18 January 2026, Sunday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായി

റെജി കുര്യൻ
ന്യൂഡല്‍ഹി
May 10, 2024 7:38 pm

മദ്യനയ അഴിമതി കേസിൽ ജയിലില്‍ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇന്ന് വൈകിട്ടോടെ ജയിൽ മോചിതനായ കെജ്‌രിവാളിന് എഎപി എംഎൽഎമാരും കൗൺസിലർമാരും പ്രവർത്തകരും വൻ വരവേല്പാണ് നൽകിയത്. തിഹാറിലെ രണ്ടാം നമ്പർ ജയിലിൽ നിന്നും നാലാം നമ്പർ ഗേറ്റിലൂടെയാണ് കെജ്‌രിവാൾ പുറത്തിറങ്ങിയത്. അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം മുഴക്കിയ എഎപി പ്രവർത്തകരും നേതാക്കളും ചെണ്ടമേളത്തോടെയും മധുര വിതരണം നടത്തിയുമാണ് വരവേറ്റത്.
ഇടക്കാല ജാമ്യത്തിനെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) കേന്ദ്ര സർക്കാരും മുന്നോട്ടുവച്ച സകല വാദങ്ങളും തള്ളിയാണ് കോടതിയുടെ ഉത്തരവ് എന്നത് ശ്രദ്ധേയം. കെജ്‌രിവാളിന് രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ജാമ്യത്തിന് പരിഗണന നൽകുന്നത് സാധാരണ പൗരന്മാരിൽ തെറ്റിധാരണയ്ക്ക് കാരണമാകുമെന്ന ഇഡി വാദം കോടതി തള്ളി. ഡൽഹി മുഖ്യമന്ത്രിയും ദേശീയ പാർട്ടി നേതാവുമായ കെജ്‌രിവാൾ മുമ്പ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ചരിത്രമില്ല. ജാമ്യത്തിലിറങ്ങുന്ന കെജ്‌രിവാൾ സമൂഹത്തിന് ഒരു ഭീഷണിയും സൃഷ്ടിക്കില്ല. കേസിൽ ആരോപിതനെന്നതിനപ്പുറം കുറ്റവാളിയല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ അന്വേഷണം ഒന്നര വർഷം മുമ്പാണ് ആരംഭിച്ചത്. 2022 ഓഗസ്റ്റ് മുതൽ അന്വേഷണം നടക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൂറെക്കൂടി സമഗ്രമായ സ്വതന്ത്ര വിലയിരുത്തലാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നത് രാഷ്ട്രീയക്കാർക്ക് പ്രത്യേക പരിഗണന കോടതി നൽകുന്നതായി പരിഗണിക്കേണ്ടതില്ലെന്ന് ബെഞ്ച് ഉത്തരവിൽ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേ കെജ്‌രിവാളിനെ അറസ്റ്റു ചെയ്ത ഇഡി നടപടിയാണ് ജാമ്യം അനുവദിക്കാൻ കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒന്നുകിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പോ അല്ലെങ്കിൽ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമോ അറസ്റ്റ് ചെയ്യാമെന്നിരിക്കെ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ കെജ്‌രിവാളിനെ അഴിക്കുള്ളിലാക്കിയ ഇഡി നടപടിയാണ് ജാമ്യത്തിലേക്ക് നയിച്ചത്. ഇടക്കാല ജാമ്യകാലാവധി ജൂൺ ഒന്നു വരെയാണ്. ജാമ്യ ഉപാധികളും വ്യവസ്ഥകളും സുപ്രീം കോടതി ഉത്തരവിലുണ്ട്. 50,000 രൂപയുടെ ജാമ്യവും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യവും വേണം. മുഖ്യമന്ത്രിയുടെ ഓഫിസിൽ പോകാനോ സെക്രട്ടേറിയറ്റിൽ പ്രവേശിക്കാനോ അനുമതിയില്ല. ലഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ ഫയലുകളിൽ ഒപ്പിടരുത്. കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തരുത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളുമായോ ഫയലുകളുമായോ ബന്ധപ്പെടരുത്. ജൂൺ രണ്ടിന് വീണ്ടും കീഴടങ്ങണം എന്നീ നിബന്ധനകളാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്നത്.
ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നാണ് ജയില്‍ മോചിതനായ കെജ്‌രിവാള്‍ തന്നെ സ്വീകരിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. എഎപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിക്കുന്ന റോഡ് ഷോയാണ് ഇന്ന് നടന്നത്. ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാകും വരുംദിനങ്ങളിൽ ഉണ്ടാകുകയെന്നതിന് സ്വീകരണം സൂചനയായി.

സിപിഐ സ്വാഗതം ചെയ്തു

എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ‌്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി തീരുമാനത്തെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു.
ഇഡിയുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പാർട്ടിക്കുമെതിരെ നടപടിയെടുക്കാൻ ഇഡി രണ്ട് വർഷമെടുത്തെന്ന സുപ്രീം കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സമയം സംശയത്തിന് അതീതമല്ലെന്നും രാഷ്ട്രീയ പ്രേരിതമാകാമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ബിജെപിയെ എതിർക്കുന്നതിന്റെ പേരിൽ ജയിലിൽ കഴിയുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സൊരേനും മറ്റ് നേതാക്കൾക്കും ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിൽ രാജ്യത്തെ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ജൂൺ നാലിന് ജനങ്ങൾ ബിജെപിയുടെ യഥാർത്ഥ വഴി കാട്ടികൊടുക്കുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Summary:Arvind Kejri­w­al released from jail
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.