാളിന്റെ അറസ്റ്റോടെ അവര്‍ പാതി വിജയിച്ചിരിക്കുന്നു. അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റ് തികച്ചും നിയമപരമായ കാര്യമാണെന്ന് വിശേഷിപ്പിച്ച് ബിജെപി പ്രചാരണം തുടങ്ങി. മറുവശത്ത്, ഇത് തികച്ചും രാഷ്ട്രീയമാണെന്ന് വിശേഷിപ്പിക്കുകയാണ് എഎപി. കേന്ദ്ര ഏജന്‍സികള്‍ ഡൽഹിയുടെ ഭരണം അപകടത്തിലാക്കിയതിനാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് എഎപിയും സഖ്യകക്ഷിയായ കോൺഗ്രസും ശുഭാപ്തി വിശ്വാസത്തിലാണ്. ‘ഭരണഘടനയുടെ സംരക്ഷണത്തിനായി ആംആദ്മി ബിജെപിക്കെതിരെ പോരാട്ടത്തിലാണ്. സുപ്രീം കോടതി ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു‘വെന്ന് ഡല്‍ഹി മന്ത്രി അതിഷി മർലിന പറഞ്ഞു. മർലിനയുടെ മുമ്പിലും സാധ്യതകളും ഉത്തരവാദിത്തവും ധാരാളമുണ്ട്. മുന്നിൽ നിന്ന് നയിക്കാനുള്ള സമയമാണിത്. (അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.